ചിക്കൻ എന്നു കേൾക്കുമ്പോൾ തന്നെ നമ്മുടെയൊക്കെ വായിൽ വെള്ളമൂറും. നല്ല പച്ചനിറത്തിൽ കളർഫുളായിട്ടുള്ളതാണെങ്കിലോ! പറയുകയേ വേണ്ട. അങ്ങനെയൊരു കറിയെപ്പറ്റിയാണ് ഇവിടെ പറയുന്നത്.
ചിക്കന്റെ വ്യത്യസ്ത വകഭേദമാണ് ഹരിയാലി ചിക്കൻ . ഹരിത വർണം കൊണ്ട് മനോഹരമാണ് ഈ ചിക്കൻ കറി. പച്ചനിറം തന്നെയാണ് എല്ലാ ചിക്കൻ വിഭവങ്ങളിൽ നിന്നും ഇതിനെ വ്യത്യസ്തമാക്കുന്നത്. ഇതിനു വേണ്ട സാധനങ്ങൾ ചിക്കൻ 1 കി.ഗ്രാം, തൈര് 200 ml, 1 1/2 ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, 1/4 ടീസ്പൂൺ മഞ്ഞൾപ്പൊടി, 3 മീഡിയം വലിപ്പമുള്ള സവാള, 1 കപ്പ് മല്ലിയില,1 കപ്പ് പൊതിനയില,7 പച്ചമുളക്,12 എണ്ണം കാഷ്യൂ നട്ട്,1 ടീസ്പൂൺ മല്ലിപ്പൊടി, 1 ടീസ്പൂൺ ജീരകം പൊടിച്ചത്,1 ടീസ്പൂൺ ഗരം മസാലപ്പൊടി,1 ടീസ്പൂൺ കുരുമുളക് പൊടി, 4 ഗ്രാമ്പൂ,4 ഏലക്കായ,ആവശ്യത്തിന് സൺഫ്ലവർ ഓയിൽ, ആവശ്യത്തിന് ഉപ്പും വെള്ളവും എന്നിവയാണ്.
ആദ്യം ചിക്കൻ നന്നായി കഴുകി അതിലെ വെള്ളം തോർന്ന് അത് മാറ്റി വയ്ക്കുക. അതിലേക്ക് അധികം പുളിപ്പില്ലാത്ത തൈര് ഒഴിക്കുക. അതിന് ശേഷം നമ്മൾ നേരത്തെ തയ്യാറാക്കി വെച്ച വെളുത്തുള്ളി ഇഞ്ചി പേസ്റ്റും ഇടുക. എന്നിട്ട് മഞ്ഞൾപ്പൊടിയും ആവശ്യമായ ഉപ്പും ചേർക്കുക. അതിനു ശേഷം ഈ ചേരുവകളെല്ലാം ചേർത്ത് നന്നായി മിക്സ് ചെയ്ത് കുറച്ച് സമയം പിടിക്കാൻ വെയ്ക്കുക. വേണമെങ്കിൽ നിങ്ങൾക്ക് ഇത് ഫ്രിഡ്ജിലും വെയ്ക്കാം. അതിനു ശേഷം നമ്മൾ നേരത്തെ എടുത്തു വച്ച സവാള നൈസായി അരിഞ്ഞു വെയ്ക്കുക.ഒരു പാനിൽ ഓയിൽ ഒഴിച്ച് സവാള അതിൽ ഇട്ട് വഴറ്റുക. നിങ്ങൾക്ക് ഏത് ഓയിൽ വേണമെങ്കിലും എടുക്കാം.
