ഇ ശ്രം രെജിസ്ട്രേഷൻ വേഗം ആകട്ടെ പുതുവർഷം മുതൽ ഒരുപാട് ആനുകൂല്യങ്ങൾ നിങ്ങളെ കാത്തിരിക്കുന്നു
രാജ്യത്തെ 40 കോടിയോളം വരുന്ന അസംഘടിത മേഖലയിൽ തൊഴിൽ എടുക്കുന്നവരെ ഇ ശ്രം പോർട്ടലിൽ ചേർക്കുന്നതിനുള്ള പദ്ധതി പൂർത്തിയായി കൊണ്ടിരിക്കുകയാണ്. പ്രതിസന്ധി ഘട്ടങ്ങളിൽ പ്രത്യേക സഹായങ്ങളോ ഇൻഷുറൻസ് പരിരക്ഷയോ ഒന്നും ലഭിക്കാത്ത രാജ്യത്തിന്റെ നട്ടെല്ലായ ഈ തൊഴിലാളികളുടെ സംരക്ഷണത്തിനും ഉന്നമനത്തിനും വേണ്ടി കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയാണ് ഇ ശ്രം പദ്ധതി. ഈ പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്നത് വഴി അംഗങ്ങൾക്ക് സർക്കാരിൽ ലഭിക്കാവുന്ന ആനുകൂല്യങ്ങളും, പെൻഷൻ പദ്ധതികളും സാമൂഹ്യ സുരക്ഷാ പദ്ധതികളും എന്തൊക്കെയാണെന്നും ആർക്കൊക്കെയാണ് ഈ പദ്ധതിയിൽ ചേരാൻ കഴിയുക തുടടങ്ങിയവയാണ് താഴെ പറയുന്നത്.
ഇ ശ്രം പദ്ധതിയിൽ അംഗമാകുവാൻ ആധാർ കാർഡും ഒരു ബാങ്ക് അക്കൗണ്ടും ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ള ഒരു മൊബൈൽ നമ്പറും മതിയാകും. അസംഘടിത തൊഴിലാളികൾക്ക് കേന്ദ്ര ക്ഷേമ സുരക്ഷാ പദ്ധതികളിൽ അംഗമാകുവാനുള്ള അവസരമാണ് ഇ ശ്രം രെജിസ്ട്രേഷനിലൂടെ ലഭിക്കുന്നത്. അംഗങ്ങൾക്ക് ആധാറിന് സമാനമായ കാർഡും, 12 അക്ക യൂണിവേഴ്സൽ നമ്പറും ലഭിക്കുന്നതാണ്.
ഭാവിയിൽ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന ക്ഷേമ പദ്ധതികൾക്ക് ഈ നമ്പർ ആയിരിക്കും ആധാരം. രെജിസ്ട്രേഷൻ പൂർത്തിയാക്കുന്നവർ പ്രധാന മന്ത്രി സുരക്ഷാ യോജനയുടെ ഭാഗമാകും.
അപകടം മൂലം ഉള്ള വൈകല്യത്തിന് 2 ലക്ഷം രൂപയുടെ ഇൻഷുറൻസ് ലഭിക്കുന്ന ഈ പദ്ധതിയുടെ ആദ്യ വർഷ പ്രീമിയം സർക്കാർ അടക്കും. കോവിഡ് പോലുള്ള മഹാമാരികൾ ഉണ്ടാകുമ്പോൾ സഹായം ലഭിക്കുന്നത് ഈ വിവര ശേഖരണം അനുസരിച്ചായിരിക്കും. അസംഘടിത മേഖലയിൽ തൊഴിൽ ചെയ്യുന്ന കർഷകർ, കർഷക തൊഴിലാളികൾ, വീട്ടുജോലിക്കാർ, ഓട്ടോ ഡ്രൈവർമാർ, പത്ര ഏജന്റ്മാർ, വഴിയോര കച്ചവടക്കാർ, തൊഴിലുറപ്പ് തൊഴിലാളികൾ, ആശ വർക്കർമാർ, നിർമാണ തൊഴിലാളികൾ, തടി പണിക്കാർ, ബീഡി തൊഴിലാളികൾ, മത്സ്യ തൊഴിലാളികൾ, ക്ഷീര തൊഴിലാളികൾ എന്നിങ്ങനെ ആർക്കും അംഗങ്ങൾ ആകാം.16 വയസ്സിനും,59 വയസ്സിനും ഇടയിൽ ഉള്ളവർക്കാണ് ഇതിൽ അപേക്ഷിക്കാൻ സാധിക്കുന്നത്.
