കാലുകൾ കൊണ്ട് പരീക്ഷയെഴുതി എ പ്ലസ് വാരിക്കൂട്ടി ദേവിക, ദേവികയ്ക്ക് അഭിനന്ദനങ്ങൾ

ഈ മിടുക്കിയെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ഈ വർഷത്തെ പ്ലസ് ടു പൊതുപരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി കൊണ്ട് നമ്മളെ എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് മലപ്പുറം വള്ളിക്കുന്ന് ഒലിപ്പുറം സ്വദേശിയായ ദേവിക.ജന്മനാതന്നെ ഇരുകൈകളും ഇല്ലാത്ത ദേവിക ആരുടെയും സഹായം ഇല്ലാതെയാണ് ഇതുവരെയുള്ള എല്ലാ പരീക്ഷകളും എഴുതി പാസ്സായത്.

കുട്ടിക്കാലത്തുതന്നെ ദേവിക കാലുകൊണ്ട് എഴുതി പൊരുതി വന്നതാണ്.അവൾക്ക് ഈ വിജയം അപ്രതീക്ഷിതമായിരുന്നില്ല.നിരന്തരമായ പരിശീലനം കൂടിയായിരുന്നു. ഏറെ വെല്ലുവിളി നിറഞ്ഞ ഈ പ്ലസ് ടുവും എസ്സ്എസ്സ് എൽ സി പോലെ അവൾ നിഷ്പ്രയാസം കാലുകൊണ്ട് എഴുതി തീർത്തു.

ഈ കൊച്ചു മിടുക്കി കലാപരമായും കഴിവുകൾ തെളിയിച്ചിട്ടുണ്ട്.കാലുകൾ കൊണ്ട് ചിത്രം വരയ്ക്കാനും, നന്നായി പാട്ട് പാടാനും കഴിവുള്ള കുട്ടി കൂടെയാണ് ദേവിക.അതിലൂടെ നിരവധി സമ്മാനങ്ങളും ലഭിച്ചിട്ടുണ്ട്.ദേവികയ്ക്ക് കൂടുതലും അമ്മയാണ് ഓരോ കാര്യങ്ങൾക്കും പ്രോത്സാഹനം കൊടുക്കുന്നത്.

അംഗവൈകല്യമുള്ളവർക്ക് പ്ലസ് ടു പൊതുപരീക്ഷ മറ്റൊരാളുടെ സഹായത്തോടുകൂടി എഴുതാമെങ്കിലും, തനിക്ക് പരസഹായം വേണ്ട എന്ന് വച്ചുകൊണ്ട് തന്നെയാണ് ദേവിക മുന്നോട്ടേക്ക് കുതിച്ചത്. അതുകൊണ്ടുതന്നെ പ്ലസ് ടു പൊതു പരീക്ഷയിൽ മുഴുവൻ എ പ്ലസ് നേടി ഉന്നത വിജയം കരസ്ഥമാക്കി.

കൃത്യമായ ടൈം ടേബിൾ ഉപയോഗിച്ചായിരുന്നില്ല ദേവികയുടെ പഠനം.പഠനം ജീവിതത്തിന്റെ ഒരു ഭാഗമാക്കി,തോന്നുമ്പോൾ സമയം കണ്ടെത്തി പഠിക്കുക എന്നതായിരുന്നു ദേവികയുടെ രീതി.സിവിൽ സർവിസ് മോഹം ആണ് പ്ലസ് ടു വിന് ഹുമാനിറ്റീസ് വിഷയം എടുക്കാൻ ദേവികയെ പ്രേരിപ്പിച്ചത്. സിവിൽ സർവീസ് ലക്ഷ്യം മുൻനിർത്തി ആർട്സ് വിഷയത്തിൽ ബിരുദം ചെയ്യാൻ ഒരുങ്ങുകയാണ് ദേവിക.

Similar Posts