ക്രീം ഇല്ലാതെ ജാം ഉപയോഗിച്ച് എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു സൂപ്പർ കേക്ക്

കേക്ക് ഇഷ്ടപ്പെടാത്ത മലയാളികൾ കുറവായിരിക്കും. പല നിറത്തിലും ആകൃതിയിലും രുചിയിലുമുള്ള കേക്കുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. എന്നാൽ ഇപ്പോൾ വീട്ടിൽ നിന്നു തന്നെ അധികപേരും കേക്ക് ഉണ്ടാക്കുന്നുണ്ട്. ഇന്നിവിടെ വളരെ എളുപ്പത്തിൽ തന്നെ ഉണ്ടാക്കാൻ പറ്റുന്ന കേക്കിന്റെ റെസിപ്പിയാണ് പറയുന്നത്. ക്രീം ഒന്നും ചേർക്കാതെ ജാം ഉപയോഗിച്ചാണ് ഇത് ഡെക്കറേറ്റ് ചെയ്യുന്നത്.

ഓവൻ ഒന്നുമില്ലാതെ തന്നെ ഈ കേക്ക് ഉണ്ടാക്കാൻ പറ്റും എന്നതാണ് ഇതിന്റെ പ്രത്യേകത. കേക്ക് ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ 2 /മുട്ട, അരകപ്പ് പഞ്ചസാര, ഒരു കപ്പ് മൈദ പൊടി, ഒരു ടേബിൾ സ്പൂൺ ഓയിൽ, ഒരു ടീസ്പൂൺ വാനില എസൻസ്, ആവശ്യമെങ്കിൽ രണ്ടുതുള്ളി ഫുഡ് കളർ എന്നിവയാണ്. ഇനി ഇത് ഉണ്ടാക്കുന്ന വിധം നോക്കാം.

ആദ്യം ഒരു പാത്രമെടുത്ത് അതിൽ രണ്ടു മുട്ടയും ഒഴിക്കുക. അതിലേക്ക് പഞ്ചസാര ഇടുക. നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് മധുരം കൂട്ടാം. പഞ്ചസാരയും മുട്ടയും കൂടി നന്നായി അടിച്ചെടുക്കുക. ഇനി കുറച്ച് ഉപ്പ് ഇടുക. എന്നിട്ട് വിസ്ക് കൊണ്ട് നന്നായി അടിക്കുക. ഹാന്റ് ബീറ്റർ ഉണ്ടെങ്കിൽ അതിനെ കൊണ്ട് ബീറ്റ് ചെയ്യുന്നതാണ് നല്ലത്. ഇനി അതിലേക്ക് മൈദപ്പൊടിയാണ് ഇടേണ്ടത്. ഒരു അരിപ്പയിൽ മൈദപ്പൊടിയും ബേക്കിങ്ങ് പൗഡറും നന്നായി അരിച്ചെടുക്കുക.

നിങ്ങൾക്ക് മൈദപ്പൊടിക്ക് പകരം ഗോതമ്പ് പൊടിയും ഉപയോഗിക്കാം. ഇനിയൊരു പരന്ന സ്പൂൺ കൊണ്ട് മെല്ലെ നല്ലത് പോലെ ഇളക്കി യോജിപ്പിക്കുക. അതിലേക്ക് ഓയിൽ ചേർക്കുക. കൂടാതെ വാനിലയുടെ എസെൻസും ചേർക്കണം. ആവശ്യമെങ്കിൽ മാത്രം നിങ്ങൾക്ക് ഇതിൽ ഫുൾ കളർ ചേർക്കാം. അതല്ലെങ്കിൽ ഒരു നുള്ള് മഞ്ഞൾപ്പൊടി ഇട്ടാൽ മതിയാവും. ഈ ബാറ്റർ ലൂസാവണമെങ്കിൽ കുറച്ചു തിളപ്പിച്ചാറ്റിയ പാൽ അതിലേക്ക് ഒഴിച്ച് മിക്സ് ആക്കാം. മേൽപ്പറഞ്ഞ അളവിൽ തന്നെ നിങ്ങൾ എല്ലാ ചേരുവകളും എടുത്തെങ്കിൽ പാൽ ചേർക്കേണ്ടി വരില്ല. ഇനി ഒരു പാൻ എടുത്ത് അതിൽ നെയ് പുരട്ടി അതിൽ നമ്മുടെ ബാറ്റർ ഒഴിക്കുക.

ഇനി ഒരു പഴയ നോൺസ്റ്റിക്കിന്റെയോ മറ്റോ ദോശക്കല്ല് എടുക്കുക. അത് ഗ്യാസിൽ വെച്ച് ചൂടാക്കുക. കേക്കിന്റെ അടിഭാഗം കരിയാതിരിക്കാനാണ് ഇത് വെയ്ക്കുന്നത്. അതിന്റെ മുകളിൽ കേക്കിന്റെ പാൻ വെച്ച് നന്നായി മൂടുക. 25 മിനിറ്റ് കഴിഞ്ഞ് മൂടി തുറന്നു നോക്കുക. കേക്കിന്റെ ഉള്ള് വെന്തോ എന്നറിയാൻ മൂടി തുറന്നു ഒരു പപ്പടം കുത്തി കൊണ്ടോ മറ്റോ കുത്തി നോക്കുക. അതിന്റെ മേലെ ഒന്നും പറ്റിപ്പിടിച്ചില്ല എന്നാണെങ്കിൽ നമ്മുടെ കേക്ക് റെഡിയായി എന്നർത്ഥം. ഇനി വേറൊരു പാത്രത്തിലേക്ക് കേക്ക് മാറ്റുക. ഇത് ഡെക്കറേറ്റ് ചെയ്യാൻ നമുക്ക് ഒരു ജാമെടുത്തു കുറേശ്ശെ അതിനു മുകളിൽ എല്ലായിടത്തും പുരട്ടുക. അതിനുശേഷം കുറച്ച് തേങ്ങ ചിരവിയെടുത്ത് ചെറുതായി വറുത്ത് കേക്കിന്റെ മുകളിൽ ഡിസൈൻ ചെയ്യാം. അങ്ങനെ നല്ല സോഫ്റ്റായും രുചിയോടെയുള്ള കേക്ക് റെഡി ആയി കഴിഞ്ഞു.