ഏപ്രിൽ മാസത്തെ “സൗജന്യ കിറ്റ്” വിതരണം തുടങ്ങി – ഇന്നലെ അമ്പതിനായിരത്തോളം പേർ കിറ്റ് കൈപ്പറ്റി

ഏപ്രിൽ മാസത്തെ സൗജന്യ കിറ്റ് റേഷൻ കടകൾ വഴി ഇന്നലെ അമ്പതിനായിരത്തോളം പേർ കൈപ്പറ്റി. ഇന്നലെ രാവിലെ മുതൽ വൈകിട്ട് വരെ 47, 285 കാർഡുടമകൾ വാങ്ങിയതായി കണക്കുകൾ സൂചിപ്പിക്കുന്നു. മാർച്ച് മാസത്തെ കിറ്റ് ഇതുവരെ 57.66 ലക്ഷം പേരും, ഫെബ്രുവരി മാസത്തെ കിറ്റ് 84.14 ലക്ഷം പേരും വാങ്ങി. ഫെബ്രുവരിയിലെ കിറ്റ് വിതരണം ഇന്നത്തോടെ അവസാനിക്കും. മാർച്ച് മാസത്തെ കിറ്റ് വിതരണം തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്.

മാർച്ച് മാസത്തെ റേഷൻ വിതരണം തൽക്കാലം തുടരാനാണ് തീരുമാനം. പല റേഷൻ കടകളിലും വൻ തിരക്ക് അനുഭവപ്പെട്ടു. വെള്ള റേഷൻ കാർഡ് ഉടമകൾക്കുള്ള 10 കിലോ സ്പെഷ്യൽ അരിയുടെ വിതരണം ഇന്ന് ആരംഭിക്കും. കിലോക്ക് 15 രൂപയായാണ് അരി കൊടുക്കുന്നത്. സി എം ആർ മട്ട അരി സ്പെഷ്യലായി കൊടുക്കാൻ പാടില്ലെന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് നിർദേശിച്ചിട്ടുണ്ട്. അതിനാൽ പുഴുക്കലരി ലഭിക്കാനാണ് സാധ്യത. പച്ചരി കുറഞ്ഞ അളവിൽ ലഭിക്കും.

ബ്രൗൺ നിറമുള്ള കാർഡുകാർക്ക് രണ്ട് കിലോ അരി സ്പെഷ്യലായി ലഭിക്കും. മൈനസ് ബില്ലിംഗ് ഏർപ്പെടുത്താൻ നിർദേശിച്ചിട്ടില്ലാത്തതിനാൽ നിലവിലെ സ്റ്റോക്കിൽ നിന്നും സ്പെഷ്യൽ അരി നൽകാൻ പല റേഷൻകടകൾക്കും പ്രയാസമായിരിക്കും. പുതിയ സ്റ്റോക്ക് ഉടൻ എത്തിക്കും എന്നാണ് അറിയിച്ചിരിക്കുന്നത്.

Similar Posts