ഒരുപാട് ലെയറുള്ള രുചികരമായ സ്പെഷ്യൽ പാൽ പൊറോട്ട

കണ്ണൂർ ജില്ലയിലൊക്കെ ഉണ്ടാക്കുന്ന പൊറോട്ട യാണ് പാൽ പൊറോട്ട. സാധാരണ പൊറോട്ടയുടെ രുചി തന്നെയായിരിക്കും ഇതിന്. എന്നാൽ ഉണ്ടാക്കുന്ന രീതിയിലുള്ള മാറ്റം മാത്രമേ ഉള്ളൂ. നല്ല ലെയറുകളൊക്കെ ആയിട്ട് നല്ല ടേസ്റ്റ് ആയിരിക്കും ഈ പാൽ പൊറോട്ട.

ഇത് എങ്ങനെ തയ്യാറാക്കുന്നു എന്ന് നമുക്ക് നോക്കാം. ഇതിന്റെ പ്രധാന ചേരുവ മൈദയാണ്. ഒരു പാത്രത്തിൽ 250ml വരുന്ന രണ്ട് കപ്പിൽ മൈദമാവ് എടുക്കുക. മൈദ തീരെ പറ്റാത്തവർക്ക് ഗോതമ്പ് പൊടി എടുക്കാം. ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ പശുവിൻ നെയ്യ് ഒഴിക്കുക. അത് ഇല്ലെങ്കിലും ഓയിൽ എടുക്കാം. പശുനെയ്യ് ആണെങ്കിൽ വേറെ തന്നെ ഒരു ടേസ്റ്റ് ആയിരിക്കും. ഇനി ഒരു മുട്ട ഉടച്ച് ഒഴിക്കുക. പിന്നെ ആവശ്യത്തിന് ഉപ്പും ഇടുക. ശേഷം കൈ കൊണ്ട് നന്നായി യോജിപ്പിക്കുക. ഇനി തിളപ്പിച്ചാറ്റിയ പാൽ കുറേശ്ശെയായി ഇതിൽ ഒഴിച്ച് കുഴയ്ക്കുക. പാലും മുട്ടയുമൊക്കെ ചേർത്തതിനാൽ മാവ് നല്ല സോഫ്റ്റ് ആയി കിട്ടും. അര ടീസ്പൂൺ പശുനെയ്യും ചേർത്ത് വീണ്ടും കുഴയ്ക്കണം. മാവ് എത്ര സോഫ്റ്റ് ആ കുന്നുവോ അത്രയും നല്ല പൊറോട്ട നമുക്ക് കിട്ടും. ഇനി അതിന്റെ മേൽ കുറച്ചു നെയ് തടവി 20 മിനിറ്റ് റെസ്റ്റ് ചെയ്യാൻ വെയ്ക്കുക.

അതിനുശേഷം മാവെടുത്ത് നോക്കിയാൽ പിന്നെയും അത് സോഫ്റ്റ് ആയിട്ടുണ്ടാകും. ഇനി മാവ് രണ്ടായി തിരിച്ച് ഉരുളയാക്കി വെയ്ക്കുക. എന്നിട്ട് ചപ്പാത്തിപ്പലകയിൽ കുറച്ച് മൈദപ്പൊടി ഇട്ട് നൈസായി പരത്തുക. ഇനി കുറച്ച് നെയ് എടുത്ത് എല്ലായിടത്തും ബ്രഷ് ചെയ്യുക. ശേഷം അതിനെ ചുരുട്ടി വെയ്ക്കുക.എന്നിട്ട് നമുക്ക് വേണ്ട വലുപ്പത്തിൽ മുറിക്കുക. മുറിച്ചെടുത്തതിന്റെ ഒരു വശം നോക്കിയാൽ ലെയർ കാണാൻ പറ്റും. ഇതുപോലെ ബാക്കിയുള്ള ഉരുളയും ചുരുട്ടി മുറിച്ചെടുക്കുക. ഇനി ചപ്പാത്തി പലകയിൽ പൊടി ഇട്ട് മുറിച്ച ഭാഗം ഓരോന്നായി ദീർഘചതുരാകൃതിയിൽ പരത്തുക. ഇനി നിങ്ങൾക്ക് റൗണ്ടിൽ പരത്തണമെങ്കിൽ അങ്ങനെയും ചെയ്യാം. അതുപോലെ എല്ലാം പരത്തിയെടുക്കുക.


ഇനി ഒരു പാൻ ചൂടാക്കി അതിൽ ഓരോന്നായി ഇട്ട് കൊടുക്കുക. അപ്പോൾ തീ ലോഫ്ലേമിലേക്ക് മാറ്റണം. അതിന്റെ മുകളിൽ കുമിളകൾ പൊന്തുമ്പോൾ തിരിച്ചിടണം. രണ്ടുഭാഗവും നെയ് പുരട്ടി കൊടുക്കുക. ഇതിന്റെ വെന്തു എന്ന് തോന്നിയാൽ എടുത്ത് പാത്രത്തിലേക്കു മാറ്റാം. ബാക്കിയുള്ളതും ഇങ്ങനെ ചുട്ടെടുത്താൽ മതി. ഇത് ചൂടോടെ നാലുമണി പലഹാരമായും ബ്രേക്ക്ഫാസ്റ്റായും ഡിന്നറായും ഒക്കെ കഴിക്കാം. ചിക്കൻ കറിയോ ബീഫ് കറിയോ കൂട്ടി കഴിച്ചാൽ നല്ല ടേസ്റ്റ് ആയിരിക്കും. കൂടാതെ കുട്ടികൾക്കൊക്കെ വെറുതെ കഴിക്കാനും ഇഷ്ടമുണ്ടാവും.

Similar Posts