ഇ – ശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്തവർക്ക് ആനുകൂല്യങ്ങൾ വന്നു തുടങ്ങി, ഭാവിയിൽ ഇനിയും സഹായങ്ങൾ

കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും ആനുകൂല്യങ്ങൾ അസംഘടിത മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ലഭ്യമാകുന്നതിന് വേണ്ടി കേന്ദ്ര സർക്കാർ രൂപീകരിച്ചതാണ് ഇ ശ്രം പോർട്ടൽ. ഇതിൽ പേര് ചേർക്കാത്തവർക്ക് പേര് ചേർക്കുന്നതിനായി 2021 ഡിസംബർ 31 വരെ അവധി നൽകിയിരുന്നു. ഇതിനു വേണ്ടി രാജ്യത്തുടനീളം പ്രത്യേക ക്യാമ്പുകളും നടത്തിയിരുന്നു. ഇത് സൗജന്യമായി തന്നെ ചെയ്യുകയും ആവാമായിരുന്നു.

2022 ൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ആനുകൂല്യങ്ങൾ ഇനി മുതൽ ഉണ്ടാകുമ്പോൾ അത് ഇ ശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്തവർക്ക് മാത്രമേ ലഭിക്കുകയുള്ളൂ എന്ന് ആദ്യമേ അറിയിപ്പ് വന്നിരുന്നു. അംഗങ്ങൾക്ക് ആധാറിന് സമാനമായ കാർഡും 12 അക്ക യൂണിവേഴ്സൽ അക്കൗണ്ട് നമ്പറും ലഭിക്കും. അപകടം മൂലം ഉള്ള മരണത്തിനു 2 ലക്ഷം രൂപയുടെ ഇൻഷുറൻസ് ഈ പദ്ധതി വഴി ലഭിക്കും.

കേന്ദ്ര സർക്കാരിന് പുറമെ പല സംസ്ഥാന സർക്കാരുകളും ഇ ശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്തവർക്ക് പല ആനുകൂല്യങ്ങളും പ്രഖ്യാപിച്ചു തുടങ്ങി എന്നാണ് റിപ്പോർട്ട്‌. ഉത്തർപ്രദേശിൽ ഒന്നര കോടിയോളം വരുന്ന അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ട്കളിലേക്ക് 1000 രൂപ ഡയറക്റ്റ് ബെനിഫിറ്റ് ട്രാൻസ്ഫർ വഴി നേരിട്ട് നിക്ഷേപിക്കൽ തുടങ്ങി. 1500 കോടി രൂപയാണ് ഇതിനു വേണ്ടി സർക്കാർ ചിലവഴിച്ചത്. 5 കോടിയോളം തൊഴിലാളികൾ ഉണ്ടെങ്കിലും വിവരങ്ങൾ എല്ലാം വളരെ കൃത്യമായി നൽകിയ ഒന്നര കോടി പേർക്കാണ് പണം ലഭിച്ചത്. ഇനി മറ്റു സംസ്ഥാനങ്ങളും ഇതുപോലെ ധനസഹായം നൽകാൻ തുടങ്ങുകയാണ് എന്നാണ് അറിയിപ്പ്.

കോവിഡ് മൂലം ഉണ്ടായ ലോക്ക്ഡൗണിൽ സമൂഹത്തിന്റെ ഏറ്റവും താഴെ തട്ടിൽ ഉണ്ടായിരുന്ന ആളുകളുടെ കൃത്യമായ വിവരങ്ങൾ ഇല്ലാത്തത് കേന്ദ്ര സർക്കാരിന് ആനുകൂല്യങ്ങൾ നൽകാൻ വളരെ വിഷമം അനുഭവപ്പെട്ടിരുന്നു. ജൻധൻ അക്കൗണ്ട് ഉള്ള വനിതകളുടെ അക്കൗണ്ടിലേക്ക് 500 രൂപ വീതം മൂന്നു തവണ കേന്ദ്ര സർക്കാർ സഹായം നൽകിയിരുന്നു. കേരള സർക്കാരും ആനുകൂല്യങ്ങളും സൗജന്യ കിറ്റുകളും ചില വിഭാഗങ്ങൾക്ക് നൽകിയിരുന്നു.

ഒമിക്രോണിന്റെയും കോവിഡ് മൂന്നാം തരംഗത്തിന്റെയും ആക്രമണത്തിൽ സാമ്പത്തികമായി ബുദ്ധിമുട്ട് ഉണ്ടെങ്കിൽ ഇ ശ്രം പോർട്ടലിൽ പേരുകൾ രജിസ്റ്റർ ചെയ്തവർക്ക് കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും സഹായങ്ങൾ ഉണ്ടാകുമെന്നാണ് സൂചനകൾ. വെള്ളപ്പൊക്കവും കാലാവർഷ കെടുതിയും ഉണ്ടാകുമ്പോൾ അതും ഇ ശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്തവർക്ക് മാത്രമേ ലഭിക്കുകയുള്ളൂ.

Similar Posts