തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് സ്വാദിഷ്ടമായ ഭക്ഷണം വിളമ്പി ‘കുടുംബശ്രീ കൂട്ടായ്മ’

തിരഞ്ഞെടുപ്പ് ദിവസങ്ങളിൽ സംസ്ഥാനം മുഴുവൻ ജോലി ചെയ്ത പോളിങ് ഉദ്യോഗസ്ഥർക്ക് സ്വാദിഷ്ടമായ ഭക്ഷണം വിളമ്പിയത് കുടുംബശ്രീ കൂട്ടായ്മ. പോളിങ് ഉദ്യോഗസ്ഥർക്ക് കൃത്യമായ നേരത്തു ചായയും, ചോറും എല്ലാം റെഡിയാക്കിയത് ഈ കൂട്ടായ്മയായിരുന്നു. 2.1 കോടിയിലേറെ രൂപയാണ് ഭക്ഷണം ഒരുക്കിയതിന് കുടുംബശ്രീയുടെ വരുമാനം.

വിവിധ നിയമസഭാ മണ്ഡലങ്ങളിലായി 161 ഭക്ഷണ വിതരണ കേന്ദ്രങ്ങളും, 128 കാന്റീനുകളുമാണ് തിരഞ്ഞെടുപ്പിനു തലേദിവസവും, വോട്ടിംഗ് ദിവസവും കുടുംബശ്രീ ഒരുക്കിയത്. സംസ്ഥാനത്തെ 3372 കുടുംബശ്രീ യൂണിറ്റുകൾ ഇതിൽ പങ്കാളികളായി.

ആകെയുള്ള 29,156 പോളിംഗ് സ്റ്റേഷനുകളിൽ 14,815 കേന്ദ്രങ്ങളിലും ഭക്ഷണം എത്തിച്ചത് കുടുംബശ്രീ പ്രവർത്തകരാണ്. വിവിധ ജില്ലകളിൽ നിന്നുള്ള 11,636 കുടുംബശ്രീ അംഗങ്ങളാണ് സാധനങ്ങൾ എത്തിച്ചു ഭക്ഷണം തയ്യാറാക്കിയത് മുതൽ വിതരണം ചെയ്യുന്നത് വരെയുള്ള ജോലികൾ ചെയ്തത്. ഇടുക്കി, കോഴിക്കോട്, ജില്ലകളിലാണ് ഏറ്റവുമധികം വിതരണ കേന്ദ്രങ്ങൾ ഉണ്ടായിരുന്നത്. ഇടുക്കിയിൽ 29 വിതരണ കേന്ദ്രങ്ങളും, കോഴിക്കോട് 23 കേന്ദ്രങ്ങളും ആണ് ഉണ്ടായിരുന്നത്. വരുമാനം കൂടുതൽ ലഭിച്ചത് തലസ്ഥാന ജില്ലയിലാണ്. ഏകദേശം 51.2 ലക്ഷത്തോളം രൂപ ലഭിച്ചു.

Similar Posts