അരിപൊടി വേണ്ട, ആവി കയറ്റേണ്ട, 5 മിനുട്ടിൽ സ്വാദൂറും ഒരു വെള്ള കിണ്ണത്തപ്പം റെഡി

കിണ്ണത്തപ്പത്തിന് ഈ പേര് വരാൻ തന്നെ കാരണം കിണ്ണത്തിൽ ഉണ്ടാക്കുന്നത് കൊണ്ടാണ്. ഓരോ സ്ഥലങ്ങളിലും പല രീതിയിലാണ് ഇത് ഉണ്ടാക്കുന്നത്. സാധാരണ അധിക പേരും ഇത് ബേക്കറിയിൽ നിന്ന് വാങ്ങുകയാണ് പതിവ്. കൂടുതലായും കറുത്തനിറത്തിൽ ആണിത് കിട്ടുക. എന്നാൽ വെറൈറ്റിയായി ഒരു വെള്ള കിണ്ണത്തപ്പം ഉണ്ടാക്കുന്നതിനെ പറ്റി ആണ് ഇവിടെ പറയുന്നത്. സാധാരണ അരിപ്പൊടി ഉപയോഗിച്ചാണ് നമ്മൾ ഉണ്ടാക്കുന്നത്.എന്നാൽ ഇവിടെ കോൺഫ്ലവർ ഉപയോഗിച്ചാണ് തയ്യാറാക്കുന്നത്.

ഇതിനു വേണ്ട – തേങ്ങാപ്പാൽ രണ്ടേമുക്കാൽ കപ്പ്, വലിയ അരമുറി തേങ്ങ തന്നെ വേണ്ടിവരും. ഒന്നാം പാലും രണ്ടാം പാലും കൂടി ഒരുമിച്ച് തന്നെ എടുക്കാം. പിന്നെ വേണ്ടത് അരകപ്പ് പഞ്ചസാര, കാൽ ടീസ്പൂൺ ഏലയ്ക്കാ പൊടി- കുരു ചേർക്കുന്നതിനേക്കാൾ നല്ലത് പൊടി തന്നെ ആണ്. കാൽ ടീസ്പൂൺ വറുത്തുപൊടിച്ച് ജീരകം പൊടി, 1 മുട്ട, അരക്കപ്പ് കോൺഫ്ലോർ എന്നിവയാണ്.

ഇതു തയ്യാറാക്കുന്ന വിധം നോക്കാം. ആദ്യം തേങ്ങാപ്പാൽ ഒരു ജാറിലേക്ക് ഒഴിക്കുക. അതിലേക്ക് പഞ്ചസാര ഇടുക. മധുരം കൂടുതൽ വേണമെങ്കിൽ കുറച്ചു കൂടി ഇടാം. ഇനി എലയ്ക്കാ പൊടിച്ചത് ഇടാം. പിന്നെ ജീരകം വറുത്തു പൊടിച്ചത്. ഇടുക.ശേഷം അതിലേക്ക് മുട്ടയുടെ വെള്ളയും മഞ്ഞയും ഒരുമിച്ച് തന്നെ ഇടുക. ഇനിയാണ് ഇതിന്റെ പ്രധാന ചേരുവയായ കോൺഫ്ലോർ ഇടേണ്ടത്. ഇതൊക്കെ കൂടി മിക്സിയിൽ അടിച്ചെടുക്കുക. ഇത് കുറച്ച് ലൂസ് ആയിട്ടാണ് ഉണ്ടാവുക. ഇനി ഒരു പാൻ എടുത്ത് അതിലേക്ക് ഈ മിശ്രിതം ഒഴിക്കുക. ഗ്യാസ് കത്തിച്ച് കുറഞ്ഞ തീയിൽ തന്നെ വെക്കുക. രണ്ടു മിനിറ്റ് നന്നായി ഇളക്കുക. അത് കട്ടിയായി വരണം. ആ പാത്രത്തിൽ ഒട്ടിനിൽക്കുന്ന പരുവം ആയി വരുമ്പോൾ ഇറക്കിവെക്കുക.

കട്ടിയായ വരുവോളം ഇനി ഒരു വൃത്തത്തിലുള്ള പാത്രമെടുത്ത് ഉള്ളിലും വശങ്ങളിലും നെയ്യ് പുരട്ടുക. ഇനി ഈ മിശ്രിതം പാത്രത്തിലേക്ക് ഒഴിക്കുക.ഇത് ചൂടോടെ തന്നെ ഒഴിക്കാം. അതിൽ നിങ്ങൾക്ക് ഡെക്കറേഷൻ വേണമെങ്കിൽ അണ്ടിപ്പരിപ്പും മുന്തിരിങ്ങയും മറ്റോ ഇടാം. ഒന്നും ചേർത്തില്ലെങ്കിലും ടേസ്റ്റ് ഉണ്ടാകും. അരമണിക്കൂർ കഴിഞ്ഞിട്ട് നോക്കിയാൽ പാത്രത്തിൽ സെറ്റ് ആയിട്ടുണ്ടാവും. തണുപ്പിക്കാൻ ഫ്രിഡ്ജിൽ വെക്കുകയും വേണ്ട. പാത്രത്തിൽ നിന്ന് വിട്ടു വരുന്ന പരുവത്തിൽ ആയാൽ ഒരു പ്ലേറ്റിലേക്ക് തിരിച്ചിട്ടാൽ മതി.നല്ല പൂ പോലെയുള്ള കിണ്ണത്തപ്പം റെഡിയായി. ഇനി കട്ട് ചെയ്ത് കഴിക്കാം.

ഇത് നല്ല സോഫ്റ്റ് ആയിട്ടാണ് ഉണ്ടാവുക. ഒരു നാലുമണി പലഹാരമായി പെട്ടെന്ന് ഉണ്ടാക്കാൻ പറ്റുന്ന ഒരു വിഭവമാണ് ഇത്. എന്തായാലും ട്രൈ ചെയ്യണം.

Similar Posts