ഇ പി എഫ്, ഇ എസ് ഐ തുടങ്ങിയ പദ്ധതികളിൽ അംഗങ്ങൾ ആയിരിക്കരുത്. ആദായ നികുതി അടക്കുന്നവർക്കും ഇതിൽ അംഗങ്ങൾ ആകുവാൻ സാധിക്കില്ല. രെജിസ്ട്രേഷന് ആധാർ നിർബന്ധമാണ്. ബാങ്ക് അക്കൗണ്ട് നമ്പർ, ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈൽ നമ്പർ എന്നിവയും നിർബന്ധം ആണ്. ഇ ശ്രം പോർട്ടൽ വഴി സ്വന്തമായോ സർക്കാർ സർവീസുകൾ ലഭ്യമാകുന്ന കോമൺ സർവീസ് സെന്ററുകൾ വഴിയോ അപേക്ഷിക്കാവുന്നതാണ്. eshram.gov.in എന്ന പോർട്ടലിൽ പ്രവേശിച്ചു സെൽഫ് രെജിസ്ട്രേഷൻ എന്നതിന് തൊട്ടു താഴെ ആധാറുമായി ലിങ്ക് ചെയ്ത ഫോൺ നമ്പർ നൽകി രെജിസ്ട്രേഷൻ ആരംഭിക്കാവുന്നതാണ്.
അവസാനം യു എ എൻ നമ്പറോട് കൂടിയ കാർഡ് ഡൌൺലോഡ് ചെയ്തു എടുക്കാം. മൊബൈൽ ഫോണിലൂടെയും രെജിസ്ട്രേഷൻ നടത്താവുന്നതാണ്. സി എസ് സി കേന്ദ്രങ്ങളിലെ രെജിസ്ട്രേഷൻ പൂർണമായും സൗജന്യമാണ്. എന്നാൽ കാർഡ് ഡൌൺലോഡ് ചെയ്തു എടുക്കുന്നതിനും ലാമിനേറ്റ് ചെയ്യുന്നതിനും ചുരുങ്ങിയ ഫീസ് നൽകേണ്ടി വരും. ഇ ശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള അവസാന തിയതി ഡിസംബർ 31 ആണ്. കോവിഡ് വ്യാപനത്തെ തുടർന്ന് രാജ്യ വ്യാപകമായി അടച്ചിടലും, തൊഴിലാളികളുടെ പലായനവും ഒക്കെ ഉണ്ടായപ്പോൾ സർക്കാരിന് അവർക്ക് വേണ്ട സഹായങ്ങൾ നൽകുവാൻ കഴിഞ്ഞിരുന്നില്ല. അസംഘടിത മേഖലയിൽ ഉള്ളവരുടെ കൃത്യമായ ഡാറ്റാ ബേസ് ഇല്ലാത്തതായിരുന്നു ഇതിന് കാരണം. അതിനാലാണ് ഇ ശ്രം പോർട്ടലിലൂടെ അവരുടെ കൃത്യമായ ഡാറ്റ കളക്ട് ചെയ്യുന്നത്.
2022 മുതൽ കോവിഡ് പോലുള്ള അടച്ചിടലുകളോ, പ്രളയം പോലുള്ള പ്രകൃതി ദുരന്തങ്ങളോ ഉണ്ടാകുകയാണെങ്കിൽ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ഒക്കെ അസംഘടിത മേഖലയിൽ ഉള്ളവർക്ക് സഹായം എത്തിക്കുന്നത് ഇ ശ്രം പോർട്ടലിലെ അവരുടെ അക്കൗണ്ടിലേക്ക് നേരിട്ട് ഡയറക്റ്റ് ബെനിഫിറ്റ് ട്രാൻസ്ഫർ വഴി ആയിരിക്കും. ഇത് കൂടാതെ ഇതിലെ അംഗങ്ങൾക്ക് ശ്രം യോഗി മണ്ഡൻ യോജന എന്ന പെൻഷൻ പദ്ധതിയിലേക്കും അപേക്ഷിക്കാവുന്നതാണ്. നിശ്ചിത അംശദായം മാസം തോറും അടച്ചു 60 വയസ്സിനു ശേഷം 3000 രൂപ പെൻഷൻ ലഭിക്കുന്ന പദ്ധതി ആണിത്. ഇതിൽ അംഗങ്ങൾ ആയ കർഷകർക്ക് കിസാൻ മണ്ഡൻ യോജനയിലും ചേർന്ന് പെൻഷൻ വാങ്ങാവുന്നതാണ്. കേരളത്തിൽ ഒരു കോടിയോളം പേർക്ക് ഇതിൽ ചേരുവാൻ കഴിയുമെന്നാണ് അറിവ്. ഇതിൽ ഇതുവരെയും രജിസ്റ്റർ ചെയ്യാത്തവർ എത്രയും പെട്ടെന്ന് രജിസ്റ്റർ ചെയ്യുക.