ഇനി ചെടി നനയ്ക്കാൻ വൈകിയാൽ പേടിക്കേണ്ട “ഹൈഡ്രോജെൽ” ക്യാപ്സ്യൂൾ ഉണ്ടല്ലോ

മണ്ണിൽ ജലാംശം നിലനിർത്താൻ ഈ ക്യാപ്സ്യൂൾ നിങ്ങളെ സഹായിക്കും. മനസ്സിലായില്ലേ..? പരിസ്ഥിതിക്കിണങ്ങിയ സ്റ്റാർച്ച് അധിഷ്ഠിതമായ ചേരുവയാണ് ഓരോ ഹൈഡ്രോജെൽ ക്യാപ്സ്യൂളിലും ഉള്ളത്. ഇത് മണ്ണിനെ ഈർപ്പം ആക്കി മാറ്റാൻ സഹായകമായ വിധം വെള്ളത്തിൽ സംഭരിച്ചു വയ്ക്കുന്നു. ഗുളിക നൽകി എന്നതുകൊണ്ട് നന വേണ്ട എന്നല്ല അർത്ഥം. നനയുടെ ഇടവേള കൂട്ടാം എന്നതാണ് മെച്ചം. ഇത് കർഷകർക്ക് എന്തായാലും ഒരു സന്തോഷ വാർത്തയാണ്.

ഡൽഹിയിലെ ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രികൾച്ചർ റിസർച്ച് ആണ് മണ്ണിലെ ജലാംശം കൂടുതൽ സമയം സംഭരിച്ച് വയ്ക്കാൻ ഉതകുന്ന ഹൈഡ്രോജെൽ സാങ്കേതികവിദ്യ വികസിപ്പിച്ചത്. “പൂസാ ഹൈഡ്രോജെൽ” എന്നറിയപ്പെട്ടിരുന്ന ഇത് ആദ്യം തരി രൂപത്തിലുള്ളവ ആയിരുന്നു. ഇതിനെ ക്യാപ്സ്യൂളിന്റെ ഉള്ളിൽ നിറച്ച് എളുപ്പത്തിൽ കൈകാര്യം ചെയ്യാവുന്ന വിധത്തിൽ ആക്കിയത് പാലക്കാട് കെ. വി. കെ യിലെ ഡോക്ടർ കെ. എം സുനിൽ കുമാറിൻറെ നേതൃത്വത്തിലുള്ള ഗവേഷകരാണ്.

ഒരു ക്യാപ്സ്യൂലിനു മൂന്ന് രൂപ വിലവരും. ഇത് ഓരോ ചെടിയുടെയും വലുപ്പത്തിനനുസരിച്ച് വേരുപടലത്തിനോട് ചേർത്ത് മണ്ണിൽ കുഴിച്ചിട്ടാൽ മതിയാവും. തരി രൂപത്തിലുള്ളതിലും ഗുണകരം ക്യാപ്സ്യൂൾ ആണെന്ന് മലപ്പുറം ആനക്കയത്ത് ഉള്ള കൃഷി വിജ്ഞാൻ കേന്ദ്ര യിലെ ഫാം മാനേജർ ജുബൈൽ പറഞ്ഞു.

മണ്ണിൽ വെള്ളത്തിൻറെ ലഭ്യത കുറയുമ്പോൾ ഗുളികകളിൽ സംഭരിച്ചു വെച്ച വെള്ളം വേരുകൾ ആവശ്യത്തിന് ഉപയോഗിച്ച് കൊള്ളും. ഗ്രോബാഗുകളിലും, ചട്ടികളിലും ഇവ വളരെ ഉപകാരപ്രദം ആണെന്ന് കൃഷി വിദഗ്ധർ പറയുന്നു. ചെറിയ ഗ്രോബാഗുകളിൽ ഒരു ഗുളിക ഇട്ടാൽ മതി. വലിയ ചെടികളിൽ രണ്ടെണ്ണം വേണ്ടിവരും. ഒരു വാഴക്ക് നാല് ക്യാപ്സൂളുകൾ നാല് ഇടത്തായി മണ്ണിൽ ഇട്ടുകൊടുക്കണം. കുരുമുളക്, ജാതി, കമുക് പോലെയുള്ളവർക്ക് 4 മുതൽ 10 വരെ ക്യാപ്സൂളുകൾ മതിയാകും. തെങ്ങിന് 20 എണ്ണം 20 സ്ഥലത്തായി ഇടണം. ഒരു ക്യാപ്സ്യൂൾ മൂന്നുമാസക്കാലം മണ്ണിൽ പ്രവർത്തിക്കും.

Similar Posts