ഇനി മുതൽ ടയറിന്റെ ക്വാളിറ്റി അനുസരിച്ച് സ്റ്റാർ റേറ്റിംഗ് വരുന്നു, ലേബൽ കണ്ടാൽ ഗുണനിലവാരം മനസ്സിലാക്കാം
ഇനി മുതൽ ടയറിന്റെ ക്വാളിറ്റി അനുസരിച്ച് സ്റ്റാർ റേറ്റിംഗ് വരുന്നു. സാധാരണക്കാരന് ഇനിമുതൽ ടയറിന്റെ ലേബൽ കണ്ടാൽ ഗുണനിലവാരം മനസ്സിലാക്കാം. ഇന്ത്യയിൽ ഇനി പുതിയ പരിഷ്കാരങ്ങൾ നിലവിൽ വരുന്നു. വാഹനത്തിന്റെ ടയറുകളുടെ ഗുണനിലവാരം അനുസരിച്ചാണ് റേറ്റിംഗ് വരുന്നത്. വാഹന യാത്രക്കാരുടെയും കാൽനടയാത്രക്കാരുടെ യും സുരക്ഷയ്ക്ക് വേണ്ടി പല പരിഷ്കാരങ്ങളും ഈയിടെയായി നടപ്പിലാക്കിയിട്ടുണ്ട്. സീറ്റ് ബെൽറ്റ്, എയർ ബാഗ്, ഓവർ സ്പീഡ് വാണിംഗ്, ആൻറി സ്കിഡ് ബ്രേക്കിംഗ് ( എ ബി എസ്) തുടങ്ങിയവ നിയമം മൂലം നടപ്പിലാക്കിയവയാണ്.
ബ്രേക്കിംഗ് കാര്യക്ഷമത ഇന്ധനക്ഷമത എന്നിവ കൂട്ടാനും ശബ്ദ മലിനീകരണം കുറയ്ക്കാനും ലക്ഷ്യമിടുന്ന നിർദേശങ്ങളുടെ കരട് രൂപം ആണ് ഇപ്പോൾ കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം പുറത്തിറക്കിയിരിക്കുന്നത്. ഒക്ടോബർ ഒന്നുമുതൽ പുതിയതായി വിപണിയിലെത്തുന്ന ടയർ മോഡലുകൾക്ക് പുതിയ മാനദണ്ഡം നിർബന്ധമാക്കാനും നിലവിലെ ടയർ മോഡലുകൾക്ക് അടുത്ത വർഷം ഒക്ടോബർ ഒന്നു മുതൽ പുതിയ നിലവാരം ബാധകമാക്കാനും ആണ് തീരുമാനം.
ടയറിന്റെ ലേബൽ കണ്ടാൽ ഉപയോക്താവിന് അതിൻറെ ഗുണനിലവാരം മനസ്സിലാക്കണം. റോളിംഗ് റസിസ്റ്റൻസ് എത്രത്തോളം ഇന്ധനക്ഷമത യെ ബാധിക്കുന്നു എന്നതിന് റേറ്റിംഗ് നൽകും. അതുപോലെതന്നെ തെന്നുന്ന പ്രതലത്തിൽ ബ്രേക്കിംഗ് മികവ് എത്രത്തോളം എന്നതിനും റേറ്റിംഗ് നൽകും. വണ്ടി ഓടുമ്പോൾ ടയറിൽ നിന്നുള്ള ശബ്ദം എത്രത്തോളം എന്നത് അളന്ന് അതിനും റേറ്റിംഗ് ഉണ്ടായിരിക്കും. യഥാർത്ഥത്തിൽ ടയറിന് “സ്റ്റാർ റേറ്റിംഗ്” നൽകാൻ ആയിരിക്കും സാധ്യത. കരടു നിയമത്തിൻ മേലുള്ള ചർച്ചയ്ക്കൊടുവിൽ ആകും കൃത്യമായ ഇന്ത്യൻ മാനദണ്ഡങ്ങൾ രൂപപ്പെടുക. യൂറോപ്പിൽ ഇക്കൊല്ലം നിലവിൽ വന്ന നിയമമാണ് ഇന്ത്യയിലും അടിസ്ഥാനമാക്കുന്നത്.