അപൂർവ രോഗങ്ങളുടെ ചികിത്സയ്ക്ക് 20 ലക്ഷം രൂപ വരെ സഹായം ലഭിക്കും

ചികിത്സയ്ക്ക് ചിലവേറിയ അപൂർവ്വ രോഗങ്ങൾക്ക് ഒറ്റത്തവണ ചികിത്സ നടത്താൻ 20 ലക്ഷം രൂപ വരെ സഹായം നൽകാൻ ഉദ്ദേശിക്കുന്ന നയരേഖ കേന്ദ്രസർക്കാർ അംഗീകരിച്ചു. ‘ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന’ പദ്ധതിയിൽ ഉൾപ്പെടുത്തി ആകും ധനസഹായം.

അപൂർവ രോഗങ്ങളെ പ്രധാനമായും മൂന്ന് വിഭാഗങ്ങളായി തരംതിരിച്ചിട്ടുണ്ട്. 1) ഒറ്റത്തവണ ചികിത്സ കൊണ്ട് മാറുന്ന രോഗങ്ങൾ, 2) ദീർഘകാല ചികിത്സ ആവശ്യമായി വരുന്ന രോഗങ്ങൾ, 3) ചിലവേറിയ ചികിത്സ സ്ഥിരമായി ആവശ്യമായി വരുന്നവർ. ആദ്യത്തെ വിഭാഗത്തെ മാത്രമാണ് ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. രണ്ടാമത്തെ വിഭാഗത്തിന് ആവശ്യമായ പോഷകാഹാരവും മറ്റും എത്തിച്ചു നൽകുന്ന കാര്യം സംസ്ഥാന സർക്കാർ പരിഗണിക്കുമെന്ന് ആണ് തീരുമാനം. മൂന്നാമത്തെ വിഭാഗത്തിനുള്ള ചികിത്സ ധനസമാഹരണത്തിന് ക്രൗഡ് ഫണ്ടിംഗ് നടത്താൻ കേന്ദ്രം സഹായിക്കുമെന്ന് നയത്തിൽ പറയുന്നു.

തിരഞ്ഞെടുക്കപ്പെട്ട പ്രധാന സർക്കാർ ആശുപത്രികളെ അപൂർവ രോഗങ്ങൾക്കുള്ള മികവിന്റെ കേന്ദ്രങ്ങളായി മാറ്റാൻ അഞ്ചു കോടി രൂപ ധനസഹായം നൽകുമെന്ന് കേന്ദ്രം വ്യക്തമാക്കുന്നു. ലോകത്ത് 7000 അപൂർവ്വ രോഗങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ 450 ഇനമാണ് ഇന്ത്യയിൽ കണ്ടെത്തിയിട്ടുള്ളത്. ഹീമോഫീലിയ, താലസീമിയ, അരിവാൾ രോഗം, ഗൗഷേഴ്സ്, സിസ്റ്റിക് ഫൈബ്രോസിസ്, മസ്കുലർ ഡിസ്ട്രോഫി, ലിസസോമൾ സ്റ്റോറേജ് തുടങ്ങിയവയാണ് ഇന്ത്യയിൽ കണ്ടെത്തിയിട്ടുള്ളത്. ഇതിൽ 10 ശതമാനം രോഗികൾക്ക് മാത്രമാണ് ശരിയായ ചികിത്സ ലഭിക്കുന്നുള്ളൂ.

Similar Posts