കേരള വിഷൻ ‘ലാൻഡ് ഫോൺ’ സേവനം ഉപഭോക്താക്കൾക്കായി ആരംഭിച്ചു
കേരള വിഷൻ ‘ലാൻഡ് ഫോൺ’ സേവനം ഉപഭോക്താക്കൾക്കായി ആരംഭിച്ചു. സംസ്ഥാന കേബിൾ ടിവി ഓപ്പറേറ്റർമാരുടെ സംരംഭമായ കേരളവിഷൻ ‘ലാൻഡ് ഫോൺ’ സേവനം ഉപഭോക്താക്കൾക്കായി ആരംഭിച്ചു. “കേരളവിഷൻ വോയിസ്” എന്നാണ് ഇതറിയപ്പെടുന്നത്. ബ്രോഡ്ബാൻഡ് ഉപഭോക്താക്കൾക്കാണ് ഈ ടെലിഫോൺ സർവീസ് ലഭിക്കുന്നത്. ഫിക്സഡ് ഫോൺ ആണെങ്കിലും മൊബൈൽ ഫോൺ നൽകുന്ന പല സൗകര്യങ്ങളും ഇതിൽ ഉണ്ടായിരിക്കും. മികച്ച വോയിസ് ക്ലാരിറ്റി ആണ് ഇതിൻറെ എടുത്തുപറയേണ്ട സവിശേഷത.
വോയ്സ് സേവനം നൽകുന്നതോടുകൂടി സ്വന്തം പ്ലാറ്റ്ഫോമിലൂടെ ബ്രോഡ്ബാൻഡ്, ഇൻറർനെറ്റ്, ഐപിടിവി, വോയ്‌സ് സർവീസ് എന്നിവ ഒരുമിച്ച് നൽകുന്ന ദക്ഷിണെന്ത്യയിലെ ആദ്യത്തെ ട്രിപ്പിൾ പ്ലേ സേവന ദാതാവായി കേരള വിഷൻ മാറിയെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. ബിഎസ്എൻഎൽ ചീഫ് ജനറൽ മാനേജർ സി.വി വിനോദ്, ഡിജിറ്റൽ സർവ്വകലാശാല വൈസ് ചാൻസലർ ഡോക്ടർ സജി ഗോപിനാഥ് എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. പരിഷ്കരിച്ച വെബ്സൈറ്റ് നടൻ ഇന്ദ്രൻസ് ഉദ്ഘാടനം ചെയ്തു.
2017 ലാണ് ടെലികോം കമ്പനികൾക്ക് കീഴിൽ വേർചുവൽ നെറ്റ്‌വർക്ക് സജ്ജീകരിക്കുന്നതിനുള്ള ലൈസൻസ് നൽകാൻ കേന്ദ്രം തീരുമാനിച്ചത്. ഇതിനുള്ള വി എൻ ഓ ലൈസൻസ് കഴിഞ്ഞ വർഷം തന്നെ കേരളവിഷന് ലഭിച്ചു. ലാൻഡ്ഫോൺ സേവനത്തിന് സാങ്കേതിക പിന്തുണ നൽകുന്നത് ബിഎസ്എൻഎൽ ആണ്.