ക്യാരറ്റ് ഉണ്ടോ? പ്ലേറ്റ് കാലിയാകുന്ന വഴി അറിയില്ല
ക്യാരറ്റിന്റെ ആരോഗ്യഗുണങ്ങൾ എത്ര പറഞ്ഞാലും മതിയാവില്ല. ക്യാരറ്റ് നമ്മൾ കഴിക്കാറുണ്ടെങ്കിലും അതിൻെറ ആരോഗ്യഗുണങ്ങൾ അധികപേർക്കും അറിയില്ല എന്നതാണ് സത്യം. ഇത് കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദ്രോഗങ്ങൾ തടയാനും സഹായിക്കുന്നു. കൂടാതെ മേനിയെ തിളക്കമുള്ളതാക്കാനും മുടിയുടെ ആരോഗ്യത്തിനും ത്വക്കിന്റെ വരൾച്ച മാറാനുമൊക്കെ ക്യാരറ്റ് കഴിക്കുന്നതു കൊണ്ട് നല്ലതാണ്. കുട്ടികളുടെ ഭക്ഷണത്തിൽ തീർച്ചയായും ഉൾപ്പെടുത്തേണ്ട ഒന്നാണ് ക്യാരറ്റ്.
ക്യാരറ്റ് കൊണ്ട് പല വിഭവങ്ങളും ഉണ്ടാക്കാം. ക്യാരറ്റ് ലഡ്ഡു, ക്യാരറ്റ് മെഴുക്കുപുരട്ടി, ക്യാരറ്റ് ഹൽവ, ക്യാരറ്റ് കേക്ക്, ക്യാരറ്റ് റൈസ് എനിങ്ങനെ നീണ്ടുപോകുന്നു അവ. ഇവിടെ ക്യാരറ്റ് കൊണ്ട് എളുപ്പത്തിൽ ഉണ്ടാക്കാൻ ചെയ്യാൻ പറ്റുന്ന ഒരു അടിപൊളി സ്നാക്കിനെ പറ്റിയാണ് പറയുന്നത്. ക്യാരറ്റ് ബുള്ളറ്റ് ആണ് അത്.
എങ്ങനെയാണ് ഇത് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ഇതിനായി ആദ്യം അത്യാവശ്യം വലിപ്പമുള്ള ക്യാരറ്റ് എടുത്തു കഴുകി വൃത്തിയാക്കി ഗ്രേറ്റ് ചെയ്യുക. പിന്നെ ചെറിയ കഷണം ഇഞ്ചി ചെറുതായി അരിഞ്ഞതും ഒരു പച്ചമുളക് ചെറുതായി മുറിച്ചതും കുറച്ചു നല്ല ജീരകവും കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും ചെറുതായി അരിഞ്ഞ മല്ലിയിലയും എടുത്തുവയ്ക്കുക.
ഇനി ഒരു പാത്രമെടുത്ത് അതിലേക്ക് അരക്കപ്പ് കടലപ്പൊടി ഇടുക. പിന്നെ ഒന്നര ടേബിൾസ്പൂൺ കോൺഫ്ലോറും ഇട്ട് പിന്നെ നമ്മൾ എടുത്തു വച്ച് ക്യാരറ്റും ജീരകവും പച്ചമുളകും മല്ലിയിലയും മഞ്ഞൾപ്പൊടിയും കൂടി ഇതിൽ ഇടാം. തീരെ ചെറിയ കുട്ടികൾക്ക് ഇത് ഉണ്ടാക്കുമ്പോൾ പച്ചമുളക് കടിച്ചു പോകുന്നതിനാൽ അത് ഇടണം എന്നില്ല. ഇനി ഇതിൽ കുറച്ച് വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് കുഴയ്ക്കുക. ഇതിൽ വെള്ളം അധികം ആവാതിരിക്കാൻ ശ്രദ്ധിക്കണം. നമ്മൾ പക്കാവടയൊക്കെ ഉണ്ടാക്കുമ്പോൾ കുഴയ്ക്കുന്ന പോലെ വെള്ളം അധികം ചേർക്കാതെ കുഴച്ചെടുക്കണം. എന്നിട്ട് ഇത് റെസ്റ്റ് ചെയ്യാനൊന്നും വയ്ക്കണമെന്നില്ല. കുഴച്ച ഉടനെ തന്നെ നമുക്ക് ഉണ്ടാക്കാം.
ഇനി ഇത് ഫ്രൈ ചെയ്യാനുള്ള ചീനച്ചട്ടി അടുപ്പിൽവെച്ച് ചൂടാക്കി എണ്ണ ഒഴിക്കുക. അത് നന്നായി തിളയ്ക്കാൻ വയ്ക്കുക. എന്നിട്ട് മിനിമം തീയിലേക്ക് മാറ്റി കുറച്ച് എണ്ണ കൈയിൽ പുരട്ടി ക്യാരറ്റ് മിക്സിൽ നിന്ന് കുറച്ചെടുത്ത് ബുള്ളറ്റ് ഷേപ്പിൽ ആക്കുക. മാവ് കയ്യിൽ പറ്റി പിടിക്കാതിരിക്കാനാണ് എണ്ണ പുരട്ടുന്നത്. ഇനി കുറഞ്ഞ തീയിലേക്ക് മാറ്റുക. ഇത് മൊരിഞ്ഞു വരുമ്പോൾ അത് എണ്ണയിൽ നിന്നും കോരി മുകളിലോട്ട് മാറ്റി പിന്നെയും എണ്ണയിലേക്ക് തന്നെ ഇടുക. അപ്പോൾ അത് നല്ലവണ്ണം ഫ്രൈ ആയി വരും. ഇനി മറുവശവും ഫ്രൈ ചെയ്ത് എടുക്കാം. എന്നിട്ട് ഒരു പ്ലേറ്റിലേക്ക് മാറ്റാം. അഞ്ചു മിനിറ്റ് കൊണ്ട് തന്നെ ഉണ്ടാക്കാൻ പറ്റുന്ന ഈ കാരറ്റ് ബുള്ളറ്റ് ഒരു നാലുമണി പലഹാരമായി ഉണ്ടാക്കി നോക്കൂ.