കിടിലൻ രുചിയിൽ വ്യത്യസ്തമായൊരു ഒരു സൂപ്പർ നാലുമണി പലഹാരം

വളരെ വ്യത്യസ്തമായ ഒരു നാലുമണി പലഹാരം പറ്റിയാണ് ഇവിടെ പറയുന്നത്. സുഖിയൻ അധിക പേർക്കും ഇഷ്ടമുള്ള ഒരുപലഹാരമാണ്. ചൂട് ചായയുടെ കൂടെ സുഖിയൻ കഴിക്കുന്നത് നല്ല ടേസ്റ്റ് ആയിരിക്കും. സാധാരണ ചെറുപയർ കൊണ്ടും കടല പരിപ്പു കൊണ്ടുമൊക്കെയാണ് ഉണ്ടാക്കാറ്. എന്നാൽ തികച്ചും വ്യത്യസ്തമായി ചെറുപയർ പരിപ്പ് കൊണ്ടാണ് ഇത് തയ്യാറാക്കുന്നത്.

ഇതിനു വേണ്ട സാധനങ്ങൾ ഒരു കപ്പ് ചെറുപയർ പരിപ്പ്, കാൽ കപ്പ് വെള്ളം, മുക്കാൽ കപ്പ് ശർക്കര, ഒരു ടേബിൾ സ്പൂൺ നെയ്യ്, കാൽ കപ്പ് ഡെസികേറ്റഡ് കോക്കനറ്റ്, കാൽ ടീസ്പൂൺ ഏലക്കാപ്പൊടി, 3 ടേബിൾ സ്പൂൺ മൈദപ്പൊടി, ഒരു ടേബിൾ സ്പൂൺ അരിപ്പൊടി, ആവശ്യത്തിന് ഉപ്പ്, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, സൺ ഫ്ലവർ ഓയിൽ എന്നിവയൊക്കെയാണ്.

ഇനി തയ്യാറാക്കുന്നവിധം നോക്കാം. ആദ്യം ചെറുപയർ പരിപ്പ് കഴുകി ഒരു മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വയ്ക്കണം. ഒരു മണിക്കൂർ കഴിയുമ്പോഴേക്കും പതം വന്നിട്ടുണ്ടാകും. ഇനി ഇതൊരു ജാറിലിട്ട് പരിപ്പ് കുതിർക്കാൻ വെച്ച വെള്ളത്തിൽ നിന്ന് കാൽകപ്പ് വെള്ളം എടുത്തു അതിൽ ഒഴിച്ചു
അരച്ചെടുക്കുക. ഇത് നന്നായി അരയുകയും വേണം. അധികം ലൂസാവാതെ ഇഡ്ഡലി മാവ് പോലെയാണ് വേണ്ടത്. ഇനി നമുക്ക് ഇതിനെ വേവിക്കാം. ഇഡലി പാത്രത്തിൽ വെള്ളമൊഴിച്ച് നന്നായി തിളച്ചാൽ ഇഡ്ഡലിത്തട്ടിൽ എണ്ണ പുരട്ടി ഈ കൂട്ട് ഒഴിച്ച് തീ കുറച്ച് വെച്ച് എട്ട് മിനിറ്റോളം എങ്കിലും വേവാൻ വയ്ക്കുക. അതിനു ശേഷം മൂടി തുറന്നു നോക്കി ഉള്ള് വെന്തോ എന്നറിയാൻ പപ്പടം കുത്തിയോ കത്തി യോ എടുത്തു കുത്തി നോക്കുക. അതിൽ – മാവ് പറ്റിപ്പിടിക്കുന്നില്ലെങ്കിൽ വെന്തു എന്നു മനസ്സിലാക്കാം. എന്നിട്ട് ചൂടാറാൻ പുറത്തെടുത്തു വക്കുക. ചൂടാറിയാൽ അത് ചെറുതായി ജാറിലേക്ക് മുറിച്ചിടുക.

അതിൽ ശർക്കര മുറിച്ചിട്ട് രണ്ടുംകൂടി വെള്ളം ചേർക്കാതെ അരച്ചെടുക്കുക. ശരക്കരപ്പൊടി ഇപ്പോൾ വാങ്ങാൻ കിട്ടുന്നുമുണ്ട്. ഇനി കുറച്ചു നേരം ഇത് റെസ്റ്റ് ചെയ്യാൻ വയ്ക്കാം. ആ സമയത്ത് ഒരു പാൻ എടുത്ത് അതിൽ കുറച്ച് പശുനെയ് ഒഴിച്ച് ചൂടാക്കുക. ഇനി ഡെസി കേറ്റഡ് കോക്കനട്ട് ഇട്ട് മിക്സ് ചെയ്യുക. അപ്പോൾ തേങ്ങയുടെയും പശുനെയ്യിന്റെയും കൂടി നല്ല മണം വരും. ഇതിലേക്ക് ചെറുപയർ പരിപ്പിന്റെ മിശ്രിതം ചേർക്കുക. അതും നല്ല വണ്ണം യോജിപ്പിക്കുക. ഇനി തീ ഓഫ് ചെയ്തു കുറച്ചു സമയം ചൂടാറാൻ വെക്കുക. അത് കുഴച്ചു വെക്കുമ്പോൾ എന്തായാലും ഇളം ചൂട് വേണം. ഇനി ഒരു ബൗളെടുത്ത് മൈദപ്പൊടി ഇടുക. പിന്നെ അരിപ്പൊടിയും ഇടുക. അത് നിങ്ങൾക്ക് വറുത്തതോ വറക്കാത്തതോ എടുക്കാം. ഇനി നിറം കിട്ടാൻ മഞ്ഞൾപൊടിയും ഉപ്പും ചേർക്കാം. കുറച്ച് വെള്ളം ഒഴിച്ച് നല്ലവണ്ണം മിക്സ് ചെയ്യുക. ഈ മിക്സ് കട്ടി ആയിട്ടാണ് വേണ്ടത്. ശേഷം പരിപ്പിന്റെ കൂട്ട് നന്നായി കുഴച്ചെടുക്കുക. എന്നിട്ട് അതിൽ നിന്ന് ചെറിയ കഷ്ണം എടുത്ത് ഉരുളയാക്കി വെക്കുക. എന്നിട്ട് ഒരു ചീന ചട്ടി ഓയിൽ ഒഴിച്ച് ചൂടാക്കുക. തീകുറച്ച് ഓരോ ഉരുളയും മൈദപ്പൊടിയുടെ മിക്സി ലേക്ക് മുക്കി എണ്ണയിലേക്ക് ഇടുക. രണ്ടു വശവും നന്നായി പൊരിച്ചെടുക്കുക. അങ്ങനെ ചെറുപയർപരിപ്പ് സുഖിയൻ റെഡിയായി.

Similar Posts