കിടിലൻ രുചിയിൽ അവൽ വിളയിച്ചത്, സോഫ്റ്റ് ആയി കിട്ടാൻ ഇങ്ങനെ ചെയ്താൽ മതി
വളരെയധികം ഗുണങ്ങൾ നിലനിൽക്കുന്ന ഒന്നാണ് അവൽ. നെല്ല് കുതിർത്ത് വറുത്ത് ഇടിച്ചെടുക്കുന്നതാണ് അവൽ. പലതരത്തിൽ ഇത് ആരോഗ്യത്തെ സഹായിക്കുന്നു. അവൽ ഉപയോഗിച്ച് പല സ്വാദിഷ്ഠമായ വിഭവങ്ങളും ഉണ്ടാക്കാം. സോഫ്റ്റായി അവൽ വിളയിച്ചത് എങ്ങനെ ഉണ്ടാക്കാമെന്നാണ് ഇവിടെ പറയുന്നത്. പണ്ട് കാലത്തൊക്കെ കൂടുതലായി നാലു മണി പലഹാരമായി അവിൽ വിളയിച്ചതാണ് ഉണ്ടാക്കാറ്. ആദ്യം ഗ്യാസ് ഓണാക്കി ഒരു പാൻ വെച്ചു കൊടുക്കുക. അത് ചൂടായാൽ രണ്ട് ടീസ്പൂൺ പശു നെയ്യ് ഇടുക.
അത് ഉരുകി വന്നാൽ കുറച്ച് അണ്ടിപ്പരിപ്പ് ഇട്ട് വാട്ടുക. ഇനി പൊട്ട് കടല നിങ്ങൾക്ക് വേണ്ട അളവിൽ ചേർത്ത് വഴറ്റണം. അതിന്റെ പച്ചമണം മാറുന്നതുവരെ ഇളക്കുക. ഇനി നിങ്ങൾക്ക് വേണമെങ്കിൽ കുറച്ചു മുന്തിരിങ്ങ ചേർത്ത് വാട്ടാം. പിന്നെ വലിയ ഒരു തേങ്ങ ചിരകിയത് ഇടുക. നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് തേങ്ങയുടെ അളവ് കൂട്ടാം. അതും നന്നായി വഴറ്റുക. തേങ്ങ നന്നായി ഉണങ്ങി വരണം. എന്നാൽ മാത്രമേ നമുക്ക് അവിൽ വിളയിച്ചത് കുറച്ചുനാൾ മോശമാവാതെ സൂക്ഷിക്കാൻ പറ്റൂ.ഇനി 300 ഗ്രാം ശർക്കരയിൽ അര ഗ്ലാസ് വെള്ളമൊഴിച്ച് ഉരുക്കി എടുക്കുക. എന്നിട്ട് അരിച്ചെടുക്കണം. നിങ്ങൾക്ക് വേണ്ട മധുരത്തിനനുസരിച്ച് ശർക്കരപ്പാനി ഒഴിക്കാം.
ലൂസായിട്ടാണ് ഇത് വേണ്ടത്. അത് ഒഴിച്ച് തേങ്ങ നന്നായി ഇളക്കുക. തേങ്ങ വിളഞ്ഞു വന്നാൽ വേണമെങ്കിൽ നിങ്ങൾക്ക് കുറച്ച് പശുനെയ്യ് കൂടി ചേർക്കാം. എന്നിട്ട് ഇളക്കണം. ഇനി തീ ഓഫ് ചെയ്യാം. ഇത് നന്നായി ചൂടാറിയാൽ അവൽ ഇടാം. അവൽ വിളയിക്കാൻ മട്ട അവ ലാണ് നല്ലത്. 250 ഗ്രാം അവൽ കുറേശ്ശെയായി ഇട്ട് ഇളക്കുക. ഇനി കുറച്ച് എലക്കായും ജീരകവും പൊടിച്ച് ഇടുക.
എന്നിട്ട് നമ്മൾ നേരത്തെ വറുത്തുവെച്ച പൊട്ടുകടലയും ഇട്ട് മിക്സ് ആക്കുക. ഇനി ഇതിൽ കറുത്ത എള്ള് ആണ് ഇടേണ്ടത്. ക്ലീൻ ചെയ്യാത്ത എള്ളാണെങ്കിൽ ഒന്ന് കഴുകി ഉണക്കിയെടുക്കണം. ഒരു ചെറിയ പാത്രം അടുപ്പത്ത് വെച്ച് അതിൽ ഒരു ടീസ്പൂൺ നെയ്യൊഴിച്ച് ചൂടായാൽ എള്ളിട്ട് വറുക്കുക. ഇനി അത് അവലിലേക്കിടാം. എന്നിട്ട് എല്ലാം കൂടി ഒന്ന് മിക്സാക്കിയാൽ മതി. നമ്മളെ പഴയകാല ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടു പോകുന്ന ഈ വിഭവം എന്തായാലും ട്രൈ ചെയ്തു നോക്കൂ.