ഈസ്റ്റർ – വിഷു ഭക്ഷ്യക്കിറ്റ് ഏപ്രിൽ ഒന്നുമുതൽ നൽകാൻ തീരുമാനമായി

ഈസ്റ്റർ – വിഷു ഭക്ഷ്യക്കിറ്റ് ഏപ്രിൽ ഒന്നുമുതൽ നൽകാൻ തീരുമാനമായി. ഈസ്റ്റർ-വിഷു ഭാഗമായി റേഷൻ കടകളിൽ കൂടി വിതരണം ചെയ്യുന്ന സൗജന്യ കിറ്റ് ഏപ്രിൽ ഒന്നു മുതൽ ലഭ്യമാകും. മാർച്ച് മാസത്തിൽ തന്നെ വിതരണം ചെയ്യാൻ ആദ്യം തീരുമാനത്തിലെത്തിയതാ യിരുന്നു. പക്ഷേ, തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടലിനെ തുടർന്ന് ഈ തീരുമാനം മാറ്റുകയായിരുന്നു. പുതിയ തീരുമാനപ്രകാരം എല്ലാ കാർഡ് ഉടമകൾക്കും സൗജന്യമായി കിറ്റ് ലഭിക്കും. ഈ പ്രാവശ്യം 14 ഇനങ്ങളാണ് കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഏപ്രിൽ 1, 2 തീയതികൾ അവധി ആയതിനാൽ പ്രത്യേക ഉത്തരവിട്ട് റേഷൻ കടകൾ തുറന്നു കിറ്റുകൾ വിതരണം ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. മുൻഗണനേതര വിഭാഗക്കാർക്ക് (വെള്ള, നീല കാർഡുകാർ) 15 രൂപ വച്ച് 10 കിലോ സ്പെഷ്യൽ അരി നൽകുന്നതും തിരഞ്ഞെടുപ്പ് കമ്മീഷൻ തടഞ്ഞിരുന്നു. ഇതിനെതിരെ നിയമ നടപടിയും ഭക്ഷ്യ വകുപ്പ് തീരുമാനിച്ചു.

വിഷു – ഈസ്റ്റർ കിറ്റും, മെയ് മാസത്തെ ക്ഷേമപെൻഷനും വോട്ടെടുപ്പിന് തൊട്ടുമുൻപ് വിതരണം ചെയ്യുന്നത് പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാവുമെന്ന് പ്രതിപക്ഷനേതാവ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. സാധാരണ ഓരോ മാസത്തിന്റെയും അവസാനത്തിലാണ് കിറ്റ് വിതരണം നടത്താറുള്ളത്. സ്കൂളുകളിൽ ഉച്ചഭക്ഷണത്തിന്റെ അരി വിതരണവും നടന്നിട്ടില്ല. ഈ അരി കുട്ടികൾക്ക് വിതരണം ചെയ്തത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടിട്ടാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.