ആരും ഇതുവരെ നൽകാത്ത പുതുപുത്തൻ ഓഫറുമായി ‘കിയ’ മോട്ടോർസ്

ആരും ഇതുവരെ നൽകാത്ത പുതിയ ഓഫറുമായി കിയ. “പുതിയ വാഹനം ഉപയോഗിച്ച് ഇഷ്ടമായില്ലേ… എങ്കിൽ തിരികെ നൽകിക്കോളൂ…!”

നമ്മൾ പുതിയൊരു വാഹനം വാങ്ങാൻ ഉദ്ദേശിക്കുമ്പോൾ തന്നെ വാഹനത്തെ പറ്റി ലഭ്യമായ എല്ലാ രീതിയിലും നമ്മൾ അന്വേഷിക്കും. തീർച്ചയായും അതിനു ശേഷമായിരിക്കും ഏത് വാഹനം വാങ്ങണം എന്ന് നമ്മൾ തീരുമാനിക്കുന്നത്. ഇപ്പോൾ പുതിയ വാഹനം വാങ്ങുന്നതിന് മുൻപ് ടെസ്റ്റ് ഡ്രൈവ് നടത്തുന്നതിനുള്ള അവസരവും ഡീലർമാർ നൽകുന്നുണ്ടെങ്കിലും കൂടുതൽ ഗുണങ്ങളും സൗകര്യങ്ങളും മനസ്സിലാക്കുന്നതിന് കാർ കുറച്ചുനാൾ തുടർച്ചയായി ഉപയോഗിച്ചു നോക്കേണ്ടതുണ്ട്.

പക്ഷേ എങ്ങനെ ഉപയോഗിച്ച് നോക്കിയാലും വാഹനത്തിൽ എന്തെങ്കിലും ഇഷ്ടമായില്ല എന്നുണ്ടെങ്കിൽ അത് സഹിക്കുകയല്ലാതെ വേറെ വഴിയില്ല. എന്നാൽ കിയ പുതിയ ഓഫറുമായി രംഗത്തെത്തിയിരിക്കുകയാണ്. വാഹനം വാങ്ങി അത് ഉടമസ്ഥന് ഇഷ്ടമായില്ല എന്നുണ്ടെങ്കിൽ ഒരു മാസത്തിനകം തിരികെ നൽകാമെന്ന വമ്പൻ ഓഫർ ആണ് കമ്പനി മുന്നോട്ടുവയ്ക്കുന്നത്. ഈ ഓഫർ കിയയുടെ പ്രീമിയം എം പി വി വാഹനമായ കാർണിവെല്ലിൽ ആണ് നൽകിയിരിക്കുന്നത്.

തിരികെ നൽകുന്ന വാഹനത്തിന് എക്സ് ഷോറൂം വിലയുടെ 95 ശതമാനം പണം തിരികെ നൽകും. തിരികെ നൽകുന്ന വാഹനത്തിൽ ഡാമേജുകളോ കേടുപാടുകളോ ഉണ്ടാകാൻ പാടില്ല. വാഹനം 1500 കിലോമീറ്ററിൽ കൂടുതൽ ഓടാനും പാടില്ല എന്നീ നിബന്ധനകൾ കൂടി കമ്പനി മുന്നോട്ടുവയ്ക്കുന്നുണ്ട്. വാഹനത്തിന് ബാങ്ക് വായ്പ എഴുതിയിട്ടുണ്ടെങ്കിൽ ബാങ്കിൽ നിന്നുള്ള എൻ ഓ സി യും നൽകേണ്ടതുണ്ട്.

2020 ൽ വിപണിയിലെത്തിയ കാർണിവെല്ലിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ബിഎസ്6 എമിഷൻ സ്റ്റാൻഡേർഡിൽ ഇറങ്ങുന്ന 2.2 ലിറ്റർ ഡീസൽ എൻജിനാണ് കിയ കാർണിവെല്ലിന് കരുത്ത് പകരുന്നത്. ഈ എൻജിനിൽ നിന്നും 200 എച്ച്പി കരുത്തും 440 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്നു.

Similar Posts