സവാള ബ്രൗൺ നിറമാകുന്നതു വരെ വഴറ്റുക.അതിൽ നിന്ന് കുറച്ച് സവാള മാറ്റി വയ്ക്കുക. അതിനു ശേഷം ഒരു ജാറെടുത്ത് നേരത്തെ എടുത്തു വെച്ച മല്ലിയിലയും പുതിനയിലയും വഴറ്റിയ സവാളയും പച്ചമുളകും ഇടുക. പച്ചമുളകിന്റെ എണ്ണം നമുക്ക് വേണ്ട എരിവിന് അനുസരിച്ച് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം. പിന്നെ നമ്മൾ എടുത്തു വച്ച അണ്ടി പരിപ്പും ഇടുക. അത് 20 മിനിട്ടോളം വെള്ളത്തിലിട്ടു വെച്ചതായിരിക്കണം. ഇനി ജാറിലേക്ക് കുറച്ച് വെള്ളം ഒഴിച്ച് നന്നായി അടിച്ചെടുക്കുക. അതിനു ശേഷം നമ്മൾ അരച്ചു വെച്ച ഈ മിശ്രിതം നേരത്തെ തയ്യാറാക്കിയ ചിക്കനിൽ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇതൊരു മൂടി കൊണ്ട് അടച്ച് 1 മണിക്കൂർ നേരത്തേക്ക് പിടിപ്പിക്കാൻ വെയ്ക്കുക. ഒരു പാൻ ചൂടാക്കി അതിൽ ഓയിൽ ഒഴിച്ച് തിളച്ചതിനു ശേഷം അതിൽ 4 ഗ്രാമ്പൂവും 4 ഏലക്കായും ഇട്ട് ഇളക്കുക. അതിലേക്ക് നമ്മുടെ ചിക്കൻ ഇട്ട് 10 മിനിട്ട് മിനിമം തീയിൽ വെച്ച് ഇളക്കുക.
ഇങ്ങനെ ഇളക്കിക്കൊണ്ടിരുന്നാൽ അതിന്റെ പച്ച മണം മാറും. നിങ്ങൾക്ക് കട്ടിയാവാതിരിക്കാൻ അതിലേക്ക് കുറച്ച് വെള്ളം ഒഴിക്കാം. ഇനി അതിൽ രണ്ട് പച്ചമുളക് ചീന്തിയിടാം. പിന്നെ 2 ടീസ്പൂൺ മല്ലിപ്പൊടിയും 1 ടീസ്പൂൺ ഗരം മസാലപ്പൊടിയും 1 ടീസ്പൂൺ ചെറിയ ജീരകം പൊടിച്ചതും ആവശ്യമെങ്കിൽ ഉപ്പും ചേർത്ത് ഇനിയും ഇളക്കുക. പൊടികളുടെ പച്ച മണം മാറുന്നതു വരെ ഇളക്കിയിട്ട് മൂടി കൊണ്ട് അടച്ച് ചെറുതീയിൽ വച്ച് ഒരു കാൽ മണിക്കൂർ ചിക്കൻ വേവിക്കുക. വെള്ളം ഒഴിക്കാതെ കൊഴുപ്പോടെയാണ് വേണ്ടത് എങ്കിൽ ഇടയ്ക്ക് ഇളക്കുന്നത് നല്ലതായിരിക്കും. അല്ലെങ്കിൽ അടിയിൽ പിടിച്ച് പോകും. ഇനി 15 മിനിട്ടിനു ശേഷം ചിക്കൻ നന്നായി വെന്തോ എന്നു നോക്കുക. പിന്നെ എരിവ് നോക്കി കുറവാണെങ്കിൽ 1 ടീസ്പൂൺ കുരുമുളക് പൊടി ഇടുക.എന്നിട്ട് നന്നായി ഇളക്കുക. നമ്മൾ നേരത്തെ മാറ്റി വെച്ച വഴറ്റിയ ഉള്ളി ഇതിലേക്ക് ചേർത്ത് നന്നായി ഇളക്കുക. അങ്ങനെ നമ്മുടെ ഹരിയാലി ചിക്കൻ കറി ഇവിടെ റെഡി ആയിക്കഴിഞ്ഞു. ഇനി നമുക്ക് ഇത് ചൂടോടെ അപ്പത്തിന്റെ ഒപ്പമോ ചപ്പാത്തിയുടെ ഒക്കെയോ രുചിയോടെ കഴിക്കാം.