അടിപൊളി ടേസ്റ്റിൽ മുട്ടക്കറി തയ്യാറാക്കാം, പിന്നെ എന്നും ഇതുപോലെ തന്നെയേ ഉണ്ടാക്കൂ

മുട്ടക്കറി നമ്മൾ പല രീതിയിൽ തയ്യാറാക്കി എടുക്കാറുണ്ട്. മുട്ട പുഴുങ്ങി എടുത്തും, മുട്ട പൊരിച്ചു ചേർത്തും, തേങ്ങ വറുത്തു അരച്ചും, തേങ്ങ ചേർക്കത്തെയും, തേങ്ങാപാൽ ചേർത്തും പല രീതിയിൽ നമ്മൾ കറി തയ്യാറാക്കാറുണ്ട്. ഇന്ന് നമ്മൾ പുഴുങ്ങിയ മുട്ട റോസ്റ്റ് ചെയ്തിട്ടാണ് കറി തയ്യാറാക്കി എടുക്കുന്നത്. അപ്പോൾ വളരെ സ്വാദോട് കൂടി എങ്ങിനെ ആണ് ഈ കറി തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം ഒരു തക്കാളി അരിഞ്ഞത്, നാലു വെളുത്തുള്ളി, അഞ്ചു അണ്ടിപ്പരിപ്പ്, ഒന്നര സ്പൂൺ കാശ്മീരി മുളക്പൊടി, അര സ്പൂൺ മഞ്ഞൾപൊടി, ഒന്നര സ്പൂൺ മല്ലിപൊടി, അര സ്പൂൺ ഗരം മസാല, ഒരു സ്പൂൺ മല്ലിയില അരിഞ്ഞത് എന്നിവ ചേർത്ത് നന്നായി അരച്ച് എടുക്കുക.

ഇനി അഞ്ചു മുട്ട പുഴുങ്ങി എടുക്കുക. തോൽ പൊളിച്ചു കളഞ്ഞ ശേഷം അതിലേക്ക് കാൽ സ്പൂൺ മഞ്ഞൾപൊടിയും, അര സ്പൂൺ കുരുമുളക്പൊടിയും, പാകത്തിന് ഉപ്പും ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് അൽപ്പം ഓയിൽ ചേർക്കുക. ഇനി മുട്ട ചേർത്ത് നന്നായി വറുത്തു എടുക്കുക. ചെറിയ തീയിൽ വറുത്തു എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

ഇനി അതെ പാനിലേക്ക് രണ്ടു സ്പൂൺ ഓയിൽ ചേർക്കുക. അതിലേക്ക് ഒരു സ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക. ഇനി ഒരു സവാള നീളത്തിൽ അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റുക. ഇനി രണ്ടു പച്ചമുളക് നീളത്തിൽ അരിഞ്ഞത് ചേർത്ത് വഴറ്റുക. ഇനി നമ്മൾ അരച്ച് വച്ചിരിക്കുന്ന അരപ്പ് കൂടി ചേർത്ത് നന്നായി വഴറ്റുക. എണ്ണ തെളിഞ്ഞു വന്നാൽ അതിലേക്ക് പാകത്തിന് വെള്ളവും, ഉപ്പും ചേർത്ത് തിളപ്പിക്കുക.

നന്നായി തിളച്ചു കറി കുറുകി വന്നാൽ അതിലേക്ക് മുട്ട ചേർത്ത് രണ്ടു മിനിറ്റ് തിളപ്പിക്കുക. അൽപ്പം മല്ലിയില കൂടി ചേർത്ത് വാങ്ങി വക്കണം. ഇപ്പോൾ നമ്മുടെ അടിപൊളി “മുട്ടക്കറി” തയ്യാർ… !!

Similar Posts