അരി കുതിർത്തണ്ട, അരക്കണ്ട പുട്ടുപൊടി കൊണ്ട് ക്രിസ്പി നെയ്പ്പത്തിരി വെറും 10 മിനുട്ടിൽ

അരിപ്പൊടി കൊണ്ട് ഉണ്ടാക്കുന്ന ഒരു വിഭവമാണ് നെയ്പ്പത്തിരി. ചില സ്ഥലങ്ങളിൽ ഇത് നെയ്പ്പത്തൽ എന്നും അറിയപ്പെടുന്നു. നെയ് പ്പത്തിരിയും കോഴിയിറച്ചിയും നിങ്ങൾ കഴിച്ചിട്ടുണ്ടോ? അടിപൊളി ടേസ്റ്റ് ആയിരിക്കും, ഈ കോമ്പിനേഷൻ. ഇന്നിവിടെ തീർത്തും വ്യത്യസ്തമായാണ് നെയ് പ്പത്തിരി ഉണ്ടാക്കുന്നത്. സാധാരണ നമ്മൾ അരി കുതിർത്ത് അരച്ചിട്ടൊക്കെയാണ് ഉണ്ടാക്കാറ്. എന്നാൽ വളരെ എളുപ്പത്തിൽ ഇതൊന്നും ചെയ്യാതെ നമ്മൾ മാർക്കറ്റിൽ നിന്ന് വാങ്ങുന്ന പുട്ടുപൊടി കൊണ്ട് തന്നെ ഇത് വെറും 10 മിനിറ്റ് കൊണ്ട് ഉണ്ടാക്കാം.

ഇതെങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നമുക്ക് നോക്കാം. അതിനുവേണ്ടി നിറപറയുടെയോ ഡബിൾ ഹോഴ്സിന്റെയോ ഒരു പുട്ടുപൊടി എടുക്കുക.
ഒരു പാത്രം എടുത്ത് അതിൽ രണ്ട് കപ്പ് പുട്ട് പൊടി ഇടുക. നിങ്ങളുടെ ആവശ്യം അനുസരിച്ച് അളവ് കൂട്ടാം. ഇതിൽ ആവശ്യത്തിനുള്ള ഉപ്പിട്ട് കൈകൊണ്ട് മിക്സ് ആക്കുക. ഇനി രണ്ട് കപ്പ് തിളച്ച വെള്ളം തിളപ്പിച്ച വെള്ളം ഒഴിക്കുക. എന്നിട്ട് അഞ്ചു മിനിറ്റ് മൂടി വയ്ക്കണം.

ഇനി മിക്സിയുടെ ജാറെടുത്ത് അതിൽ അര മുറി തേങ്ങ ചിരകിയത് ഇടുക. തേങ്ങ അധികം ഇട്ടാൽ ഇതിന്റെ ടേസ്റ്റ് കൂടും. ഇനി ഒന്നര ടേബിൾ സ്പൂൺ പെരുംജീരകവും ഒരു സവാളയുടെ പകുതി ഭാഗവും മുറിച്ച് ഇടുക. 4 ചെറിയ ഉള്ളിയും ഇടുന്നത് നല്ലതായിരിക്കും. ഇതെല്ലാം കൂടി ഒന്നു ക്രഷ് ചെയ്യുക. തേങ്ങ നന്നായി അരഞ്ഞാൽ ഇതിന്റെ ടേസ്റ്റ് പോകും.

ഇനി നമ്മൾ വെള്ളമൊഴിച്ചു വെച്ച പുട്ടുപൊടി എടുക്കുക. അത് സ്പൂൺ കൊണ്ട് ഇളക്കുക. വെള്ളം കുറവാണെങ്കിൽ കാൽ കപ്പ് ചെറുചൂടുവെള്ളം ഇതിലേക്ക് ഒഴിക്കാം. നല്ല ചൂട് മാറിയതിന് ശേഷം കൈകൊണ്ട് കുഴച്ചെടുക്കണം. അത് കുഴയ്ക്കുമ്പോൾ വെള്ളം വേണ്ടിവരുമോ എന്നത് നിങ്ങൾക്ക് മനസ്സിലാവും. ആവശ്യമെങ്കിൽ കുറേശ്ശെ വെള്ളം ചേർത്ത് കുഴയ്ക്കാം. ഇനി ക്രഷ് ചെയ്തു വെച്ച തേങ്ങ ഇതിലിട്ട് വീണ്ടും കുഴയ്ക്കാം. നല്ല സോഫ്റ്റ് ആയിട്ട് തന്നെ മാവ് കിട്ടും.

https://www.youtube.com/watch?v=F8D2Ij-DSLs

ഇനി ഒരു ചീനച്ചട്ടിയിൽ ഓയിൽ ചൂടാവാൻ വയ്ക്കുക. ഇനി പരത്താൻ ഒരു കവർ റൗണ്ടായി കട്ട് ചെയ്യുകയോ അല്ലെങ്കിൽ ഒരു വാഴയില കീറി എടുക്കുകയോ ചെയ്യാം. അതിൽ ഓയിൽ പുരട്ടി നമ്മുടെ കൈയ്യിലും കുറച്ചു നെയ് പുരട്ടി ഒരു ചെറുനാരങ്ങയുടെ വലുപ്പത്തിലുള്ള ഉരുളകളാക്കുക. നിങ്ങൾക്ക് വലിയ ഷേയ്പ്പിൽ ആണ് വേണ്ടതെങ്കിൽ അങ്ങനെയും ചെയ്യാം. കവറിൽ വെച്ച് നമ്മുടെ കൈയുടെ നടുഭാഗം കൊണ്ട് പരത്തുക. മാവ് കട്ടിയാണെങ്കിൽ കുറച്ചു ചൂടുവെള്ളം ഒഴിച്ച് വീണ്ടും കുഴച്ചാൽ മതി. എണ്ണ നല്ലവണ്ണം ചൂടായാൽ നെയ്പ്പത്തിരി അതിലേക്ക് ഇടുക. ഇത് പൊങ്ങി വരുമ്പോൾ തീ ലോ ഫ്ലേമിലേക്ക് മാറ്റാം. ഇനി മറുഭാഗവും പൊരിച്ചെടുക്കാം. ഇനി അരിപ്പക്കോരി എടുത്തു കോരി എടുക്കാം. ബാക്കിയുള്ളതും ഇതുപോലെ തന്നെ ചെയ്താൽ മതി. ഇനി ചൂടോടെ ബീഫ് കറിയോ ചിക്കൻ കറിയോ കൂട്ടി ക്രിസ്പി ആയ നെയ്പ്പത്തിരി കഴിക്കാം.


Similar Posts