കൊതിയൂറും രുചിയുമായി സേമിയ കൊണ്ട് കുനാഫ
മിഡിൽ ഈസ്റ്റിൽ അറിയപ്പെടുന്ന ഒരു സ്വീറ്റാണ് കുനാഫ. ഇതൊരു അറബിക് സ്വീറ്റാണ്. സാധാരണ കുനാഫ ഡോ കൊണ്ടാണ് ഉണ്ടാക്കുന്നത്. എന്നാൽ ഇവിടെ തികച്ചും വ്യത്യസ്തമായി സേമിയ ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്. വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് തന്നെ ഇത് ഉണ്ടാക്കാം എന്നതാണ് ഇതിൻറെ സവിശേഷത.
ആദ്യം ഒരു പാത്രമെടുത്ത് അതിൽ രണ്ട് ടേബിൾ സ്പൂൺ പഞ്ചസാര ഇടുക പിന്നെ മൂന്ന് ടേബിൾ സ്പൂൺ പാൽപ്പൊടിയും മൂന്നു ടേബിൾ സ്പൂൺ കോൺഫ്ലോറും ചേർക്കുക. ഇനി അതിലേക്ക് ഒരു കപ്പ് പാലും ഒഴിച്ച് നന്നായി യോജിപ്പിക്കുക. ഇനി ഗ്യാസ് ഓണാക്കി ചെറുതീയിൽ നന്നായി ഇളക്കുക. അടിയിൽ പിടിക്കാതിരിക്കാൻ ശ്രദ്ധിക്കണം. അത് കട്ടിയായി വന്നാൽ അടുപ്പിൽനിന്നും മാറ്റാം. ഇതിൻറെ ചൂട് മാറിയാൽ മിക്സിയുടെ ജാറിലിടുക. ഇനി അതിലേക്ക് 3 ടേബിൾ സ്പൂൺ പാൽക്കട്ടിയും ചേർത്ത് നന്നായി അടിച്ചെടുക്കുക. അത് നല്ല ക്രീമായി വന്നിട്ടുണ്ടാകും.
ശേഷം 200 ഗ്രാം സേമിയ ഒരു ബൗളിലേക്ക് ഇടുക. നേരിയ സേമിയ എടുക്കുന്നതാണ് ഇതിന് നല്ലത്. നീളമുള്ള സേമിയ ആണ് നിങ്ങൾ എടുക്കുന്നതെങ്കിൽ ചെറിയ കഷണങ്ങളാക്കി പൊടിച്ചിടുക. ഇനി അതിലേക്ക് മൂന്ന് ടേബിൾസ്പൂൺ തണുപ്പിക്കാത്ത വെണ്ണയോ പശുനെയ്യോ ചേർക്കാം. എന്നിട്ട് നന്നായി കുഴയ്ക്കുക.
ഇനി ഒരു പാൻ എടുത്ത് അതിലേക്ക് കുറച്ച് സേമിയയുടെ മിക്സ് സ്പൂൺ കൊണ്ട് അമർത്തി വെച്ചു കൊടുക്കുക. അതിന്റെ മുകളിൽ നമ്മൾ അടിച്ചുവെച്ച ക്രീം ഒഴിക്കുക. ക്രീം ലൂസാ യിട്ടാണ് വേണ്ടത്. പിന്നെയും തിക്ക് ആയിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് ഒന്നു കൂടി മിക്സിയിൽ അടിച്ചെടുക്കാം. ഇനി ബാക്കിയുള്ള സേമിയ കൂടി ഇതിന്റെ മേലെ അമർത്തി വെച്ചു കൊടുക്കാം. ഇനി ഗ്യാസ് ഓൺ ചെയ്ത് ചെറുതീയിൽ 5 മിനിറ്റ് വെയ്ക്കുക. ഒരു വശം മൊരിഞ്ഞ് എന്നാൽ വേറൊരു പാനിൽ തിരിച്ചിട്ട് മൊരിച്ചെടുക്കാം.
ഇനി പഞ്ചസാര ലായനിയാണ് ഉണ്ടാക്കേണ്ടത്. അതിനുവേണ്ടി ഗ്യാസ് ഓണാക്കി ഒരു പാത്രം വെച്ച് അതിലേക്ക് ഒരു കപ്പ് വെള്ളം ഒഴിക്കുക. എന്നിട്ട് നാല് ടേബിൾ സ്പൂൺ പഞ്ചസാര ഇടുക. തിളക്കുന്നത് വരെ ഒരു സ്പൂൺ കൊണ്ട് ഇളക്കുക. പനിനീർ ഉണ്ടെങ്കിൽ നിങ്ങൾക്ക് ഇതിലേക്ക് ഒഴിക്കാം. കുനാഫ വേറൊരു പ്ലേറ്റിൽ വെച്ചിട്ട് അതിന്റെ മുകളിൽ പഞ്ചസാര ലായനി എല്ലായിടത്തും ഒഴിക്കുക. അലങ്കരിക്കാനായി ഇതിന്റെ മുകളിൽ പൊടിച്ച പിസ്ത കഷണങ്ങളും ഇടാം. ഇത് ചൂടോടെ തന്നെ നമുക്ക് മുറിച്ചെടുത്ത് കഴിക്കാം. വളരെ സിമ്പിളായി ഉണ്ടാക്കാൻ പറ്റുന്ന ഈ സേമിയ കുനാ ഫ തീർച്ചയായും ട്രൈ ചെയ്ത് നോക്കണം.