തനി നാടൻ രുചിയിൽ കിടിലൻ മത്തി മുളകിട്ടത്, ഒരു പറ ചോറുണ്ണാം
മീനുകളുടെ കൂട്ടത്തിൽ മത്തിക്കുള്ള സ്ഥാനം ഒന്നു വേറെ തന്നെയാണ്. നാടൻ മത്തിയാണെങ്കിലോ പറയുകയേ വേണ്ട. എന്നാൽ മത്തി മുളകിട്ടതുണ്ടെങ്കിൽ വേറെ ഒന്നും വേണ്ട. പണ്ടൊക്കെ മത്തി സുലഭമായി കിട്ടുമായിരുന്നു. എന്നാൽ ഇന്ന് കടൽ മീനുകളുടെ ലഭ്യത കുറവാണ്.
ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്തുന്നത് വ്യത്യസ്ത രീതിയിൽ ഉണ്ടാക്കുന്ന മത്തി മുളകിട്ടതാണ്. ആദ്യം വേണ്ടത് ഒരു മൺചട്ടിയാണ്. ആവശ്യത്തിനുള്ള മൂന്നോ നാലോ മത്തി കഴുകി വൃത്തിയാക്കി മസാല പിടിക്കുന്നതിനായി അതിന് മുകളിൽ വര വെയ്ക്കുക. അതിനു ശേഷം ആവശ്യമുള്ള ചേരുവകളായ അഞ്ചോ ആറോ വലിയ അല്ലി വെളുത്തുള്ളിയും ഒരു ചെറിയ കഷണം വൃത്തിയാക്കിയ ഇഞ്ചിയും ചതച്ചെടുക്കുക. ഇടത്തരം വലിപ്പമുള്ള മൂന്ന് പച്ച മുളക് ചീന്തിയെടുക്കുക. കുറച്ച് ചെറിയ ഉള്ളിയും വൃത്തിയാക്കി വെയ്ക്കുക. മഞ്ഞൾപ്പൊടി, മുളക്പൊടി, ഉലുവപ്പൊടി എന്നിവ എടുത്തു വെയ്ക്കുക. രണ്ടോ മൂന്നോ അല്ലി കുടം പുളിയോ അല്ലെങ്കിൽ കുറച്ച് വാളൻ പുളിയോ നല്ല വെള്ളത്തിൽ കുതിർത്ത് വെക്കുക.
ചട്ടി ചൂടായതിന് ശേഷം കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് അതിൽ കറിവേപ്പില ഇടുക. ആവശ്യമെങ്കിൽ കടുക് ഇടുക. അതിനു ശേഷം നേരത്തെ തയ്യാറാക്കി വച്ച വെളുത്തുള്ളിയും ഇഞ്ചിയും ചെറിയ ഉള്ളിയും മുളകും അതിലേക്ക് ഇടുക. ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി വഴറ്റുക. നല്ല വണ്ണം വെന്ത ശേഷം ഒരു നുള്ള് മഞ്ഞൾപ്പൊടിയും രണ്ട് ടേബിൾ സ്പൂൺ കാശ്മീരി മുളകുപൊടിയും ഉലുവാപ്പൊടിയും ചേർക്കുക. അതാകുമ്പോൾ നല്ല നിറവും കൊഴുപ്പും കിട്ടുന്നതോടൊപ്പം എരിവ് കുറവായിരിക്കും. നാടൻ മുളക് പൊടിയാണെങ്കിൽ ഒരു സ്പൂൺ മതിയാകും. കാൽ ടീസ്പൂൺ കുരുമുളകുപൊടിയും ഇടുക. നല്ല വണ്ണം ഇളക്കിയ ശേഷം ചെറുതായി അരിഞ്ഞ രണ്ട് തക്കാളി ഇടുക.
അതും നന്നായി ഇളക്കി മസാല പിടിച്ചതിനു ശേഷം നേരത്തെ കുതിർത്തു വച്ച പുളി വെള്ളം ഒഴിക്കുക. ഒന്നിളക്കിയതിനു ശേഷം അഞ്ച് മിനിട്ടോളം മൂടി തിളയ്ക്കാൻ വെയ്ക്കുക. അതിനു ശേഷം വെന്തോ എന്നു നോക്കി സ്പൂൺ ഇടാതെ ചട്ടി ഒന്നു ചുറ്റിക്കുക. അല്ലെങ്കിൽ മത്തി ഉടയാൻ സാധ്യതയുണ്ട്. നല്ല മണം വന്നാൽ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് അതിൽ കുറച്ച് കറിവേപ്പില ഇടുക. നമ്മുടെ ആവശ്യത്തിനനുസരിച്ച് കൊഴുപ്പ് കിട്ടാൻ വേണ്ടി ഇനിയും തിളപ്പിക്കാം. ഇനി അത് രുചിച്ചു നോക്കൂ. വളരെ വ്യത്യസ്തമായ ഫ്ലേവർ ആയിരിക്കും നിങ്ങൾക്ക് ലഭിക്കുക. നാടൻ ചട്ടി അടുപ്പിൽ ഇളം തീയിൽ വെക്കുന്നതാണ് ഉത്തമം. ഗ്യാസാണെങ്കിൽ തീ കുറച്ച് വെയ്ക്കുക.