ഇനി വാഹനങ്ങളിൽ ഇഷ്ടമുള്ള നിറങ്ങൾ നൽകാം, കളർ നൽകുന്നത് നിയമ വിരുദ്ധമല്ല എന്ന് ഹൈക്കോടതി
വാഹനങ്ങളിൽ പല നിറത്തിലുള്ള കളറുകൾ നൽകുന്നത് നിയമവിരുദ്ധമായിരുന്നു ഇതുവരെ. എന്നാൽ വാഹനങ്ങളിൽ ഇഷ്ടമുള്ള നിറങ്ങളോ ചിത്രങ്ങളോ നൽകുന്നതിൽ നിയമ തടസമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ചണ്ഡീഗഡിൽ ഉണ്ടായ തർക്കത്തിന് പരിഹാരം കണ്ടുകൊണ്ടാണ് മൾട്ടികളർ വാഹനങ്ങൾ നിയമവിരുദ്ധമല്ലെന്ന് പഞ്ചാബ് ഹരിയാന ഹൈക്കോടതി ഉത്തരവിട്ടത്.
ചത്തീസ്ഗഡ് സ്വദേശിയായ അഭിഭാഷകൻ രഞ്ജിത്ത് മൽഹോത്ര തൻറെ സ്വന്തം കാറിന് രജിസ്ട്രേഷൻ നമ്പർ ലഭിക്കുന്നതിനുവേണ്ടി ആർടിഒ ഓഫീസിൽ സമീപിച്ചിരുന്നു. എന്നാൽ അദ്ദേഹത്തിൻറെ കാറിൽ അടിസ്ഥാന കളറിന് ഒപ്പം പല വർണ്ണത്തിലുള്ള ചിത്രങ്ങൾ ഉണ്ടെന്ന കാരണത്താൽ ആർടിഒ രജിസ്ട്രേഷൻ നിഷേധിച്ചു. ഇതിനെ തുടർന്നാണ് രഞ്ജിത്ത് മൽഹോത്ര കോടതിയെ സമീപിച്ചത്.
ന്യൂഡൽഹിയിൽ നിന്ന് 2019 ജൂലൈയിൽ ആണ് മൽഹോത്ര അംബാസിഡർ വാഹനം വാങ്ങുന്നത്. അതിനുശേഷം ചത്തീസ്ഗഡ് രജിസ്ട്രേഷനിലേക്ക് മാറ്റുന്നതിനായി ന്യൂഡൽഹിയിലെ ആർ ടി ഓ യിൽ നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്(NOC) നേടുകയും ചെയ്തു. പക്ഷേ ഒരുപാട് തവണ അപേക്ഷ നൽകിയിട്ടും രജിസ്ട്രേഷൻ നമ്പർ നൽകാൻ അധികൃതർ വിസമ്മതിച്ചു. ഇതേതുടർന്നാണ് മൽഹോത്ര കോടതിയെ സമീപിച്ചത്.
കോടതി ഇത് ശരിവെക്കുകയും നിറങ്ങളും ചിത്രങ്ങളും വാഹനത്തിൽ നൽകുന്നത് നിയമ വിരുദ്ധമല്ല എന്ന് ഉത്തരവിടുകയും ചെയ്തു. മുതിർന്ന ജസ്റ്റിസ് ജയശ്രി താക്കൂർ ആണ് ഈ വിധി നടപ്പിലാക്കിയത്. ഈ വിധിയിലൂടെ ഇന്ത്യയിലെവിടെയും ഈ നിയമം ബാധകമായേക്കും. ഇനിമുതൽ വാഹനങ്ങളിൽ സ്റ്റിക്കറുകൾ പതിപ്പിക്കുന്നതും ആർട്ട് വർക്കുകൾ ചെയ്യുന്നതും നിയമാനുസൃതം ആകും.