തണുപ്പ് കാലത്ത് കഴിക്കാൻ പറ്റിയ ഒന്നാണ് ഗ്രീൻപീസ് അഥവാ പച്ചപ്പട്ടാണി. ധാരാളം നാരുകൾ അടങ്ങിയ ഇത് ദഹനത്തിന് സഹായിക്കുന്നു. ആരോഗ്യഗുണങ്ങൾ ഒരുപാടുള്ള ഗ്രീൻപീസ് ഭക്ഷണത്തിൽ പതിവായി ഉൾപ്പെടുത്തുന്നത് നല്ലതാണ്. കോഴിക്കോട് തട്ടുകടയിൽ ഗ്രീൻപീസ് കൊണ്ട് ഒരു അടിപൊളി വിഭവം തന്നെ ഉണ്ടാക്കുന്നുണ്ട്. ചോറിന്റെ കൂടെയും ചപ്പാത്തിയുടെ കൂടെയും ഒക്കെ കഴിക്കാൻ പറ്റുന്ന ഒരു അടിപൊളി ഐറ്റം ആണ് ഇത്.
ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നമുക്ക് നോക്കാം. ഇതിൽ ഗ്രീൻപീസ് പോലെതന്നെ ഒരു പ്രധാന ചേരുവയാണ് മുട്ട. ഗ്രീൻ പീസിന് നല്ല വേവുള്ളതിനാൽ ആറു മണിക്കൂറെങ്കിലും വെള്ളത്തിൽ കുതിർക്കാൻ വെയ്ക്കണം. ഇതിന്റെ അളവ് ഒന്നരക്കപ്പ് ആണ്. ഇത് നല്ലവണ്ണം കഴുകി കുക്കറിലേക്ക് ഇടുക. ഇതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും ആവശ്യത്തിന് ഉപ്പും 2 പച്ചമുളക് രണ്ടായി പിളർന്നതും കുറച്ച് കറിവേപ്പിലയും ഗ്രീൻപീസ് മുങ്ങാനുള്ള വെള്ളവും ഒഴിച്ച് മൂടിയിട്ട് വേവിക്കുക. 2 വിസിൽ എങ്കിലും വേണം ഇത് വേവാൻ. വെന്ത് അടിഞ്ഞ് പോകാതെയും ശ്രദ്ധിക്കണം. ഗ്രീൻപീസ് വേവ് കൂടുതലുള്ളതാണെങ്കിൽ രണ്ടിൽ കൂടുതൽ വിസിൽ വേണ്ടിവരും. ഇതിലെ വെള്ളം വറ്റിയില്ലെങ്കിൽ ഒന്നു കൂടി തിളപ്പിക്കേണ്ടി വേണ്ടിവരും.
ഇനി ഒരു പാനിൽ അടുപ്പത്തു വച്ച് അത് ചൂടായാൽ 2 ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. അതിൽ ഒരു സവാള കഷണങ്ങളാക്കിയത് ഇടുക. കുറച്ച് കറിവേപ്പിലയും 2 പച്ചമുളകും ചേർക്കുക. നിങ്ങളുടെ എരിവിന് അനുസരിച്ച് പച്ചമുളകിന്റെ എണ്ണം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം. പിന്നെ ഒരു ടീസ്പൂൺ ഇഞ്ചിയുടെയും വെളുത്തുള്ളിയുടെയും പേസ്റ്റ് ഇതിലേക്ക് ഇട്ട് നന്നായി വഴറ്റുക. ലോ ഫ്ലേ മിൽ ഇട്ട് കുറച്ചുനേരം വഴറ്റിയാൽ മതി.
ഇനി ഒരു പഴുത്ത തക്കാളിയുടെ പകുതി കഷണം ചെറുതായി മുറിച്ച് ഇതിലേക്ക് ഇടുക. പിന്നെ പൊടികളായ ഒരു ടീസ്പൂൺ മല്ലിപ്പൊടിയും
അര ടീസ്പൂൺ മുളകുപൊടിയും കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും അര ടീസ്പൂൺ ഗരം മസാലപ്പൊടിയും കാൽ ടീസ്പൂൺ പെരുംജീരകം പൊടിച്ചതും ചേർക്കുക. ഇതിന്റെ പച്ചമണം മാറുന്നതുവരെ നന്നായി ഇളക്കുക. അതിനൊപ്പം തക്കാളിയും വെന്തു വരും. ഇനി നമ്മൾ വേവിച്ചുവെച്ച ഗ്രീൻപീസ് ഈ മസാലയിലേക്ക് ഇടാം. കുറച്ചു വെള്ളത്തോടെ തന്നെയാണ് ഇത് ഇടേണ്ടത്. ഇനി എല്ലാം കൂടി യോജിപ്പിക്കുക. ഈ സമയത്ത് നിങ്ങൾക്ക് ഉപ്പ് നോക്കിയിട്ട് ചേർക്കാം. ഇനി മൂടിയിട്ട് ലോ ഫ്ലേമിൽ 2 മിനിറ്റ് വെയ്ക്കുക. അപ്പോഴേക്കും ഗ്രീൻപീസിൽ മസാലയൊക്കെ പിടിച്ചു വരും.
ഇനി ഇതിലെ മറ്റൊരു പ്രധാന ചേരുവയായ മുട്ട ചേർക്കാം. 4 മുട്ടയാണ് ഇതിൽ ചേർക്കേണ്ടത്. ആദ്യം നമ്മൾ മുട്ട ഒരു ബൗളിലേക്ക് ഉടച്ച് ഒഴിക്കണം. എന്നിട്ട് ഇതിലേക്ക് ചേർക്കുന്നതാണ് നല്ലത്. നേരിട്ട് മസാലയിലേക്ക് ഒഴിച്ചാൽ മുട്ട കേടുണ്ടോ എന്നത് നമുക്ക് മനസ്സിലാവില്ല. ഇനി ഉപ്പ് നോക്കിയിട്ട് ആവശ്യമുണ്ടെങ്കിൽ ചേർക്കാം. ഇനി അര ടീസ്പൂൺ ചില്ലി ഫ്ലേയ്ക് സ് ചതച്ചതും കാൽ ടീസ്പൂൺ കുരുമുളകുപൊടിയും ചേർക്കാം. എന്നിട്ട് 2 മിനിറ്റ് വീണ്ടും മൂടി അടച്ചു ലോ ഫ്ലേമിൽ വേവിക്കാം. അതിനു ശേഷം മൂടി തുറന്ന് നന്നായി ഇളക്കുക ഇനി കുറച്ച് മല്ലിയില മുറിച്ച് ഇതിൽ വിതറാം. ഇനി നിങ്ങൾ ഇത് ചൂടോടെ കട്ടൻ ചായയുടെ കൂടെ ഒന്ന് കഴിച്ചു നോക്കൂ. അപാര ടേസ്റ്റ് ആണ്.
