എത്ര കഴിച്ചാലും മതിവരാത്ത തലശ്ശേരി ദം ബിരിയാണി ഈസിയായി തയ്യാറാക്കാം
ബിരിയാണി ഇഷ്ടമില്ലാത്തവർ ആരും തന്നെ ഉണ്ടാവില്ല. പല പല നാടുകളിൽ പല പല രുചികളിൽ ബിരിയാണി ഉണ്ടാക്കാറുണ്ടെങ്കിലും തലശ്ശേരി ദം ബിരിയാണിയുടെ രുചി ഒന്ന് വേറെ തന്നെയാണ്. പുറം നാടുകളിൽ നമ്മൾ പോയാൽ തലശ്ശേരി ബിരിയാണിയുടെ ബോർഡ് ഇല്ലാത്ത ഒരു ഹോട്ടൽ പോലും ഉണ്ടാവില്ല. എന്നാൽ അത് കൊതിയോടെ കഴിക്കാൻ പോയാൽ കൂടുതലും നമ്മൾ വഞ്ചിതരാവുകയാണ് ചെയ്യാറ്. ഇനി നിങ്ങൾക്കും വീട്ടിൽ തന്നെ സിമ്പിളായി ചിക്കൻ പൊരിച്ച ദംബിരിയാണി ഉണ്ടാക്കാവുന്നതാണ്.
ആദ്യം നമ്മൾ ശ്രദ്ധിക്കേണ്ടത് ബിരിയാണി അരി വാങ്ങുമ്പോഴാണ്. പല പേരുകളിൽ പല ക്വാളിറ്റിയിൽ ഇത് ലഭ്യമാണ്. ബസുമതി അരിയേക്കാൾ ജീരക അരിയാണ് തലശ്ശേരി ബിരിയാണിക്ക് നല്ലത്. കൂട്ടത്തിൽ നല്ലത് നോക്കി വാങ്ങിക്കുക. ഇനി നമുക്ക് ബിരിയാണി എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം. ഇവിടെ 6 പേർക്കുള്ള രീതിയിലാണ് തയ്യാറാക്കുന്നത്.
ആദ്യം ഒരു കിലോ ചിക്കൻ എടുത്ത് വൃത്തിയായി കഴുകി അതിൽ അൽപ്പം മുളകുപൊടിയും മഞ്ഞൾപ്പൊടിയും ആവശ്യത്തിന് ഉപ്പും കുറച്ച് ചെറുനാരങ്ങാനീരും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇനി രണ്ടോ മൂന്നോപച്ചമുളകും അഞ്ച് അല്ലി വെളുത്തുള്ളിയും ചെറിയ കഷണം ഇഞ്ചിയും കുറച്ചു കറിവേപ്പിലയും കൂടി മിക്സിയിലിട്ട് നല്ലവണ്ണം ക്രഷ് ചെയ്ത് ഇതിൽ മിക്സ് ചെയ്യുക. ഒരു 15 മിനിറ്റ് ഇത് മാറ്റിവെക്കുക. ആ സമയം നമുക്ക് ഒരു നാല് ഇടത്തരം വലിപ്പമുള്ള സവാള നൈസായി അരിഞ്ഞെടുക്കുക. മൂന്നു തക്കാളിയും അതു പോലെ അരിയുക. നേരത്തെ നമ്മൾ പച്ച മസാല ആക്കിയത് പോലെ ഒന്നുകൂടി ചെയ്ത് മാറ്റി വെയ്ക്കുക. ഇനി ഒരു പാനിൽ കുറച്ച് സൺഫ്ലവർ ഓയിൽ ഒഴിച്ച് അത് ചൂടായാൽ അരിഞ്ഞുവെച്ച ഉള്ളി അതിൽ വാട്ടി എടുക്കുക. കരിഞ്ഞ് പോവാതെ ഗോൾഡൻ കളർ ആയാൽ എണ്ണയിൽ നിന്നും മാറ്റാം. ഇനി ആ എണ്ണയിലേക്ക് കുറച്ച് അണ്ടിപ്പരിപ്പും അത് ബ്രൗൺ കളറായാൽ മുന്തിരിയും ഇടുക. മുന്തിരി കരിയുന്നതിന് മുൻപ് പെട്ടെന്നുതന്നെ എണ്ണയിൽ നിന്നും എടുക്കുക.
