ഡിജിറ്റൽ പണമിടപാടുകൾക്ക് ഇ-റുപ്പി സേവനം ആഗസ്ത് 2 മുതൽ ലഭ്യമാകും, അറിയേണ്ടതെല്ലാം

അതിവേഗം സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ഈ കാലത്ത് നമ്മുടെ രാജ്യവും മാറ്റത്തിന്റെ പാതയിലാണ്. പ്രധാനമന്ത്രിയുടെ ആഹ്വാന പ്രകാരം എല്ലാവർക്കും ബാങ്ക് അക്കൗണ്ട് തുറക്കാൻ ജൻധൻ പദ്ധതി ആവിഷ്കരിച്ചിരുന്നു. ഇന്ന് കേന്ദ്രത്തിന്റെ ഏത് പദ്ധതിയിലുള്ള പണമിടപാടായാലും അക്കൗണ്ട് വഴിയാണ് നമുക്കത് ലഭിക്കുന്നത്. എന്നാൽ കുറച്ചു കൂടി സുതാര്യമായി മറ്റൊരു ഘട്ടത്തിലേക്കാണ് കേന്ദ്രം ഇപ്പോൾ കടന്നിരിക്കുന്നത്. ഇ റുപ്പി എന്നാണ് ഇതിന്റെ പേര്. ഇന്ന് സ്മാർട്ട് ഫോൺ ഉപയോഗിക്കാത്തവർ വളരെ കുറവായിരിക്കും. ക്യാഷ്ലെസ് ഡിജിറ്റൽ പണമിടപാടുകൾക്ക് പ്രോത്സാഹനം നൽകുന്ന ഈ കാലത്ത് ഒരു ഫോൺ മുഖേന ക്യൂ ആർ കോഡ് സ്കാൻ ചെയ്തോ എസ് എം എസ് മുഖേനയോ സമ്പർക്കരഹിതവും കറൻസിരഹിതവുമായി ഈ ഇടപാട് നടത്താം.

നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ 07 ഇന്ത്യ (NPCI) വികസിപ്പിച്ചെടുത്ത യു.പി.ഐ പ്ലാറ്റ്ഫോമിലുള്ള ഇ റുപ്പി ആഗസ്റ്റ് 2 ന് പ്രധാനമന്ത്രി നാടിന് സമർപ്പിക്കുന്നു. സാമ്പത്തിക സേവന വകുപ്പ്, ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയവും ദേശീയ ആരോഗ്യ അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് ഇത് വികസിപ്പിച്ചെടുത്തത്.

ഡിജിറ്റൽ പേയ്മെന്റ് ആപ്പുകൾ അല്ലെങ്കിൽ ഇന്റെർനെറ്റ് ബാങ്കിങ് എന്നിവയുടെ സഹായം ഇല്ലാതെ തന്നെ ഉപഭോക്താവിന് വൗച്ചറിലെ പണം വീണ്ടെടുക്കാൻ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. ഒരു പ്രീപെയ്ഡ് സംവിധാനത്തിൽ പ്രവർത്തിക്കുന്ന ഇ റുപ്പി ഒരു ഇടനിലക്കാരന്റെയും പങ്കാളിത്തമില്ലാതെ കൃത്യസമയത്ത് സേവനദാതാവിന് പണം നൽകുന്നു. ഇടപാട് പൂർത്തിയായതിനു ശേഷം മാത്രമേ സേവനദാതാവിന് പണം നൽകുകയുള്ളൂ എന്നത് ഇതിന്റെ പ്രത്യേകതയാണ്.

ആരോഗ്യ പദ്ധതികളായ മാതൃശിശു ക്ഷേമപദ്ധതി, പ്രധാൻമന്ത്രി ജൻ ആരോഗ്യ യോജന, ടി ബി നിർമ്മാർജന പദ്ധതി, ആയുഷ്മാൻ ഭാരത് തുടങ്ങിയ പദ്ധതികൾക്ക് കീഴിൽ മരുന്നുകളും സേവനങ്ങളും ലഭിക്കാനും കർഷകർക്ക് വളം സബ്സിഡി ലഭിക്കാനും ഇ റുപ്പി സംവിധാനം ഉപയോഗിക്കാം. ഭാവിയിൽ കൂടുതൽ മേഖലകളിലേക്ക് ഈ സേവനം എത്തിക്കാൻ കേന്ദ്രം ആലോചിക്കുന്നുണ്ട്.

Similar Posts