ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ “ഫാൽക്കെ അവാർഡ്” രജനീകാന്തിനെ തേടിയെത്തി

ഇന്ത്യൻ സിനിമയിലെ തന്നെ പരമോന്നത ബഹുമതിയായ ‘ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം’ പ്രശസ്ത സിനിമാതാരം രജനീകാന്തിന് (70) ലഭിച്ചു. മെയ്‌ 3 ന് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്യുന്നതോടൊപ്പം രാഷ്ട്രപതി റാംനാഥ് കോവിന്ദ് ഫാൽക്കേ പുരസ്കാരവും സമ്മാനിക്കും.

ദക്ഷിണേന്ത്യൻ നടനായ ശിവാജി ഗണേശനാണ് 1996 ൽ ഫാൽക്കെ അവാർഡ് ലഭിച്ചത്. അതിനുശേഷം ഇപ്പോഴാണ് ഒരു ദക്ഷിണേന്ത്യൻ നടനായ രജനീകാന്തിനെ തേടി ഈ പുരസ്കാരം എത്തുന്നത്. 1975 ൽ കെ. ബാലചന്ദറിന്റെ “അപൂർവ്വരാഗങ്ങൾ” എന്ന സിനിമയിലൂടെയാണ് രജനീകാന്ത് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും ജനസമ്മതനും, ആരാധകരും നിറഞ്ഞ നടനായി അദ്ദേഹം വളർന്നു. 2016 പത്മവിഭൂഷൺ, 2019ലെ ഗോവ രാജ്യാന്തര ചലച്ചിത്രമേളയിൽ ഗോൾഡൻ ജൂബിലി ഐക്കൺ തുടങ്ങി നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി.

പ്രധാനമന്ത്രി നരേന്ദ്രമോദി, “തലൈവന് ഫാൽക്കേ പുരസ്കാരം ലഭിച്ചതിൽ അതിയായ സന്തോഷം” എന്നു ട്വിറ്ററിൽ കുറിച്ചു. രജനീകാന്തിനെ അഭിനന്ദിക്കാനും അദ്ദേഹം വിട്ടുപോയില്ല. 2019ലെ ഫാൽക്കെ പുരസ്കാരം ആണ് ഇപ്പോൾ പ്രഖ്യാപിച്ചത്. ആശാ ഭോസ്ലെ, മോഹൻലാൽ, ശങ്കർ മഹാദേവൻ, ബിശ്വജിത് ചാറ്റർജി, സുഭാഷ് ഘയ് എന്നിവരടങ്ങുന്ന ജൂറിയാണ് തിരഞ്ഞെടുപ്പ് നടത്തിയത്. രജനീകാന്തിന്റെ മരുമകൻ ധനുഷിന് 2019ലെ മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചിരുന്നു.