കപ്പലണ്ടി ഇല്ലാതെ സൂപ്പർ കപ്പലണ്ടി മിഠായി, വെറും 2 ചേരുവകൾ മാത്രം
നിരവധി ആരോഗ്യ ഗുണങ്ങളുടെ കലവറയാണ് കപ്പലണ്ടി, പ്രായഭേദമന്യേ എല്ലാവർക്കും കഴിക്കാൻ പറ്റുന്ന ഒരു മിഠായി ആണ് ഇത്. പണ്ടു കാലത്ത് നാട്ടിൻപുറങ്ങളിൽ കണ്ണാടി കുപ്പിയിൽ ചതുരാകൃതിയിൽ ഇത് വെച്ചത് കാണുമ്പോൾ തന്നെ നമുക്ക് വായിൽ വെള്ളമൂറും. ഇതാ ഇവിടെ തികച്ചും വ്യത്യസ്തമായി കപ്പലണ്ടി ഇല്ലാതെ കപ്പലണ്ടി മിഠായി ഉണ്ടാക്കുന്നതിനെ പറ്റിയാണ് പറയുന്നത്. സാധാരണ നിലക്കടല ഉപയോഗിച്ചാണ് ഇതുണ്ടാക്കുന്നത്. എന്നാൽ ഇവിടെ കടലപ്പരിപ്പ് കൊണ്ടാണിത് തയ്യാറാക്കുന്നത്. വെറും 2 ചേരുവകൾ മാത്രമേ ഇതിന് ആവശ്യമുള്ളൂ. അത് കടലപ്പരിപ്പും ശർക്കരയും ആണ്.
ആദ്യം ചെയ്യേണ്ടത് ഒരു പാൻ എടുത്ത് ചൂടാക്കി അതിലേക്ക് ഒരു കപ്പ് കടലപ്പരിപ്പ് ഇടുക. എന്നിട്ട് ഒരു മിനിമം തീയിൽ വെച്ച് നന്നായി ഇളക്കുക. ഒന്നര മിനിട്ടെങ്കിലും ഇത് വറുക്കണം. പരിപ്പ് ബ്രൗൺ കളർ ആവാതിരിക്കാൻ ശ്രദ്ധിക്കണം. ഇതൊരു പ്ലേറ്റിലേക്ക് മാറ്റി ഒന്ന് ചൂടാറാൻ വയ്ക്കണം.
ഇനി മുക്കാൽ കപ്പ് ശർക്കര എടുക്കുക. ഇതൊരു പാനിൽ പൊടിച്ചിട്ട് രണ്ട് സ്പൂൺ വെള്ളമൊഴിച്ച് ഉരുക്കി എടുക്കുക. ശർക്കര പാനി പോലെ ഇത് ലൂസായിട്ടല്ല വേണ്ടത് , കട്ടി ആയിട്ടാണ്. ഉരുകുന്നത് വരെ ഇളക്കണം. അല്ലെങ്കിൽ അടിയിൽ പിടിച്ചു പോകും. ശർക്കരയുടെ മിശ്രിതം പാകമായോ എന്നു നോക്കാൻ ഒരു ചെറിയ ബൗളിൽ കുറച്ച് തണുത്ത വെള്ളം എടുത്ത് അതിലേക്ക് രണ്ട് തുള്ളി ഉറ്റിക്കുക. അത് മുറിഞ്ഞ് വരുന്നുണ്ടെങ്കിൽ ഇത് പാകമായി പാകമായി എന്ന് മനസ്സിലാക്കാം.
ഇനി വറുത്തു വെച്ച കടലപ്പരിപ്പ് കുറേശ്ശെയായി ശർക്കരയിലേക്ക് ഇടാം. അപ്പോഴും ചെറുതീയിൽ ഇളക്കിക്കൊണ്ടിരിക്കണം. ശർക്കര പരിപ്പിലേക്ക് നന്നായി പറ്റി വരുന്നുണ്ടെങ്കിൽ തീ ഓഫ് ചെയ്യാം.
ഇനിയൊരു സ്ക്വയർ ടൈപ്പ് പാത്രത്തിൽ ബട്ടർ പേപ്പർ വിരിച്ച് അതിൽ പശുനെയ് പുരട്ടി അതിലേക്ക് ഇത് ചൂടോടെ ഒഴിച്ചുകൊടുക്കുക. ഇനി ഒരു കത്തി കൊണ്ട് ഇത് വിലങ്ങനെയും കുത്തനെയും വരയുക. വേഗം അത് സെറ്റായി വന്നിട്ടുണ്ടാകും ഇനി ഒരു മുക്കാൽ മണിക്കൂർ കഴിയുമ്പോഴേക്കും അത് സെറ്റായി വന്നിട്ടുണ്ടാകും. ഇനി വേറൊരു പാത്രത്തിലേക്ക് മാറ്റാം. ക്രിസ്പി കപ്പലണ്ടി മിഠായി ഇവിടെ റെഡിയായി കഴിഞ്ഞു. ഇത് നിങ്ങൾക്ക് നേരിയ ടൈപ്പിൽ മതിയെങ്കിൽ പാത്രത്തിലേക്ക് മാറ്റുന്ന സമയത്ത് ചപ്പാത്തി കോല് കൊണ്ട് ഒന്ന് പരത്തിയാൽ മതി.