അതുല്യ കലാകാരൻ നെടുമുടി വേണു അന്തരിച്ചു

മലയാളത്തിന്റെ അഭിനയ പ്രതിഭ നെടുമുടി വേണു (73) അന്തരിച്ചു. ഇന്ത്യൻ സിനിമയിലെ തന്നെ അതുല്യ കലാകാരന്മാരിൽ ഒരാളായിരുന്നു ഇദ്ദേഹം. നിരവധി മലയാള ചിത്രങ്ങളിലും അന്യഭാഷ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. നായകനും വില്ലനും സ്വഭാവ നടനുമായി തിരശീലയിൽ നിറഞ്ഞാടിയ ഇദ്ദേഹം കോമഡി റോളുകളും മനോഹരമാക്കിയിരുന്നു.

ആലപ്പുഴ ജില്ലയിലെ നെടുമുടിയിൽ അധ്യാപകരായിരുന്ന പി.കെ.കേശവൻപിള്ളയുടെയും കുഞ്ഞിക്കുട്ടിയമ്മയുടെയും മകനായി 1948 മേയ് 22 നാണ് കെ. വേണുഗോപാൽ എന്നു വേണു ജനിച്ചത്.  ദേശീയ ചലച്ചിത്ര പുരസ്കാരം മൂന്നു വട്ടവും സംസ്ഥാന ചലച്ചിത്ര പുരസ്കാരം ആറുവട്ടവും ലഭിച്ചു. ഏതാനും ചിത്രങ്ങളുടെ രചനയും നിർവഹിച്ചിട്ടുണ്ട്. ഭാര്യ: ടി.ആർ. സുശീല. മക്കൾ: ഉണ്ണി ഗോപാൽ, കണ്ണൻ ഗോപാൽ.

അരവിന്ദൻ, പത്മരാജൻ, ഭരതൻ, ജോൺ ഏബ്രഹാം തുടങ്ങിയവരുമായി സൗഹൃദത്തിലായ വേണു 1978 ൽ അരവിന്ദന്റെ ‘തമ്പി’ലൂടെയാണ് ചലച്ചിത്രജീവിതം തുടങ്ങിയത്. പിന്നാലെ വന്ന ഭരതന്റെ ആരവവും തകരയും വേണുവിനെ അഭിനേതാവ് എന്ന നിലയിൽ പ്രശസ്തനാക്കി.

Similar Posts