കലിതുള്ളി കാലവർഷം:ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി

ഇടുക്കി: കാലവർഷം ശക്തി പ്രാപിക്കുന്ന അവസ്ഥയിൽ ഇടുക്കി ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ ഷീബ ജോർജ്‌ 2022 ഓഗസ്റ്റ് 05 വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. അഭിമുഖങ്ങൾക്കും മുമ്പേ തീരുമാനിച്ച പരീക്ഷകൾക്കും മാറ്റമുണ്ടാകില്ല. കാലവർഷത്തെ തുടർന്ന് നഷ്ടപെടുന്ന ക്ലാസ്സുകളും പഠന സമയവും യഥാക്രമം ക്രമീകരിച്ചു കൃത്യമാക്കുവാൻ ഓരോ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും അധികൃതർ നടപടി എടുക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

സംസ്ഥാനത്തു പരക്കെ ഇപ്പോഴും കനത്ത മഴ തുടരുകയാണ്.ഇടുക്കി ജില്ലയിലും വൃഷ്ടി പ്രദേശത്തും മഴയ്ക്ക് ശമനമില്ല. മണ്ണിടിഞ്ഞു വിവിധ പ്രദേശങ്ങളിൽ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.ഇതിനിടെ അണക്കെട്ടുകളുടെ ജലനിരപ്പും ഉയരുന്നുണ്ട്.136 അടിയിലേക്ക് മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് ഉയർന്നു.

160 ഓളം പേരെ 8 ക്യാമ്പുകളിലായി മാറ്റി പാർപ്പിച്ചിട്ടുണ്ട്.ഇടുക്കിയിലെ ഒരു വീട്ടിൽ തോടിൽ വെള്ളം നിറഞ്ഞു വീടുകളിൽ വെള്ളം കയറി.വെള്ളം കയറിയത് ഇടശ്ശേരിയിൽ ജിജോയുടെ വീട്ടിലാണ്.പുറത്തിറങ്ങാൻ കഴിയാതെ വന്നതോടെ വീട്ടുകാർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.തുടർന്ന് ഫയർ ഫോഴ്സ് വന്നു രക്ഷാപ്രവർത്തനം നടത്തി വീട്ടുകാരെ ബന്ധുക്കളുടെ വീട്ടിലേക്ക് മാറ്റി പാർപ്പിച്ചു.വീട്ടിൽ ജിജോയുടെ ഭാര്യയും 5 വയസ്സുള്ള കുഞ്ഞും ഉണ്ടായിരുന്നു.

സംസ്ഥാനത്തു  നിലവിൽ 8 ജില്ലകൾക്ക് റെഡ് അലേർട്ട് ആണ് ഉള്ളത്.എറണാകുളം,ആലപ്പുഴ,കോട്ടയം,ഇടുക്കി,തൃശൂർ,പാലക്കാട് ,കണ്ണൂർ ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചത്. ഓറഞ്ച് അലേർട് കോഴിക്കോട് ,കൊല്ലം,വയനാട്,മലപ്പുറം,കാസർഗോഡ് ജില്ലകളിലാണ്.യെല്ലോ അലേർട്ട് ഉള്ളത് തിരുവനന്തപുരം ജില്ലയ്ക്കാണ്.മഴയ്ക്ക് കാരണമായത് ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴിയാണെന്നാണ് നിഗമനം.ഞായറാഴ്ചയോടെ ഇത് ന്യൂനമർദ്ദമായേക്കും.മൽസ്യ തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദ്ദേശമുണ്ട്.