കൊതിയൂറും രുചിയിൽ ഒരു നാലുമണി പലഹാരം, ഒരിക്കൽ ഉണ്ടാക്കിയാൽ എന്നും ഈ ചായക്കടി തന്നെയാവും
വെറും 4 ചേരുവ കൊണ്ട് ഉണ്ടാക്കാൻ പറ്റുന്ന ഒരു അടിപൊളി പലഹാരമാണ് ഇവിടെ പറയാൻ പോകുന്നത്. ഏറ്റവും സിമ്പിളായി ഉണ്ടാക്കാൻ പറ്റുന്നു എന്നത് ഇതിന്റെ നല്ലൊരു സവിശേഷതയാണ്. മൈദ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഒരു നാലുമണി പലഹാരമാണ്. എന്നാൽ നിങ്ങൾക്ക് ഗോതമ്പുപൊടി ഉപയോഗിച്ചും ഇത് ഉണ്ടാക്കാം. ചൂട് ചായയുടെ കൂടെ ഇത് കഴിക്കാൻ ടേസ്റ്റ് ആയിരിക്കും. ചൂടോടെ കുപ്പിയിൽ ഇട്ടു വെച്ചാൽ കുറെനാൾ കേടുകൂടാതെ സൂക്ഷിക്കാൻ പറ്റും.
ഇതിനു വേണ്ട സാധനങ്ങൾ നമ്മുടെ വീട്ടിൽ തന്നെ എപ്പോഴും ഉപയോഗിക്കുന്നതൊക്കെ തന്നെയാണ്. ഒരു കപ്പ് മൈദ, രണ്ട് ടേബിൾ സ്പൂൺ പശുനെയ്യ്, ഒരു ടേബിൾ സ്പൂൺ പഞ്ചസാര, കാൽ ടീസ്പൂൺ എലയ്ക്കാപൊടി, കുറച്ച് ഉപ്പ്, തിളപ്പിച്ചാറ്റിയ പാൽ 3 ടേബിൾ സ്പൂൺ, പിന്നെ വറുത്തെടുക്കാനുള്ള സൺ ഫ്ലവർ ഓയിൽ എന്നിവയൊക്കെയാണ്.
ഇത് തയ്യാറാക്കുന്ന വിധം നോക്കാം. ആദ്യം ഒരു പാത്രമെടുത്ത് അതിൽ ഒരു കപ്പ് മൈദ ഇടുക. ഗോതമ്പ് മാവ് കൊണ്ടും ഉണ്ടാക്കാം. ഇനി അതിലേക്ക് പശുനെയ്യ് ചേർക്കുക. പശുനെയ്യ് ചേർത്താൽ വേറെ തന്നെ ഒരു ടേസ്റ്റ് ആയിരിക്കും. അല്ലെങ്കിൽ നിങ്ങൾക്ക് സൺഫ്ലവർ ഓയിൽ എടുക്കാം. മണം ഇല്ലാത്ത ഓയിൽ തന്നെയാണ് ചേർക്കുന്നതാണ് നല്ലത്. ഇനി അത് നല്ലവണ്ണം മിക്സ് ചെയ്യുക. പിന്നെ മേൽ പറഞ്ഞ അളവിൽ പഞ്ചസാരയും കുറച്ച് ഉപ്പും ചേർത്തിട്ട് നല്ലവണ്ണം മിക്സ് ചെയ്യുക. ഇനി ഏലയ്ക്കാപ്പൊടി ഇടുക. ഇതു നാടൻ ഫ്ലേവർ കിട്ടാൻ വേണ്ടി ആണ് ഏലക്കാപ്പൊടി ഇടുന്നത്. ഇതിന് പകരം നിങ്ങൾക്ക് വേണമെങ്കിൽ വാനില എസൻസ് ചേർക്കാം. അതിന്റെ ഫ്ലേവറും ടേസ്റ്റ് ഉണ്ടാകും. ഇനി എല്ലാംകൂടി കുഴയ്ക്കുക. നെയ് ഒക്കെ മൈദയിൽ മിക്സായി വരണം. ഇനി മുട്ട ഒച്ചത് ഇതിലേക്ക് ഒഴിച്ച് നന്നായി കുഴയ്ക്കുക.
