ഒറ്റ ചാർജിൽ 500 കിലോമീറ്റർ ഓട്ടം, ആൽട്രോസ് ഇവിയുമായി ടാറ്റാ മോട്ടോഴ്സ് രംഗത്ത്
വാഹന നിർമ്മാതാക്കൾ ഇലക്ട്രിക് വാഹനങ്ങലിലേക്ക് ശ്രദ്ധ തിരിച്ചിരിക്കുകയാണ്. വരാൻ പോകുന്നത് ഇലക്ട്രിക് വാഹനങ്ങളുടെ തരംഗമാണ്. അത്തരത്തിലൊരു ചുവടു മാറ്റവുമായി രംഗത്തെത്തിയിരിക്കുകയാണ് ടാറ്റാ മോട്ടോഴ്സ്. ഇലക്ട്രിക് വാഹനങ്ങളുടെ നിർമ്മാണത്തിലേക്ക് വളരെ വേഗത്തിൽ ഇറങ്ങി ശ്രദ്ധ പിടിച്ചു പറ്റുകയാണ് ടാറ്റാ. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ നെക്സോൺ മികച്ച പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ടാറ്റാ മോട്ടോഴ്സിന്റെ നേരത്തെയുള്ള ഈ പടയൊരുക്കം ശരിയായ ദിശയിലേക്കാണ് കുതിക്കുന്നത്.
ഇലക്ട്രിക് വാഹനം ആയി രംഗത്തിറക്കിയ ടിഗോർ ടാക്സി വാഹനം ആയി ടാറ്റാ രംഗത്തിറക്കിയിരുന്നു. എക്സ്പ്രസ് ടി എന്ന പേരിലായിരുന്നു ടാറ്റയുടെ ഈ പരിഷ്കരിച്ച പതിപ്പ് ഇറങ്ങിയത്. ഇതുകൊണ്ടൊന്നും ടാറ്റ അടങ്ങിയില്ല, 2025 നുള്ളിൽ 10 പുതിയ വാഹനങ്ങളാണ് ഇലക്ട്രിക് വാഹനങ്ങൾ ആയി രംഗത്ത് എത്തിക്കാൻ ഒരുങ്ങുന്നത്.
10 വാഹനങ്ങളിൽ ആദ്യം പുറത്തെത്തിക്കുക പ്രീമിയം ഹാച്ച്ബാക്കായ ആൾട്രോസ് ഇന്റെ ഇലക്ട്രിക് വകഭേദമാണ്. ജനീവ മോട്ടോർ ഷോയിൽ 2019 ലാണ് ആൽട്രോസ് ഇലക്ട്രിക് വകഭേദം ആദ്യമായി അവതരിപ്പിച്ചത്. 250 മുതൽ 350 കിലോമീറ്റർ വരെ ഫുൾ ചാർജിൽ ആൽട്രോസ് ഇവിയ്ക്ക് സഞ്ചരിക്കാനാവും എന്നത് പ്രത്യേകത തന്നെ. എന്നാൽ ഇതിനെ വെല്ലുന്ന രീതിയിൽ 500 കിലോമീറ്റർ വരെ ഫുൾ ചാർജിൽ ഓടാൻ പറ്റുന്ന മോഡലുമായി രംഗത്തെത്താൻ ഒരുങ്ങുകയാണ് ടാറ്റ.
നെക്സോൺ ഇവി ചെയ്തിരിക്കുന്ന സിപ്ട്രോൺ സാങ്കേതികവിദ്യയിൽ തന്നെയാവും ആൽട്രോസ് ഇലക്ട്രിക് വെഹിക്കിളും രംഗത്തേത്തുക. ഐപി67 മാനദണ്ഡങ്ങളോടെയുള്ള ലിഥിയം അയൺ ബാറ്ററി യിൽ നിന്ന് ഊർജ്ജം ശേഖരിച്ച് പ്രവർത്തിക്കുന്ന പെർമനെന്റ് മാഗ്നെറ്റിക് എസി ഇലക്ട്രിക് മോട്ടോർ ആണ് നെക്സോൺ ഇലക്ട്രിക് വെഹിക്കിളിനെ പ്രവർത്തിപ്പിക്കുന്നത്. ആൽട്രോസിൽ കപ്പാസിറ്റി കൂടിയ ബാറ്ററിയൊ ഒന്നിലധികം ബാറ്ററികളോ ഉപയോഗിക്കും എന്നാണ് അറിയാൻ കഴിയുന്നത്.
312 കിലോമീറ്ററിൽ നിന്നും നെക്സോൺ ഇവിയേക്കാൾ 40 ശതമാനത്തിലധികം കൂടുതൽ റേഞ്ച് ആൽട്രോസിന് ലഭ്യമാവും. ഏകദേശം ഇത് 500 കിലോമീറ്റർ ആയിരിക്കും.
റേഞ്ച് കൂടിയ ബാറ്ററികൾ അധികം താമസമില്ലാതെ നെക്സോൺ ഇവിയിലും ഉപയോഗിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ റിപ്പോർട്ടിന്മേൽ ടാറ്റാ മോട്ടോഴ്സ് ഔദ്യോഗികമായ പ്രതികരണങ്ങളൊന്നും തന്നെ രേഖപ്പെടുത്തിയിട്ടില്ല.