അതിന് ശേഷം തിളച്ച എണ്ണയിൽ നേരത്തെ തയ്യാറാക്കി വെച്ച ചിക്കൻ പൊരിച്ചെടുക്കുക. അത് കഴിഞ്ഞാൽ നാല് കപ്പ് അരിയെടുത്ത് വൃത്തിയായി കഴുകി വെയ്ക്കുക. വേറൊരു പാത്രത്തിൽ നമുക്ക് മസാല തയ്യാറാക്കാം. അതിന് നേരത്തെ എടുത്ത എണ്ണയിൽ നിന്നും കുറച്ച് എണ്ണയെടുത്ത് അതിൽ പച്ച മസാലയിട്ട് അതിൻറെ പച്ചമണം പോയതിനു ശേഷം തക്കാളി ഇടുക. തക്കാളി വാടിക്കഴിഞ്ഞാൽ നേരത്തെ പൊരിച്ചു വെച്ച ഉള്ളിയിൽ നിന്നും മുക്കാൽഭാഗം എടുത്ത് ഇതിലിടുക. ആവശ്യത്തിന് ഉപ്പും കുറച്ച് മഞ്ഞൾപ്പൊടിയും ഒരു ടേബിൾ സ്പൂൺ ഗരം മസാലയും ചേർത്ത് നന്നായി ഇളക്കുക. ഇനി അതിൽ പൊരിച്ച ചിക്കൻ ഇടാം. ആവശ്യമെങ്കിൽ കുറച്ച് തൈരും ചെറുനാരങ്ങാനീരും ചേർക്കാവുന്നതാണ്. അങ്ങനെ നമ്മുടെ മസാല റെഡിയായി.
ഇനി ചോറ് വെക്കുന്നതിന് വേണ്ടി ഒരു പാത്രം എടുത്ത് അടുപ്പിൽ വെച്ച് അതിൽ രണ്ട് ടേബിൾ സ്പൂൺ പശുവിൻ നെയ്യ് ഒഴിക്കുക. ചൂടായാൽ കുറച്ച് പട്ട, ഗ്രാംപൂ, ഏലക്കായ എന്നിവ അതിൽ ചേർക്കാം. ഇനി 6 കപ്പ് വെള്ളം അതിലേക്കൊഴിച്ച് രണ്ട് ചെറുനാരങ്ങയുടെ നീരും ആവശ്യത്തിന് ഉപ്പും ഇട്ട് വെള്ളം തിളയ്ക്കാൻ വയ്ക്കാം. തിളച്ചശേഷം കഴുകിവെച്ച അരി അതിലേക്കിട്ടാം. തീ ലോ ഫ്ലേയ്മിൽ വച്ച് ഒരു 10 മിനിറ്റ് മൂടി വെക്കുക.
ഇനി വേറൊരു പാത്രമെടുത്ത് ഇപ്പോൾ തയ്യാറാക്കിയ ചോറ് പകുതി അതിലേക്ക് മാറ്റുക. ആദ്യത്തെ പാത്രത്തിൽ മാറ്റിവെച്ച ഉള്ളി കുറച്ചു വിതറുക. ആവശ്യമെങ്കിൽ ചെറുതായി അരിഞ്ഞ കാരറ്റും കുറച്ചു പനിനീരും ഇതിൽ ചേർക്കാവുന്നതാണ്. കളർ വേണമെന്നുണ്ടെങ്കിൽ ഒരു സ്പൂൺ പാലിൽ ഒരു നുള്ള് മഞ്ഞ കളർ ചേർത്ത് ഇതിൽ വിതറുക. ഇനി മസാല ഇതിലേക്കിടുക. അതിനു മുകളിലായി മാറ്റി വെച്ച ചോറും ഇടുക. ഇനി ബാക്കിയുള്ള ഉള്ളിയും അണ്ടിപ്പരിപ്പും മുന്തിരിയും ഇതിനുമുകളിൽ ഇടാം. ഫ്ലേവറിനു വേണ്ടി കുറച്ചു മല്ലിയും പുതിനയിലയും ഇടാവുന്നതാണ്. അത് അടച്ചു വച്ച് വീണ്ടും ഒരു 3 മിനിറ്റ് ലോ ഫ്ലേയ്മിൽ ചൂടാക്കുക. തലശ്ശേരി ദം ബിരിയാണി റെഡി. നിങ്ങൾക്കും ഇതുപോലെ തലശ്ശേരി ദം ബിരിയാണി ഉണ്ടാക്കി നോക്കാവുന്നതാണ്.