അപാര രുചിയിൽ ആവിയിൽ വേവിച്ചെടുക്കാവുന്ന ഒരു കിടിലൻ പലഹാരം

പല ആരോഗ്യ ഗുണങ്ങളുമുള്ള ഒന്നാണ് റവ. നമ്മുടെ ശരീരത്തിന് ഏറെ ഗുണകരമായ വസ്തു കൂടിയാണിത്. പ്രമേഹരോഗികൾക്ക് കഴിയ്ക്കാവുന്ന നല്ലൊരു ഭക്ഷണമാണ് റവ. അതുപോലെതന്നെ മധുരത്തിന്റെ കാര്യത്തിൽ പഞ്ചസാരയേക്കാളും എന്തുകൊണ്ടും ആരോഗ്യകരവുമായ ഒന്നാണ് ശർക്കര. റവയും ശർക്കരയും കൊണ്ട് ഉണ്ടാക്കുന്ന ഒരു പലഹാരത്തെപ്പറ്റിയാണ് ഇവിടെ പറയുന്നത്.

വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഒരു പലഹാരമാണിത്. ആവിയിൽ വേവിച്ചുണ്ടാക്കുന്നതിനാൽ എല്ലാവർക്കും കഴിക്കാൻ പറ്റും എന്നതാണ് ഇതിന്റെ സവിശേഷത. പ്രധാനമായും നാല് ചേരുവ മാത്രമേ ഇത് ഉണ്ടാക്കാൻ ആവശ്യമായുള്ളൂ. തികച്ചും വെറൈറ്റി ആയിട്ടുള്ള ഒരു സ്നേക് സാണ് ഇത്. ഈ പലഹാരം പ്രഭാതഭക്ഷണമായോ നാലുമണി പലഹാരം ആയോ അത്താഴത്തിനായോ കഴിക്കാം എന്നുള്ളതാണ് മറ്റൊരു സവിശേഷത. ആദ്യം ഒരു പാനിലേക്ക് ഒരു ടേബിൾസ്പൂൺ പശുനെയ്യ് ഒഴിക്കുക. നെയ് ഉരുകിയാൽ അതിലേക്ക് 250ml വരുന്ന ഒരു കപ്പ് റവ ചേർക്കുക. കുറഞ്ഞ തീയിലേക്ക് മാറ്റി ഒരു തവികൊണ്ട് നന്നായി ഇളക്കി വറുത്തെടുക്കുക. നിങ്ങൾക്ക് അളവ് കുറയ്ക്കണമെങ്കിൽ അങ്ങനെയും ചെയ്യാം.

ഇനി രണ്ടാമത്തെ പ്രധാന ചേരുവയായ ശർക്കരപ്പാനി തയ്യാറാക്കാൻ ഒന്നര കപ്പ് ശർക്കര പൊടിച്ച് വെക്കുക. അതിനായി ഗ്യാസ് ഓൺ ആക്കി ഒരു പാത്രമെടുത്ത് അതിൽ രണ്ട് കപ്പ് വെള്ളം ഒഴിക്കുക. അതിലേക്ക് പൊടിച്ച ശർക്കര ചേർക്കുക. ശർക്കര നന്നായി ഉരുകി വരണം. അത് ചൂടോടെ തന്നെ വറുത്ത റവയിലേക്ക് അരിച്ച് ഒഴിക്കുക. ഇനി രണ്ടും കൂടി നന്നായി ഇളക്കിക്കൊടുക്കുക. അത് നല്ലവണ്ണം കുറുകി വരണം. പാത്രത്തിൽ നിന്നും വിട്ടുവരുന്ന വിധത്തിൽ കട്ടി ആകണം. ഇതിലേക്ക് അര ടീസ്പൂൺ ഏലയ്ക്കാ പൊടിയും 1ടേബിൾ സ്പൂൺ പശുവിൻ നെയ്യും ചേർക്കാം. അതും നല്ലവണ്ണം മിക്സ് ആക്കുക. നല്ലവണ്ണം മിക്സ് ആയാൽ ചൂടാറാൻ വേണ്ടി ഒരു പാത്രത്തിലേക്കു മാറ്റാം.

