ഒരു പപ്പായ ഉണ്ടെങ്കിൽ അടിപൊളി പപ്പായ 65 വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാം

ഒരു പപ്പായ മാത്രം മതി അടിപൊളി ടേസ്റ്റ് ഉള്ള പപ്പായ 65 തയ്യാറാക്കി എടുക്കാൻ. അതും വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കുകയും ചെയ്യാം. കുട്ടികൾക്കു ഒരുപാട് ഇഷ്ടമാകുന്ന ഈ വിഭവം വെറുതെ കഴിക്കാനും, ചോറിന്റെ കൂടെ കഴിക്കാനും അടിപൊളിയാണ്. അപ്പോൾ വളരെ എളുപ്പത്തിൽ എങ്ങിനെ ആണ് പപ്പായ 65 തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം ഒരു മീഡിയം വലുപ്പത്തിൽ ഉള്ള പപ്പായ എടുത്തു അതിന്റെ തോലും, കുരുവും കളഞ്ഞു വൃത്തിയാക്കി എടുക്കുക. കഴുകി എടുത്ത ശേഷം അത് നീളത്തിൽ അരിഞ്ഞു എടുക്കണം. ( അവിയലിന് കഷണങ്ങൾ മുറിക്കുന്നത് പോലെ കനം കുറച്ചു നീളത്തിൽ അരിഞ്ഞു എടുക്കണം. )

ഇനി ഒരു പാത്രത്തിൽ വെള്ളം തിളപ്പിക്കുക. അതിലേക്ക് പാകത്തിന് ഉപ്പ് ചേർക്കണം. വെള്ളം തിളച്ചു വന്നാൽ അതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന പപ്പായ ചേർത്ത് അഞ്ചു മിനിറ്റ് തിളപ്പിക്കുക. അതിനു ശേഷം വാങ്ങി വെള്ളം ഊറ്റി വക്കണം. ( അഞ്ചു മിനിറ്റിൽ കൂടുതൽ നേരം തിളപ്പിക്കുവാൻ പാടില്ല. വെന്തു കുഴഞ്ഞു പോകും. )

ഇനി ഒരു പാത്രത്തിലേക്ക് ഒന്നര സ്പൂൺ കാശ്മീരി മുളക്പൊടി, അര സ്പൂൺ മഞ്ഞൾപൊടി, അര സ്പൂൺ ചിക്കൻ മസാല, കാൽ സ്പൂൺ ഗരം മസാല, മൂന്നു സ്പൂൺ കോൺ ഫ്ലോർ,ഒരു മുട്ട, ഒരു സ്പൂൺ അരിപ്പൊടി, ഒരു സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. ഇനി ഒരു മണിക്കൂർ അടച്ചു മാറ്റി വക്കണം. ( ഫ്രിഡ്ജിൽ വച്ചാൽ കൂടുതൽ നല്ലതാണ്. )

ഇനി ഒരു പാനിൽ മുക്കി പൊരിക്കാൻ ആവശ്യത്തിന് ഉള്ള ഓയിൽ ചേർക്കുക. അതിലേക്ക് കുറേശ്ശേ ആയി പപ്പായ ചേർത്ത് നന്നായി വറുത്തു കോരുക. അവസാനം അൽപ്പം കറിവേപ്പില കൂടി ചേർത്ത് വറുത്തു കോരി അതിനു മുകളിൽ വിതറുക. ഇപ്പോൾ നമ്മുടെ അടിപൊളി “പപ്പായ 65” റെഡി… !!

Similar Posts