ചക്കക്കുരു കൊണ്ട് നല്ല ഒന്നാന്തരം മയോണൈസ് ഇനി വീട്ടിൽ തന്നെ ഉണ്ടാക്കാം

ഫ്രഞ്ച് ഫ്രൈസിന്റെയും ഗ്രിൽഡ് ചിക്കൻന്റെയും ഷവർമയുടെ കൂടെ കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒന്നാണ് മയോണൈസ്. ഇത് പല ഫ്ലേവറുകളിലും ലഭ്യമാണ്. എന്നാൽ വെളുത്തുള്ളി ഇട്ട ഗാർലിക് മയോണൈസ് ആണ് കൂടുതലായും കണ്ടുവരുന്നത്. സാധാരണ പച്ച മുട്ടയിൽ സസ്യ എണ്ണ ചേർത്ത് മിക്സാക്കി ആവശ്യത്തിന് ഉപ്പും ഒരു നുള്ള് പഞ്ചസാരയും നാരങ്ങാ നീരും ചേർത്താണ് മയോണൈസ് ഉണ്ടാക്കുന്നത്. ഇതൊന്നും ചേർക്കാതെ തന്നെ നമുക്ക് വീട്ടിൽ നിന്ന് തന്നെ വളരെ എളുപ്പത്തിൽ ഇത് ഉണ്ടാക്കാൻ പറ്റും.

നമുക്ക് സുലഭമായി കിട്ടുന്ന ചക്കക്കുരു ഉപയോഗിച്ച് എങ്ങനെ മയോണൈസ് ഉണ്ടാക്കാമെന്ന് നമുക്ക് നോക്കാം. ആദ്യം 10 ചക്കക്കുരു എടുക്കുക. ഒരു കുക്കർ എടുത്ത് അതിലേക്ക് ചക്കക്കുരു ഇട്ട് കുറച്ച് വെള്ളവും ഒഴിച്ച് വേവിക്കാൻ വെയ്ക്കുക. 4 വിസിൽ വരുന്നതുവരെ വേവിക്കണം. കുറച്ചു കഴിഞ്ഞ് മൂടി തുറന്ന് അത് ചൂടാറാൻ വയ്ക്കുക. എന്നിട്ട് അതിന്റെ പുറത്തുള്ള വെള്ളത്തോട് മാറ്റുക . അതിനകത്തെ ബ്രൗൺ നിറമുള്ള തോല് കളയണമെന്നില്ല. പക്ഷേ അത് കളഞ്ഞാൽ നമുക്ക് നല്ല വെള്ള നിറത്തിൽ തന്നെ കിട്ടുകയും ചെയ്യും. അത് നിങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച് ചെയ്യാം.

ഇനി മിക്സിയുടെ ചെറിയ ജാർ എടുത്ത് അതിൽ ചക്കക്കുരു ഇട്ട് വെള്ളം ചേർക്കാതെ നന്നായി അരച്ചെടുക്കുക. എന്നിട്ട് ഒരു സ്പൂൺ കൊണ്ട് വശങ്ങളിലുള്ളതെല്ലാം എടുത്ത് ഉള്ളിലാക്കാം. ഇനി 5 അല്ലി വെളുത്തുള്ളി ഇതിലിടുകയും അര ടേബിൾസ്പൂൺ വിനാഗിരിയും ചേർക്കണം. അതില്ലെങ്കിൽ ചെറുനാരങ്ങാനീര് ചേർത്താലും മതി. അര ടീസ്പൂൺ ഉപ്പും 1 ടീസ്പൂൺ പഞ്ചസാരയും ഇടുക. നിങ്ങൾക്ക് വേണമെങ്കിൽ കുറച്ച് കുരുമുളകുപൊടിയും ഇടാം. ഇനി കട്ടിയുള്ള അര കപ്പ് തേങ്ങാപാൽ ചേർക്കണം. ഇതെല്ലാം കൂടി നന്നായി അരച്ചെടുക്കണം. അങ്ങനെ എളുപ്പം ഉണ്ടാക്കാവുന്ന മയോണൈസ് റെഡിയായി. ചക്കക്കുരു ഇട്ടതു കൊണ്ട് ഹെൽത്തി ആയിട്ടുള്ള മയോണൈസ് ആണിത്. നിങ്ങൾക്ക് തേങ്ങാപ്പാൽ ഒഴിച്ച് കട്ടി കുറയ്ക്കണമെങ്കിൽ അങ്ങനെയും ചെയ്യാം.


Similar Posts