അപാര രുചിയിൽ ആരെയും കൊതിപ്പിക്കുന്ന കിടിലൻ മധുര പലഹാരം

വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്ന ഒരു മധുരത്തെ പറ്റിയാണ് ഇവിടെ പറയുന്നത്. ഇതിലെ പ്രധാന ചേരുവ അരിപ്പൊടി ആണ്. ശർക്കര ചേർക്കുന്നതിനാൽ ഈ മധുരം എല്ലാവർക്കും കഴിക്കാൻ പറ്റും.

ഇനി ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു പാത്രം എടുത്ത് അടുപ്പിൽ വെച്ച് അതിൽ മുക്കാൽ കപ്പ് ശർക്കര ഇടുക. ഇതിൽ അരക്കപ്പ് വെള്ളമൊഴിച്ച് ശർക്കര ഉരുക്കുക. നിങ്ങൾക്ക് മധുരം കുറവാണ് വേണ്ടതെങ്കിൽ അരക്കപ്പ് ശർക്കര എടുത്താൽ മതി. ഇനി തീ ഓഫ് ചെയ്ത് ഒരു അരിപ്പ ഉപയോഗിച്ച് അരിച്ച് ഒരു പാത്രത്തിലേക്ക് മാറ്റിവെക്കുക.

ഒരു പാൻ എടുത്ത് അതിൽ അരക്കപ്പ് വെള്ളമൊഴിക്കുക. അതിൽ 1 ടീസ്പൂൺ നെയ്യും നേരത്തെ തയ്യാറാക്കി വെച്ച ശർക്കരപാനിയിൽ നിന്നും രണ്ട് ടേബിൾസ്പൂൺ ശർക്കര പാനി ഒഴിക്കുക. വെള്ളം തിളച്ചു വരുമ്പോൾ തീ കുറച്ച് അരക്കപ്പ് അരിപ്പൊടി ചേർത്ത് ഇളക്കി കൊടുക്കുക. അരിപ്പൊടി ഇടുമ്പോൾ തന്നെ വേഗം ഇളക്കി യോജിപ്പിക്കണം. അപ്പോൾ മാവ് കട്ട ആവാതെ മിനുസമായി കിട്ടും. പാനിൽ നിന്ന് വിട്ടു വരുമ്പോൾ ഒരു ചട്ടുകം ഉപയോഗിച്ചു അമർത്തി കൊടുക്കണം. അത് അഞ്ചുമിനിറ്റ് റെസ്റ്റ് ചെയ്യാൻ വെയ്ക്കണം. നിങ്ങൾക്ക് വേണമെങ്കിൽ കുറച്ച് നെയ്യ് പുരട്ടി ഒന്നുകൂടി കുഴച്ച് എടുക്കാം. അപ്പോൾ നല്ലവണ്ണം സോഫ്റ്റ് ആയി കിട്ടും. നമ്മുടെ രണ്ട് കൈയിലും നെയ്യ് പുരട്ടി ഓരോ ചെറിയ ഉരുളയാക്കി വെക്കുക. വേറൊരു ചെറിയ പാത്രം എടുത്ത് കുറച്ചു മാവ് അതിലിടുക. എന്നിട്ട് അതിൽ കാൽ കപ്പ് വെള്ളം ഒഴിച് യോജിപ്പിക്കുക. വിസ്കുണ്ടെങ്കിൽ അതിനെ കൊണ്ട് കട്ടകളൊന്നുമില്ലാതെ നല്ലവണ്ണം കലക്കി എടുത്താൽ മതി.

ഇനി വേറൊരു പാൻ എടുത്ത് അതിൽ രണ്ട് കപ്പ് പാൽ ഒഴിക്കുക. അരക്കപ്പ് വെള്ളമൊഴിച്ച് നന്നായി ഇളക്കുക. പാൽ തിളക്കുമ്പോൾ കുറഞ്ഞ തീയിലേക്ക് മാറ്റുക. ഇനി അതിലേക്ക് നമ്മൾ ഉണ്ടാക്കി വെച്ച ഉരുളകൾ ഇടുക. അപ്പോൾ തന്നെ പാത്രം മൂടിവെച്ച് അടയ്ക്കുക. എന്നിട്ട് മിനിമം തീയിൽ വെച്ച് പിന്നെ കുറഞ്ഞ തീയിലേക്ക് മാറ്റുക. 5 മിനിറ്റ് കഴിഞ്ഞാൽ ഉരുളകളൊന്നും ഉടഞ്ഞു പോവാതെ ചെറുതായി ഇളക്കുക. എന്നിട്ട് 10 മിനിറ്റ് വീണ്ടും മൂടി വെച്ച് അടയ്ക്കുക. അത് കഴിഞ്ഞാൽ നമ്മൾ നേരത്തെ കലക്കി വെച്ച അരിപ്പൊടിയുടെ കൂട്ട് ഇതിൽ ഒഴിച്ച് ഇളക്കുക. ഇനി മിനിമം തീയിൽ തിളപ്പിക്കണം. നല്ല മണത്തിന് വേണ്ടി അര ടീസ്പൂൺ ഏലക്കായപ്പൊടി ചേർക്കാം. എന്നിട്ട് പാൽ നന്നായി കുറുകി വരണം.

ഒരു പാൻ എടുത്ത് അതിൽ ഒരു ടേബിൾ സ്പൂൺ പശു നെയ് ഒഴിച്ച് ചൂടാകുമ്പോൾ നിങ്ങളുടെ ആവശ്യാനുസരണം തേങ്ങാ കൊത്ത് ഇടുക. എന്നിട്ട് അതിന്റെ കളർ മാറുന്നതുവരെ ഇളക്കുക. ഇനി ഒരു ടേബിൾ സ്പൂൺ അണ്ടിപരിപ്പും ഉണക്കമുന്തിരിയും വറക്കുക. ഇതെല്ലാംകൂടി പാലിന്റെ മിക്സിലേക്ക് ഒഴിക്കുക. ശേഷം ശർക്കരപാനിയും കൂടി ഒഴിക്കണം. ഇനി എല്ലാം കൂടി യോജിപ്പിക്കുക. അരിപ്പൊടി ഉപയോഗിച്ചുള്ള കിടിലൻ മധുരം ഇവിടെ റെഡിയായി.