കയ്പ്പില്ലാതെ നാരങ്ങ അച്ചാർ ഇതുപോലെ അടിപൊളിയായി ഉണ്ടാക്കാം

അച്ചാർ എന്ന് കേൾക്കുമ്പോൾ തന്നെ എല്ലാവരുടെയും വായിൽ വെള്ളമൂറും. കേരളീയ സദ്യയിലെ ഒഴിച്ചുകൂടാനാവാത്ത ഒരു വിഭവമാണ് അച്ചാർ. ഊണിന് സ്വാദ് നൽകാനും ദഹനത്തിനും ഇത് സഹായിക്കുന്നു. പലതരത്തിലുള്ള അച്ചാറുകൾ നമ്മൾ ഉണ്ടാക്കാറുണ്ട്. ഇന്നിവിടെ നാരങ്ങ അച്ചാർ എങ്ങനെ ഉണ്ടാക്കുന്നു എന്നതിനെ പറ്റിയാണ് പറയുന്നത്. തികച്ചും വെറൈറ്റി ആയി കുറച്ച് കയ്പ്പ് പോലുമില്ലാതെയാണ് ഇത് തയ്യാറാക്കുന്നത്.

ആദ്യം ഒരു കിലോ ചെറുനാരങ്ങ നന്നായി കഴുകി എടുക്കുക. ഇനി ഇഡ്ഡലി പാത്രത്തിൽ വെള്ളം വെച്ച് ചെറുനാരങ്ങ ആവിയിൽ വേവിച്ചെടുക്കണം. വെള്ളം തിളച്ച് വരുമ്പോൾ ഇഡ്ഡലിത്തട്ടിൽ ചെറുനാരങ്ങ വെക്കാം. നാരങ്ങ പൊട്ടി വരുമ്പോൾ തീ ഓഫ് ചെയ്യാം. ഇനി ഇത് ചൂടാറാൻ വെയ്ക്കണം. ചൂടാറിയാൽ നാല് കഷ്ണമാക്കി മുറിച്ച് എടുക്കാം. ഇനി അതിൽ ഉപ്പു മിക്സ് ചെയ്തു വെയ്ക്കണം. എന്നിട്ട് രണ്ട് ദിവസം കഴിഞ്ഞിട്ട് മാത്രമേ അച്ചാർ ഇടാവൂ.

ഇനി വേണ്ടത് കുറച്ച് ഉണക്കമുന്തിരി കഴുകിയെടുക്കുക. പിന്നെ കുറച്ച് ഈന്തപ്പഴം കഷണങ്ങളാക്കിയതും ഒരു വലിയ കഷണം ഇഞ്ചി തൊലി കളഞ്ഞതും വെളുത്തുള്ളി തൊലി കളഞ്ഞതും ജാറിലിട്ട് ക്രഷ് ചെയ്യുക. ആവശ്യത്തിന് പച്ചമുളക് വട്ടത്തിൽ അരിഞ്ഞ് വയ്ക്കുക. ഇനി ഒരു മൺചട്ടി എടുത്ത് അതിൽ 400 മില്ലി എണ്ണ ഒഴിക്കുക. എണ്ണ ചൂടായാൽ മൂന്ന് ടീസ്പൂൺ കടുക് ചേർക്കണം. തീ കുറച്ച് അതിലേക്ക് ഈന്തപ്പഴം ഇടുക. അത് എണ്ണയിൽ കിടന്ന് തിളക്കുമ്പോൾ തന്നെ സോഫ്റ്റ് ആയി വരും. ഇനി നമ്മൾ എടുത്ത് വെച്ച കറുത്ത മുന്തിരി ഇടുക. അത് നന്നായി ഇളക്കുക. കുറച്ചു കഴിഞ്ഞാൽ അതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചത് ചേർക്കാം. ഇനി അരിഞ്ഞുവെച്ച പച്ചമുളകും കുറച്ച് കറിവേപ്പിലയും ചേർക്കാം. അഞ്ചുമിനിറ്റ് ഇതെല്ലാം കൂടി ഇളക്കുക.

ശേഷം ഒരു ടീസ്പൂൺ കായപ്പൊടിയും ഒരു ടീസ്പൂൺ ഉലുവ വറുത്ത് പൊടിച്ചതും ചേർക്കണം. പിന്നെ കാശ്മീരി മുളകുപൊടിയാണ് നിങ്ങൾ ചേർക്കുന്നതെങ്കിൽ 7 ടീസ്പൂൺ ചേർക്കുക. സാധാരണ മുളക് പൊടിയാണെങ്കിൽ മൂന്ന് ടീസ്പൂൺ ചേർത്താൽ മതി. അതിന്റെ കൂടെ കളർ കിട്ടാൻ രണ്ട് ടീസ്പൂൺ കാശ്മീരി മുളകുപൊടിയും ചേർത്താൽ മതി. ഇതെല്ലാം ഇട്ടതിനുശേഷം ഒരു മിനിട്ടോളം നന്നായി ഇളക്കണം. ചട്ടിയുടെ അടിയിൽ പിടിക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഇനി വേവിച്ച് വെച്ച നാരങ്ങ നീരടക്കം മിക്സിലേക്ക് ചേർക്കാം. നാരങ്ങയിൽ അച്ചാറിന്റെ മിക്സ് ഒക്കെ പിടിക്കുന്നതുവരെ ഇളക്കി കൊടുക്കണം.

ഇനി മൂന്ന് ടീസ്പൂൺ പഞ്ചസാര ചേർത്തിട്ട് നന്നായി ഇളക്കണം. ഇനി ഒന്നേ കാൽ കപ്പ് വിനാഗിരിയും ചേർക്കുക. നിങ്ങൾ ഇത് കൂടുതൽ കാലം സൂക്ഷിച്ച് വെക്കുന്നുണ്ടെങ്കിൽ വിനാഗിരിയും എണ്ണയും ഇനിയും ചേർക്കാം. എന്നിട്ട് കുറച്ചു സമയം മൂടിവയ്ക്കാം. അങ്ങനെ ഒട്ടും കയ്പ്പില്ലാത്ത നാരങ്ങ അച്ചാർ ഇവിടെ റെഡിയായി. ഇത് കേടുകൂടാതെ നിങ്ങൾക്ക് എത്ര കാലം വേണമെങ്കിലും സൂക്ഷിക്കാനും പറ്റും.

Similar Posts