കൊതിയൂറും രുചിയിൽ ഒരു കായുണ്ട, ഒറ്റ നേന്ത്രപഴം മാത്രം മതി

ഭക്ഷണകാര്യത്തിൽ എപ്പോഴും വ്യത്യസ്ഥത പുലർത്തുന്നവരാണ് മലയാളികൾ. കേരളത്തിലെ പല പലഹാരങ്ങളും പുറം നാടുകളിൽ പോലും പേരുകേട്ടതാണ്. അത്തരത്തിലുള്ള നമുക്ക് പെട്ടെന്ന് തന്നെ ഉണ്ടാക്കാൻ കഴിയുന്ന ഒരു നാലുമണി പലഹാരത്തെ പറ്റിയാണ് ഇവിടെ പറയുന്നത്. ആവിയിൽ വേവിച്ച് എടുക്കുന്നതിനാൽ എല്ലാവർക്കും ഇത് കഴിക്കാവുന്നതാണ്.

ഇതിന്റെ പ്രധാന ചേരുവകൾ പഴുത്ത നേന്ത്രപഴവും അരിപ്പൊടിയും ആവശ്യത്തിന് പഞ്ചസാരയും മാത്രമാണ്. വെറും15 മിനിറ്റിനുള്ളിൽ നിങ്ങൾക്കിത് തയ്യാറാക്കാൻ കഴിയുന്നതാണ്. ആദ്യം പഴുത്ത നേന്ത്രപ്പഴം തൊലികളഞ്ഞ് രണ്ടോ മൂന്നോ കഷണങ്ങളാക്കി ആവിയിൽ പുഴുങ്ങിയോ അല്ലാതെയോ മിക്സിയിൽ അടിച്ചെടുക്കുക. നല്ലവണ്ണം അടിഞ്ഞ് വന്നാൽ ഒരു സ്പൂൺ പഞ്ചസാര ചേർത്ത് ഒന്നുകൂടി മിക്സ് ചെയ്യുക. അതിനുശേഷം ഒരു പാത്രത്തിലേക്ക് മാറ്റി അതിൽ രണ്ട് ടേബിൾസ്പൂൺ ചിരവിയ തേങ്ങയും ആവശ്യമെങ്കിൽ അര ടീസ്പൂൺ പശുവിൻ നെയ്യും ചേർത്തിളക്കുക. നല്ലൊരു മണം കിട്ടാൻ വേണ്ടിയാണ് പശുവിൻ നെയ്യ് ചേർക്കുന്നത്, നിർബന്ധമില്ല. രണ്ട് ഏലക്കായ കൂടി പൊടിച്ചു ചേർത്താൽ നന്നായിരിക്കും. ആവശ്യമെങ്കിൽ നിങ്ങളുടെ ഇഷ്ടത്തിന നുസരിച്ച് പഞ്ചസാര വീണ്ടും ചേർക്കാവുന്നതാണ്. അതിനുശേഷം അരിപ്പൊടി കുറേശ്ശെ ചേർത്ത് കൈകൊണ്ട് കുഴച്ചെടുക്കുക. പഴത്തിന്റെ അളവ് അനുസരിച്ചാണ് അരിപ്പൊടി ചേർക്കേണ്ടത്. ഏകദേശം ചപ്പാത്തിമാവിന്റെ കട്ടിയിൽ ഇത് കുഴച്ചെടുക്കുക.

അതിനുശേഷം നിങ്ങൾക്കിഷ്ടപ്പെട്ട ഷേപ്പിൽ ഇത് എടുക്കാവുന്നതാണ്. ചെറിയ ഉണ്ടയായോ അല്ലെങ്കിൽ കട്ലറ്റ് രൂപത്തിലോ ആക്കാവുന്നതാണ്. അതിനുശേഷം ആവി പാത്രത്തിൽ നാടൻ വാഴയിലയിൽ വിരിച്ച് അതിൽ വയ്ക്കുക. ഏകദേശം എട്ട് മിനിട്ട് ചെറു ചൂടിൽ വേവിച്ചെടുക്കുക. ചൂടാറിയതിനുശേഷം നിങ്ങൾക്ക് ആവശ്യമെങ്കിൽ തേങ്ങയും പഞ്ചസാരയും ചേർത്ത് ഇത് ഗാർണിഷ് ചെയ്യാവുന്നതാണ്. വളരെ എളുപ്പത്തിൽ ആർക്കും പെട്ടെന്ന് തന്നെ ഉണ്ടാക്കാൻ തരത്തിലുള്ളതാണ് ഈ പലഹാരം. പശുവിൻ നെയ് ഒപ്ഷണൽ ആയതിനാൽ ഏതു പ്രായക്കാർക്കും ഇത് കഴിക്കാവുന്നതാണ്.

Similar Posts