തെരുവുനായയുടെ കടിയേറ്റാൽ നഷ്ടപരിഹാരം ലഭിക്കും, ഇക്കാര്യം അറിയാതെ പോകരുത്
ഇരിങ്ങാലക്കുട പാറക്കൽ കിഴക്കേ വീട്ടിൽ ബിജുവിന്റെ നരക ജീവിതത്തിന് ഒരല്പം ആശ്വാസം ആവുകയാണ്. ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി വിധിച്ച 18 ലക്ഷം രൂപ നഷ്ടപരിഹാരത്തുക കിട്ടിയതോടെ ഈ കുടുംബത്തിന് അതൊരു സഹായമായി. നാലുവർഷം മുമ്പ് ജോലികഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്ന ബിജുവിന്റെ ബൈക്കിന് കുറുകെ ഒരു തെരുവുനായ ചാടി വീഴുകയായിരുന്നു. നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞ് തെരുവ് നായയുടെ ആക്രമണത്തിൽ പരിക്ക് പറ്റി ബിജു നട്ടെല്ലിന് ക്ഷതം പറ്റി കിടപ്പിലായി. അന്നുതൊട്ട് ഇന്നോളം ചികിത്സയിലാണ് ബിജു. നാട്ടുകാരുടെ സഹായത്താലാണ് ചികിത്സാചെലവ് അടക്കമുള്ള കാര്യങ്ങൾ 2017 വരെ മുന്നോട്ടുപോയത്. 2017 ൽ ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി 18 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ചത് ബിജുവിനും കുടുംബത്തിനും ഏറെ ആശ്വാസമായി.
ഇതൊടെ ചികിത്സയിലൂടെ ഇന്ന് ബിജു വീടിനുള്ളിൽ നടക്കാവുന്ന അവസ്ഥയിലാണ്. ശസ്ത്രക്രിയക്കായി അമൃത ഹോസ്പിറ്റലിൽ 15 ലക്ഷത്തോളം രൂപ ചെലവഴിച്ചു. ബിജു ഇപ്പോൾ ജീവിതത്തിലേക്ക് മടങ്ങി വരികയാണ്. തെരുവുനായശല്യം രൂക്ഷമായി നാട്ടുകാർ ആക്രമിക്കപ്പെടുന്നത് പതിവ് വാർത്ത ആവുകയാണ്. മൃഗസംരക്ഷണ വകുപ്പും നിയമവും മിണ്ടാപ്രാണികൾക്ക് ഏറെ ആശ്വാസകരമാണെങ്കിലും ഇത്തരം തെരുവുനായശല്യം ജനങ്ങളെ ഏറെ ഭീതിപ്പെടുത്തുന്നുണ്ട്. മനുഷ്യരെപ്പോലെ മൃഗങ്ങളും ഈ ഭൂമിയുടെ അവകാശികളാണെന്ന കാര്യം എല്ലാവർക്കും അറിയാം. തെരുവുനായ് ശല്യം രൂക്ഷം ആകുന്നതോടെ നമ്മൾ മുൻകരുതൽ എടുക്കുക എന്നതാണ് പ്രധാനമായും ചെയ്യേണ്ടത്.
ബിജുവിന്റെയും കുടുംബത്തിന്റെയും കാര്യത്തിൽ സംഭവിച്ചപോലെ തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കുപറ്റി നിരവധി പേർ ചികിത്സ തേടാറുണ്ട്. എന്നാൽ ബിജുവിന്റെ കാര്യത്തിലൂടെ നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേൽക്കുകയോ മറ്റോ ചെയ്താൽ നഷ്ട പരിഹാരം ലഭിക്കാൻ ന്യായമായും അവകാശമുണ്ട് എന്നതാണ്.
കേരളത്തിൽ ഒരു വർഷത്തിൽ ഒരു ലക്ഷത്തിലധികം പേർക്ക് തെരുവുനായ്ക്കളുടെ കടിയേൽക്കുന്നുണ്ട്. ബഹുഭൂരിപക്ഷം പേരും സാധാരണക്കാരാണ്. ഇങ്ങനെ തെരുവ് നായയുടെ ആക്രമണത്തിൽ ഇരയായവർക്ക് നഷ്ടപരിഹാരത്തിനുള്ള മാർഗമാണ് ഇനി നമ്മൾ പറയാൻ പോകുന്നത്. വെള്ളക്കടലാസിൽ ചിലവായ ചികിത്സാചെലവും വാഹന റിപ്പയറിങ്ങിന് ആവശ്യമായി വന്ന തുകയുടെ ബില്ലും സമർപ്പിക്കണം. പരാതി സ്വീകരിക്കപ്പെട്ടു കഴിഞ്ഞാൽ സംഭവം നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനോട് കമ്മിറ്റി വിശദീകരണം തേടും. തുടർന്നാണ് നടപടി. നഷ്ടപരിഹാരത്തുക നിശ്ചയിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനം സുപ്രീം കോടതിയെ അറിയിക്കണം.
സംസ്ഥാനത്തെ തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേൽക്കുന്നവർക്ക് നഷ്ടപരിഹാരം ലഭ്യമാകുന്ന ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി മൂന്ന് അംഗങ്ങളുള്ള ഒരു സമിതിയാണ്. സുപ്രീം കോടതി വിധി പ്രകാരം 2016 ലാണ് കമ്മിറ്റി രൂപംകൊള്ളുന്നത്. ഹെൽത്ത് ഡയറക്ടർ, നിയമ സെക്രട്ടറി എന്നിവരാണ് മറ്റ് രണ്ട് അംഗങ്ങൾ.