കേരള സ്റ്റൈലിൽ “നാടൻ താറാവ് കറി” തയ്യാറാക്കി എടുക്കാം വളരെ എളുപ്പത്തിൽ

താറാവ് കിട്ടിയാൽ നാടൻ സ്റ്റൈലിൽ കറി വയ്ച്ചാൽ ഒരു പ്രത്യേക ടേസ്റ്റ് ആണ്. എല്ലാവർക്കും ഇഷ്ടമാകുന്ന നാടൻ ടേസ്റ്റിൽ തേങ്ങാപാൽ ചേർത്ത് ആണ് ഇന്ന് നമ്മൾ കറി റെഡി ആക്കി എടുക്കാൻ പോകുന്നത്. അപ്പോൾ വളരെ രുചിയായിട്ട് എങ്ങിനെ ആണ് താറാവ് കറി റെഡി ആക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം മുക്കാൽ കിലോ താറാവ് ഇറച്ചി ചെറിയ കഷണങ്ങൾ ആയി മുറിച്ചു എടുക്കുക. ഇനി നന്നായി കഴുകി വൃത്തിയാക്കി എടുക്കണം. അതിനു ശേഷം കാൽ സ്പൂൺ മഞ്ഞൾപൊടി, ഒരു സ്പൂൺ മല്ലിപ്പൊടി, ഒരു സ്പൂൺ മുളക്പൊടി, അര സ്പൂൺ ഗരം മസാല, അര സ്പൂൺ കുരുമുളക്പൊടി, പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ്‌ ചെയ്തു വക്കണം. ഇനി അര മണിക്കൂർ അടച്ചു റസ്റ്റ്‌ ചെയ്യാൻ വേണ്ടി മാറ്റി വക്കണം.

ഇനി ഒരു ചട്ടിയിലേക്ക് മൂന്നു സ്പൂൺ വെളിച്ചെണ്ണ ചേർത്ത് ചൂടാക്കുക. അതിലേക്ക് ഒരു സ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക. ഇനി നാലു വറ്റൽമുളക് പൊട്ടിച്ചത് ചേർത്ത് വഴറ്റുക. ഇനി രണ്ടു സ്പൂൺ ഇഞ്ചി, വെളുത്തുള്ളി ചതച്ചത് ചേർത്ത് നന്നായി വഴറ്റുക. ഇനി ഒരു സവാള നീളത്തിൽ അരിഞ്ഞതും, രണ്ടു തണ്ട് കറിവേപ്പിലയും, ഒരു പച്ചമുളക് അരിഞ്ഞതും ചേർത്ത് നന്നായി വഴറ്റുക. ഇനി അതിലേക്ക് അര സ്പൂൺ ഗരം മസാല, കാൽ സ്പൂൺ മഞ്ഞൾപൊടി, മുക്കാൽ സ്പൂൺ മല്ലിപ്പൊടി, മുക്കാൽ സ്പൂൺ മുളക്പൊടി എന്നിവ ചേർത്ത് നന്നായി വഴറ്റുക. ( ഈ സമയത്തു തീ നന്നായി കുറച്ചു വക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. )

ഇനി അതിലേക്ക് പുരട്ടി വച്ചിരിക്കുന്ന താറാവ് ഇറച്ചി ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. ഇനി അതിലേക്ക് ഒന്നര കപ്പ് തേങ്ങാപാൽ ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. ഇപ്പോൾ തേങ്ങയുടെ രണ്ടാം പാൽ ആണ് ചേർക്കേണ്ടത്. ഇതിൽ കിടന്ന് താറാവിറച്ചി വെന്തു വരണം. ഇനി ചട്ടി അടച്ചു വച്ചു വേവിക്കുക. കറി തിളച്ചു വന്നാൽ തീ നന്നായി കുറച്ചു വക്കണം.

ഏകദേശം മുക്കാൽ മണിക്കൂർ വേവിച്ചു എടുക്കേണ്ടി വരും. ( താറാവിറച്ചിക്ക് നല്ല വേവ് ഉണ്ട്. കുക്കറിൽ വേവിച്ചു എടുത്താലും മതി. നാടൻ സ്റ്റൈലിൽ ആണ് ചട്ടിയിൽ വേവിച്ചു എടുത്തത്. )

ഇറച്ചി വെന്തു വന്നാൽ അതിലേക്ക് അര കപ്പ് തേങ്ങയുടെ ഒന്നാംപാൽ ചേർത്ത് തിളപ്പിക്കുക. നല്ലവണ്ണം കറി കുറുകി വന്നാൽ തീ ഓഫ് ചെയ്യുക. അൽപ്പം കറിവേപ്പില മുകളിൽ തൂവുക. ഇനി അര മണിക്കൂർ അടച്ചു വക്കണം. അതിനു ശേഷം എടുത്തു ഉപയോഗിക്കാം. ഇപ്പോൾ നമ്മുടെ അടിപൊളി “നാടൻ താറാവ് കറി” തയ്യാർ… !!

Similar Posts