തക്കാളി കൂടുതൽ ഉണ്ടെങ്കിൽ ഇനി പേടിക്കണ്ട, നല്ല സൂപ്പർ തക്കാളി അച്ചാർ തയ്യാറാക്കാം

തക്കാളി ലാഭത്തിൽ കിട്ടിയാൽ എല്ലാവരും വാങ്ങിച്ചു വക്കും. പക്ഷെ വാങ്ങി വച്ചാൽ പിന്നെ ഇതെങ്ങിനെ ചീഞ്ഞു പോകാതെ ഉപയോഗിക്കും എന്നാണ് ചിന്ത. ഫ്രിഡ്ജിൽ വച്ചാലും പെട്ടെന്ന് തന്നെ കേടുവരുകയും ചെയ്യും. അപ്പോൾ വളരെ എളുപ്പം എങ്ങിനെ ആണ് തക്കാളി അച്ചാർ തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം രണ്ടു കിലോ തക്കാളി കഴുകി വൃത്തിയാക്കി എടുക്കുക. അതിനുശേഷം ചെറുതായി മുറിച്ചു വക്കണം. ഇനി ഒരു നോൺസ്റ്റിക് പാൻ അല്ലെങ്കിൽ ചുവട് കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ചു മുറിച്ചു വച്ചിരിക്കുന്ന തക്കാളി ചേർത്ത് നന്നായി ഇളക്കി വേവിക്കുക. അതിലേക്ക് ഒരു ചെറിയ കഷ്ണം പുളി കൂടി ചേർത്ത് വേണം വേവിച്ചു എടുക്കാൻ. ഇനി ആറു സ്പൂൺ മുളക്പൊടിയും, ഒരു സ്പൂൺ മഞ്ഞൾപൊടിയും, അര സ്പൂൺ ഉലുവപ്പൊടിയും, പാകത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇനി തീ കുറച്ചു പാത്രം മൂടി വച്ചു വേണം വേവിച്ചു എടുക്കാൻ. അതിലെ വെള്ളം നന്നായി വറ്റി വരണം. വെള്ളം വറ്റി തക്കാളി നന്നായി വെന്തു വന്നാൽ ഒരു തവി ഉപയോഗിച്ച് നന്നായി ഉടച്ചു എടുക്കുക.

ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് നൂറു ഗ്രാം നല്ലെണ്ണ ഒഴിക്കുക. ഇനി ഒന്നര സ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക. ഇനി രണ്ടു ഉണ്ട വെളുത്തുള്ളി തോൽ കളഞ്ഞു നീളത്തിൽ അരിഞ്ഞത് ചേർത്ത് വഴറ്റുക. അഞ്ചു വറ്റൽമുളക് പൊട്ടിച്ചത്, അൽപ്പം കറിവേപ്പില എന്നിവ കൂടി ചേർത്ത് നന്നായി വഴറ്റുക. ഇനി ഒരു സ്പൂൺ കായം പൊടി കൂടി ചേർത്ത് വഴറ്റുക. അതിലേക്ക് വേവിച്ചു ഉടച്ചു വച്ചിരിക്കുന്ന തക്കാളി ചേർത്ത് നന്നായി വഴറ്റുക. രണ്ടു മിനിറ്റ് ഇളക്കി കൊടുക്കുക. ഇനി തീ ഓഫ് ചെയ്തു ചൂടാറാൻ വേണ്ടി മാറ്റി വക്കണം. ചൂടാറിയ ശേഷം ഒരു ചില്ലു കുപ്പിയിൽ ആക്കി സൂക്ഷിച്ചു വക്കാം.

ഇപ്പോൾ നമ്മുടെ അടിപൊളി “തക്കാളി അച്ചാർ” തയ്യാർ… !!

Similar Posts