ഇതുപോലെ മാവ് തയ്യാറാക്കിയാൽ ഹോട്ടലിൽ കിട്ടുന്ന അതേ രുചിയിൽ ക്രിസ്പിയായ നെയ് റോസ്റ്റ് വീട്ടിലുണ്ടാക്കാം

നെയ് റോസ്റ്റ് ഇഷ്ടമില്ലാത്തവർ ഉണ്ടാവില്ല. ഹോട്ടലിൽ ഉണ്ടാക്കുന്ന അതേ രുചിയിൽ നെയ്റോസ്റ്റ് നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാൻ സാധിക്കും. നല്ല മൊരിഞ്ഞ നെയ് റോസ്റ്റ് എങ്ങനെ വീട്ടിൽ നിന്ന് ഉണ്ടാക്കാം എന്ന് നമുക്ക് നോക്കാം.

ആദ്യം നമുക്ക് വേണ്ടത് പ്രധാന ചേരുവയായ ഇഡ്ഡലി അരി ആണ്. രണ്ടര കപ്പ് അരിയാണ് വേണ്ടത്. നല്ല ഗുണമുള്ള അരി തന്നെ നോക്കി വാങ്ങണം എന്നാലേ നെയ് റോസ്റ്റ് നന്നാവുകയുള്ളൂ. ഈ അരി ഉരുണ്ട ഷേപ്പിൽ ആയിരിക്കും ഉണ്ടാവുക. ഇനി മുക്കാൽ കപ്പ് ഉഴുന്നുപരിപ്പും ഒരു ടീസ്പൂൺ ഉലുവയും എടുക്കുക. ഇതെല്ലാം ഒരു പാത്രത്തിൽ ഇട്ട് നാല് പ്രാവശ്യം കഴുകി മൂന്ന് മണിക്കൂർ കുതിർക്കാൻ വയ്ക്കുക. മൂന്നു മണിക്കൂറിനു ശേഷം ഇത് ജാറിലിട്ട് ആവശ്യത്തിന് വെള്ളമൊഴിച്ച് രണ്ടുതവണ അരയ്ക്കുക. ചില മിക്സി അരയ്ക്കുമ്പോൾ വേഗം ചൂടാകും അങ്ങനെയുള്ളതാണെങ്കിൽ അരയ്ക്കുമ്പോൾ തണുത്ത വെള്ളം ഒഴിക്കണം.

ഇതിന്റെ മാവ് ചൂടാവാൻ പാടില്ല. ഇത് നന്നായി അരയണമെന്നില്ല. മാവ് കുറച്ചു തരി ആയിട്ട് ഉണ്ടാവണം. അത് ഒരു പാത്രത്തിൽ ഒഴിച്ചു വെയ്ക്കുക. അരയ്ക്കുമ്പോൾ വെള്ളം കുറവാണ് എടുത്തതെങ്കിൽ നിങ്ങൾക്ക് കുറച്ചുകൂടി ഒഴിക്കാം. എന്നിട്ട് ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് കൈകൊണ്ട് നന്നായി യോജിപ്പിക്കുക. 9 മണിക്കൂറെങ്കിലും ഈ മാവ് അടച്ചുവയ്ക്കണം. തണുത്ത കാലാവസ്ഥയാണെങ്കിൽ കുറച്ചധികം സമയം വയ്ക്കേണ്ടിവരും. 9 മണിക്കൂറിനുശേഷം മാവ് പൊന്തി കുമിളയാക്കെ വന്ന് പതഞ്ഞ് വന്നിട്ടുണ്ടാകും. പരന്ന തവി കൊണ്ട് ഇത് നന്നായി ഇളക്കുക. ഉപ്പ് നോക്കിയിട്ട് വേണമെങ്കിൽ ഇടാം. കൂടാതെ ഒരു ടീസ്പൂൺ പഞ്ചസാരയും ഇടാം.

ഇനി നെയ്റോസ്റ്റ് ചുടാനുള്ള ദോശക്കല്ല് എടുക്കുക. ഗ്യാസ് ആക്കി ആദ്യം നല്ലവണ്ണം ചൂടാക്കുക. എന്നിട്ട് കുറച്ച് വെള്ളം തളിച്ച് തുണി കൊണ്ട് തുടയ്ക്കുക. എന്നിട്ട് മിനിമം ചൂടിലേക്ക് മാറ്റാം. അപ്പോഴാണ് പരത്തിയാൽ പെർഫെക്റ്റ് ആയിട്ട് കിട്ടുകയുള്ളൂ. ഇനി മാവ് ഒഴിച്ച് വലുതായി പരത്തുക. കുറച്ചു വെന്ത് കഴിഞ്ഞ് വെള്ള നിറം മാറിയാലേ നെയ് ഒഴിക്കാവൂ. തീ മിനിമം ചൂടിൽ നിന്ന് കൂട്ടി വെയ്ക്കണം. ഇനി നെയ് ബ്രഷ് ചെയ്തു കൊടുക്കാം. എല്ലാ ഭാഗത്തേക്കും നെയ് ഒരു ചെറിയ സ്പൂൺ കൊണ്ട് പരത്തുക. എല്ലായിടവും മൊരിഞ്ഞു വരൂ. എന്നിട്ട് തവികൊണ്ട് ചുരുട്ടിയെടുക്കുക. ദോശക്കല്ലിലെ എണ്ണയൊക്കെ ഒരു തുണികൊണ്ട് തുടച്ചെടുക്കുക. ഇനി വീണ്ടും ചൂടാക്കി വെള്ളം തളിക്കുക. എന്നിട്ട് നേരത്തെ ചെയ്തതു പോലെ നെയ് ബ്രഷ് ചെയ്ത് സ്പൂൺ കൊണ്ട് എല്ലായിടവും പരത്തുക. ഇനി ബാക്കിയുള്ള മാവും ഇങ്ങനെ തന്നെ ചെയ്താൽ മതി.

അങ്ങനെ ചൂട് ചായയുടെ കൂടെ കഴിക്കാൻ ക്രിസ്പിയും ടേസ്റ്റി ആയതുമായ നെയ് റോസ്റ്റ് ഇവിടെ തയ്യാറായിരിക്കുന്നു. തീർച്ചയായും ട്രൈ ചെയ്യണം.

 

Similar Posts