കുറഞ്ഞ ചിലവിൽ നമ്മുടെ അടുക്കള എങ്ങനെ മനോഹരമാക്കാം

ഏതൊരു വീട്ടിലും അടുക്കളയാണ് വേഗം വൃത്തികേട് ആകുന്നത്. പഴയ വീട് ആണെങ്കിൽ പറയുകയും വേണ്ട. ചുമരിലെ പെയിൻറ് ഇളകിയും മേശയുടെ ടൈൽ പൊട്ടിയും അങ്ങനെ മൊത്തം വൃത്തികേടായി കിടക്കും. ഇത് മോഡിഫൈ ചെയ്യാനുള്ള ഒരു വഴിയാണ് താഴെ പറയുന്നത്.

വളരെ കുറഞ്ഞ ചിലവിൽ വാൾ സ്റ്റിക്കർ ഉപയോഗിച്ച് എങ്ങനെ നമുക്ക് അത് മനോഹരമാക്കാം എന്ന് നോക്കാം. ചുമരിനും മേശയ്ക്കും വെവ്വേറെ സ്റ്റിക്കറുകൾ ആണ് ഉപയോഗിക്കുന്നത്. ആദ്യം കുണ്ടും കുഴികളുമുള്ള ഭാഗങ്ങൾ ലെവൽ ചെയ്തു വെയ്ക്കുക. വാൾ സ്റ്റിക്കറുകൾ ഓൺലൈനിൽ വാങ്ങിയാൽ വിലകുറച്ച് തന്നെ നിങ്ങൾക്ക് കിട്ടും. ചുമരിന് മാറ്റ് ഫിനിഷിംഗിലുള്ളത് വാങ്ങുന്നതാണ് നല്ലത്. ചുമരിൽ ഒട്ടിക്കുന്ന സ്ഥലം ആദ്യം വൃത്തിയാക്കണം. കുഴികൾ ഉണ്ടെങ്കിൽ അത് അടക്കണം. വാൾ സ്റ്റിക്കർ നേരിയതായിരിക്കും. അപ്പോൾ ചുമരിൽ കുഴി ഉണ്ടെങ്കിൽ അത് എടുത്തു കാണിക്കും. ടൈൽ വെച്ച ചുമരാരാണെങ്കിൽ ബബിൾസ് ഉണ്ടാകാൻ സാധ്യതയുണ്ട്. അതുണ്ടെങ്കിൽ ആദ്യം അത് കളയേണ്ടിവരും. സ്റ്റിക്കറിന്റെ പുറകു വശത്ത് ഓരോ സെൻറീമീറ്റർ ഇടവിട്ട് നേർവരയുണ്ട്. അതുപയോഗിച്ചു നിങ്ങൾക്ക് കട്ട് ചെയ്യാം.

പരന്ന ഭാഗത്ത് ഒട്ടിക്കുമ്പോൾ ഇതു നമുക്ക് പെട്ടെന്ന് തന്നെ ചെയ്യാൻ പറ്റും. പക്ഷേ നടുക്ക് വെച്ച് സ്വിച്ച് ബോർഡ് ഒക്കെ ഉണ്ടാകുമ്പോൾ ചുമരിന്റെ മുകൾ ഭാഗത്തെയും സ്വിച്ച് ബോർഡിന്റെ മുകൾഭാഗം വരെ ആദ്യം ഒട്ടിക്കുക. സ്വിച്ച് ബോർഡിന്റെ മുകൾഭാഗം മുതൽ നമുക്ക്  വേണ്ടതിനേക്കാൾ കുറച്ച് കൂടുതലായി മുറിച്ചിട്ട് സ്വിച്ച് ബോർഡിന്റെ ആകൃതിയിൽ അളവെടുത്ത് മുറിക്കുക. ഡിസൈൻ ഉള്ള വാൾപേപ്പർ ആണെങ്കിൽ നേരത്തെ മുറിച്ചതിന് ബാക്കിയുള്ളതായതുകൊണ്ട് ആ ഡിസൈനിന്റെ തുടർച്ച തന്നെ കിട്ടും. മുറിച്ചതാണെന്ന് മനസ്സിലാക്കാൻ പറ്റാത്ത രീതിയിൽ തന്നെ നമുക്ക് ഒട്ടിച്ച് എടുക്കാൻ പറ്റും.

ഇനി ടേബിൾ ടോപ്പിന്റെ സ്റ്റിക്കർ ഒട്ടിക്കുന്നത് നോക്കാം. ടേബിൾ ടോപ്പിന്റെ വാൾ സ്റ്റിക്കർ പ്ലാസ്റ്റിക് കോട്ടിങ്ങുള്ള ഗ്ലോസി ഫിനിഷിങ് വാങ്ങുന്നതാണ് നല്ലത്. അത് ബ്ലേക്ക് കൂടി ആകുമ്പോൾ ഗ്രാനൈറ്റ് പോലെ തോന്നിക്കുകയും ചെയ്യും. നേരിയ സ്റ്റിക്കർ ഒട്ടിക്കുന്നത് കൊണ്ട് മേശയുടെ വശം കൂർത്ത താണെങ്കിൽ അത് വേഗം കീറിപ്പോകും.

അതുകൊണ്ട് നമുക്ക് റെക്സിൻ ഉപയോഗിക്കാം. റെക്സിന്റെ വീതി കുറച്ച് നീളത്തിൽ ടാപ്പ് പോലെ മുറിച്ച് വീതികൂടിയ സെല്ലോ ടേപ്പ് ഉപയോഗിച്ച് ഫിറ്റ് ചെയ്യുക. ഇങ്ങനെ ചെയ്താൽ വശങ്ങൾക്ക് നല്ല ആകൃതിയും കൂടാതെ ഇതിൻെറ ഷാർപ്നെസ് കുറയ്ക്കാനും കഴിയും. ടൈൽ ഇട്ടതായതുകൊണ്ട് മേശയുടെ ഉപരിതലം ബബിൾസ് മാറ്റിയിട്ട് വേണം ഒട്ടിക്കാൻ. മേശയുടെ അളവെടുത്ത് നേരത്തെ ചെയ്തതുപോലെ ഒട്ടിച്ചാൽ മതി. അപ്പോഴേക്കും നിങ്ങളുടെ കിച്ചൺ അടിമുടി മാറിയിട്ടുണ്ടാകും. ഇത് ശരിക്കും ടൈലിട്ട ചുമർ പോലെയും ഗ്രാനൈറ്റിട്ട ടേബിൾ ടോപ്പ് പോലെയും തോന്നിക്കും.