കൊതിയൂറും സൂപ്പർ ചെമ്മീൻ അച്ചാർ ഇതുപോലെ തയ്യാറാക്കാം

അച്ചാർ എന്ന് കേൾക്കുമ്പോൾ തന്നെ നമുക്ക് വായിൽ കപ്പലോടിക്കാനുള്ള വെള്ളം വരും. കേരളീയ സദ്യയിലെ ഒഴിച്ചുകൂടാനാവാത്ത ഒരു വിഭവമാണ് അച്ചാർ . ആഹാരം പെട്ടെന്ന് ദഹിക്കാനും ഊണിന് സ്വാദ് നൽകാനും ഇത് സഹായിക്കുന്നു. പലതരത്തിലുള്ള അച്ചാറുകൾ ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്. വെളുത്തുള്ളി, നാരങ്ങ, നെല്ലിക്ക,മിക്സഡ് ഫ്രൂട്ട്, കേരറ്റ്, മാങ്ങ, ഈത്തപ്പഴം എന്നിവ അവയിൽ ചിലതു മാത്രം.

തികച്ചും നാടൻ രീതിയിൽ വീട്ടിൽ നിന്നു തന്നെ നമുക്ക് അച്ചാർ ഉണ്ടാക്കാം. അച്ചാർ പൊടിയൊന്നും ഇതിൽ ചേർക്കണമെന്ന് നിർബന്ധമില്ല. ചെമ്മീൻ ഇഷ്ടമില്ലാത്തവർ ആരും ഉണ്ടാവില്ല. വെറൈറ്റി ആയി എങ്ങനെ ചെമ്മീൻ അച്ചാർ ഉണ്ടാക്കാം എന്ന് നമുക്ക് നോക്കാം. ചെമ്മീൻ അച്ചാർ ഉണ്ടാക്കുമ്പോൾ ചെറിയ ചെമ്മീൻ എടുക്കുന്നതായിരിക്കും നല്ലത്. വലുതാണെങ്കിൽ രണ്ട് കഷണമാക്കി മുറിച്ചാലും മതി. ആദ്യം അരക്കിലോ ചെമ്മീൻ കഴുകി വൃത്തിയാക്കി എടുക്കുക. അതിലേക്ക് അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും ഒരു ടീസ്പൂൺ മുളകുപൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് കൈകൊണ്ട് നന്നായി യോജിപ്പിക്കുക. ഇത് അരമണിക്കൂർ എങ്കിലും മസാല പിടിപ്പിക്കാൻ വെക്കണം.


അതിനുശേഷം ഒരു പാനെടുത്ത് അടുപ്പിൽ വെച്ച് ചെമ്മീൻ ഫ്രൈ ചെയ്യാനുള്ള വെളിച്ചെണ്ണ ഒഴിക്കുക. അതിലേക്ക് ചെമ്മീൻ ഓരോന്നായി ഇടുക. കുറഞ്ഞ തീയിൽ വെച്ച് വേവിച്ചെടുക്കണം. കുറച്ചു കഴിഞ്ഞാൽ ഇത് തിരിച്ചിട്ട് മറുഭാഗവും ഫ്രൈ ചെയ്യണം. ഇത് ക്രിസ്പി ആവാതെ നോക്കാൻ ശ്രദ്ധിക്കണം. ഇനി വെളിച്ചെണ്ണയിൽ നിന്ന് കോരി ഒരു പാത്രത്തിലേക്ക് മാറ്റാം.

ഇനി വേറൊരു പാൻ എടുത്ത് അതിൽ ചെമ്മീൻ ഫ്രൈ ചെയ്ത എണ്ണ അരിച്ച് കുറച്ച് മാത്രം ഒഴിക്കുക. അത് ചൂടായാൽ കാൽടീസ്പൂൺ കടുകിട്ട് പൊട്ടിക്കുക. പിന്നെ മൂന്നു വറ്റൽമുളക് മുറിച്ചിട്ട് 15 വെളുത്തുള്ളി നീളത്തിൽ അരിഞ്ഞതും ചേർക്കാം. കൂടാതെ ചെറിയ കഷണം ഇഞ്ചി നീളത്തിലരിഞ്ഞതും ഇടുക. ശേഷം എരിവിന് നാല് പച്ചമുളക് നീളത്തിലരിഞ്ഞത് ഇടുക. പിന്നെ കുറച്ച് കറിവേപ്പിലയും ഇടാം. എന്നിട്ട് നന്നായി ഇളക്കുക. വെളുത്തുള്ളിയും ഇഞ്ചിയുമൊക്കെ നിറം മാറിയാൽ 2 ടേബിൾസ്പൂൺ മുളകുപൊടി ചേർക്കാം. ഇനി തീ കുറച്ച് ഇതൊക്കെ യോജിപ്പിക്കുക. പിന്നെ കാൽ ടീസ്പൂൺ ഉലുവപ്പൊടി ചേർക്കാം. കൂടാതെ അര ടീസ്പൂൺ കായപ്പൊടിയും ഒരു നുള്ള് ഉപ്പും ചേർത്ത് യോജിപ്പിക്കണം. ഇനി വേണ്ടത് അരക്കപ്പ് വിനാഗിരി ആണ്. അത് ഒഴിച്ചു തിളപ്പിക്കാൻ വെയ്ക്കുക.

അത് തിളക്കുമ്പോൾ അതിൽ നമ്മൾ ഫ്രൈ ചെയ്തു വെച്ച ചെമ്മീൻ ഇടുക. എന്നിട്ട് നന്നായി ഇളക്കണം. ഇതിൽ പുളിയും ഉപ്പുമൊക്കെ ഈ സമയത്ത് നോക്കാം. പുളി കുറവാണെങ്കിൽ നിങ്ങൾക്ക് കുറച്ചുകൂടി വിനാഗിരി ഒഴിക്കാം. ഇതെല്ലാം കൂടി നന്നായി തിളച്ചാൽ തീ ഓഫ് ചെയ്യാം. അങ്ങനെ വളരെ എളുപ്പത്തിലും രുചിയായും ഉണ്ടാക്കുന്ന ചെമ്മീൻ അച്ചാർ ഇവിടെ റെഡിയായി.

Similar Posts