ഇനി വേറൊരു ബൗളെടുത്ത് അതിൽ ഒരു കപ്പ് അരിപൊടി ഇടുക. ആവശ്യത്തിന് ഉപ്പും നിറം കിട്ടാൻ അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും ചേർക്കാം. ഇത് ഓപ്ഷണൽ ആണ്. ചിലർക്ക് പലഹാരം വെള്ള നിറത്തിൽ തയ്യാറാക്കുന്നത് തന്നെയായിരിക്കും താൽപര്യം. ഇനി ഒരു ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ച് നല്ലവണ്ണം യോജിപ്പിക്കുക. ഒരു കപ്പ് തിളപ്പിച്ച വെള്ളം ഒഴിച്ച് ഒരു തവികൊണ്ട് ഇളക്കുക. ഇതിൻറെ ചൂട് മാറിയതിനു ശേഷം കൈകൊണ്ട് നന്നായി കുഴച്ചെടുക്കുക.

ഇനി നമ്മൾ നേരത്തേ തയ്യാറാക്കി വെച്ച റവയുടെയും ശർക്കരയുടെയും മിശ്രിതത്തിൽനിന്ന് കുറേശ്ശെ എടുത്ത് കയ്യിൽ നെയ് പുരട്ടി ഓരോ ഉരുള ആക്കി വെക്കുക. അതുപോലെ തന്നെ നേരത്തെ കുഴച്ചുവെച്ച മാവിൽനിന്നും കുറച്ചെടുത്ത് കയ്യിൽ നെയ്യ് പുരട്ടി കുറച്ച് കൂടി വലിയ ഉരുളകളാക്കി വെക്കുക.അത് നമ്മുടെ കയ്യിൽ വച്ച് അമർത്തി അതിലേക്ക് റവയുടെ ഉരുള വെച്ച് മാവ് കൊണ്ട് മൂടി വലിയ ഉരുള ആക്കുക. ഇനി കുറച്ച് വാഴയിലകൾ വാർന്നെടുക്കുക. വാഴയില എടുത്ത് ഒന്നു ചൂടാക്കി നേരെ പകുതി മടക്കുക. എന്നിട്ട് അതിന്റെ രണ്ടുവശവും കത്രിക കൊണ്ട് ചരിച്ചു മുറിക്കുക. ഇനി മുറിച്ച ഭാഗം മടക്കി ഒരു കുഴി പോലെ ആക്കുക.അതിൽ നടുക്ക് റവ ഉരുള വച്ചു കൊടുക്കുക. പിന്നെയും മടക്കി അത് കവർ ചെയ്ത് ഇല ഉള്ളിലേക്ക് തിരുകുക. അങ്ങനെ എല്ലാ ഉരുളയും ഇതുപോലെ ചെയ്യുക. നിങ്ങൾക്ക് വേറെ ആകൃതിയിൽ ആക്കണമെങ്കിൽ അങ്ങനെയും ചെയ്യാം. സാധാരണ നമ്മൾ അട ഉണ്ടാക്കുന്നത് പോലെയും ചെയ്യാം.ഇനി ഒരു ഗ്യാസ് ഓണാക്കി ഒരു പാത്രത്തിൽ വെള്ളം തിളപ്പിച്ച് ഇത് ആവിയിൽ വെക്കുക. ഒരു 15 മിനിറ്റ് കൊണ്ട് വെന്തുകിട്ടും. മൂടി തുറന്നാൽ ഈ പലഹാരത്തിന്റെയും ഇല വാടിയതിന്റെയുമൊക്കെ നല്ല മണം ആയിരിക്കും. കുറച്ച് തണുത്തു കഴിഞ്ഞാൽ ഇത് കഴിക്കാം.

ഇത് ഇലയിൽ വേവിക്കാതെ മൈദമാവിൽ മുക്കിയോ അരിപ്പൊടിയിൽ മുക്കിയോ എണ്ണയിലും പൊരിച്ചെടുക്കാം.

Similar Posts