ഒരു വെറൈറ്റി കിടിലോസ്കി ചിക്കൻ വട, ഇതിന്റെ രുചി ഒന്ന് വേറെ തന്നെയാണ്

വട കഴിക്കാൻ ഇഷ്ടപ്പെടാത്തവർ ചുരുക്കമായിരിക്കും. പലതരം വടകളും നമുക്ക് പരിചിതമാണ്. മുട്ടവട, ഉള്ളിവട, ഉഴുന്നുവട, പരിപ്പുവട, കൂമ്പ് വട, ചീര വട, റവ വട എന്നിങ്ങനെ പോകുന്നു ഇതിന്റെ നിര. എന്നാൽ ഭൂരിഭാഗം പേർക്കും കൂടുതൽ പരിചയം ഉഴുന്നുവടയും പരിപ്പുവടയും ആണ്. ഇവിടെ ഇതാ തികച്ചും വെറൈറ്റി ആയി നോൺ വെജ് വട ഉണ്ടാക്കാൻ പോകുന്നു. ഇതിലെ പ്രധാന ചേരുവ ചിക്കനാണ്. ചിക്കൻ ചേർത്ത വട നിങ്ങൾ ഉണ്ടാക്കുന്നത് ആദ്യമായിട്ടായിരിക്കും.

ആദ്യം മിക്സിയുടെ വലിയ ജാറെടുക്കുക. അതിൽ ഒരു സവാള ചെറുതായി അരിഞ്ഞത് ഇടുക. പിന്നെ ഒരു ഉരുളക്കിഴങ്ങ് വേവിച്ച് കഷണങ്ങളാക്കിയതും ഒരു പച്ചമുളക് വട്ടത്തിൽ മുറിച്ചതും ചേർക്കുക. എരിവ് കുറഞ്ഞ മുളക് ആണെങ്കിൽ രണ്ടെണ്ണം ഇടാം. പിന്നെ 8 വെളുത്തുള്ളി വട്ടത്തിൽ മുറിച്ചതും വലിയ ഇഞ്ച് ചെറുതായി അരിഞ്ഞതും ചേർക്കുക. ശേഷം ഒരു ടീസ്പൂൺ കുരുമുളകുപൊടിയും ഒരു ടീസ്പൂൺ ഉപ്പും ചേർക്കുക.

ഇനി ഇതിലെ പ്രധാന ചേരുവയായ 300 ഗ്രാം ചിക്കൻ കഴുകി വൃത്തിയാക്കി എല്ലില്ലാതെ കഷണങ്ങളാക്കി വെച്ചത് ഇതിലേക്കിടുക. നിങ്ങളുടെ ആവശ്യാനുസരണം ചിക്കന്റെ അളവ് കൂട്ടാം. ഇനി രണ്ട് ടേബിൾസ്പൂൺ ബ്രെഡ് ഗ്രംസ് ചേർക്കണം. പിന്നെ മുക്കാൽ ടേബിൾസ്പൂൺ ഗരം മസാല കൂടി ഇടുക. ഇനി ഇതെല്ലാം കൂടി ഫൈനായി അരച്ചെടുക്കുക. ഈ അരച്ച മിശ്രിതം ഒരു പ്ലേറ്റിലേക്ക് മാറ്റുക. പിന്നെ ഇതിന്റെ മുകളിൽ രണ്ട് ടേബിൾ സ്പൂൺ അരിപ്പൊടി ചേർക്കണം. ലൂസായിട്ടുള്ള ഈ മിശ്രിതത്തിൽ അരിപ്പൊടി ചേർത്ത് കുഴച്ചാൽ കട്ടിയായി കിട്ടും.

ശേഷം നമ്മുടെ രണ്ട് കൈയിലും നെയ് പുരട്ടി കുറച്ചെടുത്ത് കൈയിൽ വെച്ച് പരത്തി നടുക്ക് തുളയിട്ട് വടയുടെ ആകൃതിയിൽ ആക്കുക. എന്നിട്ട് എല്ലാം ഒരു പ്ലേറ്റിലേക്ക് വെയ്ക്കുക. എന്നിട്ട് രണ്ടുമണിക്കൂർ ഫ്രീസറിൽ വെയ്ക്കണം. ഇതൊന്ന് സെറ്റ് ആവാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. ഫ്രിഡ്ജിൽ നിന്ന് എടുത്തു കഴിഞ്ഞ് വിരൽ കൊണ്ട് തട്ടി നോക്കിയാൽ അത് ഉറച്ച തായിട്ട് നിങ്ങൾക്ക് മനസ്സിലാകും. ഇത് ഓരോന്നായി അരിപ്പൊടിയിൽ മിക്സാക്കി എടുക്കുക.

ഇനി ഒരു ചെറിയ ബൗളെടുത്ത് അതിൽ 2 മുട്ട ഉടച്ച് ഒഴിക്കുക. അതിലേക്ക് വട മുക്കി എടുക്കുക. ഇനി ഒരു പ്ലേറ്റിൽ കുറച്ച് ബ്രെഡ് ഗ്രംസിട്ട് അതിൽ വട ഓരോന്നായി മിക്സ് ചെയ്ത് എടുക്കുക. ഇനി ഒരു പാൻ എടുത്ത് അതിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. അതിലേക്ക് ഓരോ വടയായി ഇടുക. മിനിമം തീയിലേക്ക് മാറ്റി മറുവശവും പൊരിച്ചെടുക്കണം. എന്നിട്ട് എണ്ണയിൽ നിന്ന് കോരി എടുക്കാം. അങ്ങനെ നമ്മുടെ സൂപ്പർ ചിക്കൻ വട റെഡിയായി. ഇത് തക്കാളി സോസോ മയോണൈസോ ചേർത്ത് കഴിക്കാം. അടിപൊളി ടേസ്റ്റ് ആയിരിക്കും ഇതിന്.

Similar Posts