ഇനി നമുക്ക് പാൽ ഒഴിക്കാം. നമ്മൾ ചപ്പാത്തിക്ക് ഒക്കെ കുഴയ്ക്കുമ്പോൾ വെള്ളം ഒഴിക്കുന്നത് പോലെ പാൽ കുറച്ച് കുറച്ചായി ഒഴിച്ച് കുഴച്ചെടുക്കുക. നല്ല സോഫ്റ്റാകുന്നത് വരെ കുഴയ്ക്കൽ തുടരുക. എത്രയും സോഫ്റ്റ് ആകുന്നുവോ അത്രയും ടേസ്റ്റ് ഈ സ്നാക്കിന് ഉണ്ടാകും. കുറച്ച് പശുനെയ്യ് കൂടി ഇതിന്റെ മേലെ പുരട്ടുക. പിന്നെയും 5 മിനിട്ട് വെച്ചാൽ അത് സോഫ്റ്റായി വരും. ഇനി നമുക്ക് ഇതിനെ രണ്ട് ഭാഗമാക്കി മുറിച്ചെടുക്കാം. എന്നിട്ട് ഒരു ഭാഗം എടുത്തു ചപ്പാത്തിപ്പലകയിൽ കുറച്ച് മൈദപ്പൊടി വിതറി ഒന്ന് മിക്സ് ചെയ്യുക. ഇനി ചപ്പാത്തി കോലെടുത്ത് അതിനെ വണ്ണത്തിൽ റൗണ്ട് ആയി പരത്തുക. അതിന്റെ മേലെ വൃത്താകൃതിയിൽ ഉള്ള ഒരു കുപ്പി വെച്ച് അമർത്തി ഷേയ്പ്പ് ആക്കുക. ഇതിന് ചെറിയ കുപ്പി തന്നെയാണ് നല്ലത്. ഈ സ്നാക്സ് ചെറുതായിരിക്കുന്നതാണ് കഴിക്കാനും നല്ലത്. അങ്ങനെ കുറെ വട്ടം ആക്കിയിട്ട് മുറിച്ചെടുക്കുക. അതുപോലെതന്നെ ബാക്കിയുള്ള മാവും ചെയ്യുക. ഇനി ഷേയ്പ്പാക്കിയ മാവിനെ എടുത്ത് മടക്കാം.
മടക്കിയ മാവിനെ ഒരു പ്ലേറ്റിൽ കുറച്ച് മൈദപ്പൊടി വിതറി അതിൽ വെയ്ക്കാം അല്ലെങ്കിൽ നമ്മൾ വറുക്കുന്ന സമയം കൊണ്ട് പറ്റിപ്പിടിച്ചു പോകും. ഇനി ഒരു ചീനചട്ടിയിൽ സൺഫ്ലവർ ഓയിൽ ഒഴിച്ച് തിളച്ചശേഷം അതിലേക്ക് ഇത് കുറച്ചു കുറച്ച് ആയിട്ട് വറുത്തു കോരാം. രണ്ടു ഭാഗവും മറിച്ചിടണം. അതിലെ എണ്ണ പോകാൻ വേണ്ടി ഒരു അരിപ്പ കോരിയിൽ പേപ്പർ ടവ്വലിൽ വിരിച്ച് അതിലേക്കിടുക. അപ്പോൾ തന്നെ ഇതിന് നല്ല മണം ഒക്കെ വന്നിട്ടുണ്ടാവും. അങ്ങനെ ഈ സ്നാക്ക് റെഡിയായി കഴിഞ്ഞു. ഇതിന്റെ ഉള്ള് നല്ല സോഫ്റ്റ് ആയും പുറമേ ക്രിസ്പിയായിട്ടാണ് ഉണ്ടാവുക. നല്ല ചൂടോടെ ഇത് കഴിക്കാൻ നല്ല രുചിയായിരിക്കും.