ഒരു സൂപ്പർ സ്പെഷ്യൽ ക്യാരറ്റ് അട, വാഴയിലയിൽ ആവിയിൽ വേവിച്ച് ഇങ്ങനെ ഒരു പലഹാരം ഉണ്ടാക്കിനോക്കു

ഇലയട ഇഷ്ടമല്ലാത്തവർ ആരും ഉണ്ടാവില്ല. വളരെ എളുപ്പത്തിലും രുചിയായും ഉണ്ടാക്കുന്ന ഒരു അടയെ പറ്റിയാണ് ഇവിടെ പറയുന്നത്. ക്യാരറ്റ് ചേർക്കുന്ന അടയായതിനാൽ വളരെ ഹെൽത്തിയാണിത്. ആവിയിൽ വേവിച്ചെടുക്കുന്നതിനാൽ ഏത് പ്രായക്കാർക്കും ഇത് കഴിക്കാനും പറ്റും.

ആദ്യം ഒരു പാൻ ചൂടാക്കി അതിൽ ഒന്നര ടീസ്പൂൺ പശു നെയ്യ് ചേർക്കുക. അത് ചൂടായാൽ ഒരു ക്യാരറ്റ് ചെറുതായി അരിഞ്ഞത് ഇടുക. നിങ്ങൾക്ക് ഗ്രേറ്റർ ഉണ്ടെങ്കിൽ ഗ്രേറ്റ് ചെയ്താലും മതി. എന്നിട്ട് നന്നായി വഴറ്റുക. ആവശ്യമെങ്കിൽ നിങ്ങൾക്ക് കുറച്ചുകൂടി നെയ്യ് ചേർത്ത് ഇളക്കാം. ഇത് കുറച്ചു വെന്തു കഴിഞ്ഞാൽ ഏലക്കായും പഞ്ചസാരയും കൂടി മിക്സ് ചെയ്ത പൊടി മുക്കാൽ ടീസ്പൂൺ ചേർക്കാം. പിന്നെ അര ടീസ്പൂൺ ചെറിയ ജീരകം പൊടിച്ചതും ഇടുക. ശേഷം അര കപ്പ് ചിരവിയ തേങ്ങയും ഇട്ട് നന്നായി ഇളക്കി കൊടുക്കുക.

ഇനി ഇതിലേക്ക് അര കപ്പ് ശർക്കര ചീകിയത് ഇടാം. ഇനി കുറഞ്ഞ തീയിൽ വെച്ച് 4 മിനിറ്റ് ഇളക്കണം. കൂടുതൽ സമയം ഇളക്കിയാൽ ശർക്കര ഒട്ടിപ്പിടിച്ചു പോകും. ശർക്കര ഉരുകി വന്നാൽ തീ ഓഫ് ചെയ്യാം. ഇനി ഒരു ബൗളെടുത്ത് അതിൽ ന്നെരക്കപ്പ് വറുത്ത അരിപ്പൊടി ഇടുക. ആവശ്യത്തിനുള്ള ഉപ്പും ഇട്ട് നന്നായി യോജിപ്പിക്കുക. ഇനി കുറച്ച് ചൂട് വെള്ളം ഒഴിച്ച് കുഴച്ചെടുക്കുക.മാവ് സോഫ്റ്റായി വരണമെങ്കിൽ ചൂട് വെള്ളത്തിൽ തന്നെ കുഴയ്ക്കണം. നിങ്ങളുടെ കയ്യിൽ കുറച്ച് നെയ്യ് പുരട്ടി ഒന്നുകൂടി കുഴയ്ക്കാം.

ഏകദേശം ഒരേ വലിപ്പമുള്ള കുറച്ചു വാഴയില കീറി എടുക്കണം. വാഴയില നനച്ചെടുത്ത് കുറച്ചു മാവ് ഉരുളയാക്കി ഇലയിൽ വെച്ച് പരത്തുക. കൈയിൽ കുറച്ച് വെള്ളം തൊട്ടു പരത്തിയാൽ മതി. ഇനി ക്യാരറ്റിലെ മിക്സ് സ്പൂൺ കൊണ്ട് ഇട്ട് ഫില്ല് ചെയ്യുക. ഒന്നര സ്പൂൺ മിക്സ് ഇട്ടാൽ മതി. എന്നിട്ട് ഇല രണ്ട് മടക്കാക്കി എടുക്കുക. അതുപോലെ എല്ലാ ഇലയും ഇങ്ങനെ തന്നെ ചെയ്യുക.

ശേഷം ഇഡലി പാത്രമോ സ്റ്റീമറോ എടുത്ത് അതിൽ വെള്ളം ഒഴിച്ച് അടുപ്പിൽ വെയ്ക്കുക. വെള്ളം നല്ലവണ്ണം തിളച്ചാൽ അതിന്റെ തട്ടിൽ നമ്മൾ ഫില്ല് ചെയ്തു വെച്ച വാഴയില വെയ്ക്കാം. ഇനി ഇതിന്റെ മൂടി കൊണ്ട് അടച്ച് നല്ല തീയിൽ വേവിക്കുക. 12 മിനിട്ടെങ്കിലും വേവാൻ വെയ്ക്കണം. അതിനു ശേഷം മൂടി തുറന്ന് അട എടുത്ത് പ്ലേറ്റിലേക്കു മാറ്റാം. അപ്പോൾ വാട്ടിയ ഇലയുടെയും ശർക്കരയുടെയും നല്ല മണം വന്നിട്ടുണ്ടാവും. അങ്ങനെ നമ്മുടെ സ്പെഷ്യൽ ക്യാരറ്റ് അട ഇവിടെ റെഡി ആയി കഴിഞ്ഞു.