“ക്ലാസിക് ഡിസൈൻ” ഇലക്ട്രിക് വാഹന വിപണിയിലേക്ക് റോയൽ എൻഫീൽഡും

ഡിസൈനിൽ മാറ്റമൊന്നുമില്ല. ഇലക്ട്രിക് വണ്ടി ആകുന്നു എന്ന ഒരു മാറ്റം മാത്രം. അതും റോയൽ എൻഫീൽഡ് ക്ലാസിക് മോഡലിൽ തന്നെ. ഇന്ത്യയിലെ ഏറ്റവും അധികം ടൂവീലർ ആരാധകരുള്ള റോയൽ എൻഫീൽഡ് ഇലക്ട്രിക് ശ്രേണിയിലേക്ക് ഒരു ചുവടുമാറ്റം നടത്തുകയാണ്. ഐഷർ മോട്ടോഴ്സിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്നതാണ് ഈ ബ്രാൻഡ്. നിലവിൽ 350cc മുതൽ 750cc വരെയാണ് റോയൽ എൻഫീൽഡ് പുറത്തിറങ്ങുന്നത്. ഇതിനെ വെല്ലാൻ മറ്റൊരു ബൈക്ക് വാഹന നിർമാതാക്കളും രംഗത്തെത്തിയിട്ടില്ല എന്നത് ഒരു വാസ്തവമാണ്.

വിപണി ഇപ്പോൾ ഇലക്ട്രിക് വണ്ടികളുടെ പുറകെയാണ്. വർധിച്ചുവരുന്ന ഇന്ധന വിലയും, ഭാവിയിൽ ഉണ്ടായേക്കാവുന്ന ഇന്ധനക്ഷാമവും ഉറ്റുനോക്കി കൊണ്ടാണ് വാഹന നിർമാതാക്കൾ വ്യാപകമായി പുതിയൊരു ചുവടുമാറ്റത്തിന് ഒരുങ്ങുന്നത്. റോയൽ എൻഫീൽഡും ഇത്തരത്തിൽ പരിഷ്കരിക്കപ്പെടുകയാണ്. പ്രീമിയം ഇലക്ട്രിക് ബൈക്ക് ശ്രേണി തന്നെ ഉത്പാദിപ്പിക്കാനാണ് ഐഷർ മോട്ടോഴ്സ് ലക്ഷ്യം വെക്കുന്നത്.

2020-21 സാമ്പത്തികവർഷത്തെ ഇന്റഗ്രേറ്റഡ് ആനുവൽ റിപ്പോർട്ടിൽ റോയൽ എൻഫീൽഡിന്റെ ഇലക്ട്രിക് ശ്രേണിയിലേക്ക് ഉള്ള ചുവടു മാറ്റത്തെക്കുറിച്ച് വളരെ വിശദമായി തന്നെ ഐഷർ മോട്ടോഴ്സ് മാനേജിങ് ഡയറക്ടർ സിദ്ധാർത്ഥ് ലാൽ വ്യക്തമാക്കുന്നുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ് ” ഇന്ത്യയിൽ ഇലക്ട്രിക് വാഹനവിപണി ശക്തി പ്രാപിക്കുകയാണ്. അത്തരം വാഹനങ്ങൾ നിർമ്മിച്ചെടുക്കുന്നതിൽ ഞങ്ങൾ തന്ത്രപരമായി പ്രവർത്തിക്കുന്നു. അതേസമയം മറ്റ് ഇന്ധന വാഹനങ്ങളുടെ നൂതന എൻജിൻ പരിഷ്കാരങ്ങൾ ഇലൂടെയും ഞങ്ങൾ മുന്നോട്ടു പോകും. ശക്തമായ ജനകീയമായ ബ്രാൻഡും, നൂതന നിർമാണ ശാലകളും, വളരെ വിപുലമായ വിതരണശൃംഖലകളും ഞങ്ങൾക്കുണ്ട്. ഇത്തരം കാര്യങ്ങളെല്ലാം ഉപയോഗപ്പെടുത്തി പ്രീമിയം ഇലക്ട്രിക് ബൈക്കുകൾ നിർമ്മിക്കാനാണ് പദ്ധതി ലക്ഷ്യം വെക്കുന്നത് “. റോയൽ എൻഫീൽഡ് ശ്രേണിയിലെ ക്ലാസിക് ലുക്കിൽ തന്നെയാണ് പ്രീമിയം ഇലക്ട്രിക് ബൈക്കുകളും രംഗത്തെത്തുക എന്നും സിദ്ധാർത്ഥ് ലാൽ പറഞ്ഞു.

ഇന്ത്യയിലും ലോകത്തും ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തരം സർക്കാർ നിലപാടുകളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ വാഹന നിർമാതാക്കൾ കൂടുതലും ഇലക്ട്രിക് വാഹന നിർമ്മാണത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ്. ഒന്നിലധികം ബ്രാൻഡുകൾ നിർമ്മിച്ച് പരീക്ഷണം നടത്താൻ മറ്റ് വാഹന നിർമ്മാതാക്കൾ ഒരുക്കം കൂട്ടുമ്പോൾ, റോയൽ എൻഫീൽഡ് ആകട്ടെ അതിന്റെ ഏറെ ജനകീയമായ ക്ലാസിക് മോഡൽ തന്നെയാണ് ഇലക്ട്രിക് ശ്രേണിയിലേക്ക് മാറ്റി പരീക്ഷണത്തിന് ഒരുങ്ങുന്നത്.