തേങ്ങ ചേർക്കാത്ത കിടിലൻ ചട്ണി, ഇതുണ്ടെങ്കിൽ എത്ര ഇഡ്ഡലി വേണമെങ്കിലും കഴിക്കാം

ചട്ണി എന്നു കേൾക്കുമ്പോൾ തന്നെ മലയാളികളുടെ വായിൽ വെള്ളമൂറും. ചൂടു ദോശയും ഇഡലിയുടെയും മസാല ദോശയുടെയും ഒപ്പം ഇത് കഴിക്കാൻ നല്ല രുചിയാണ്. ചട്ണി തന്നെ പല തരമുണ്ട്. തക്കാളി ചട്ണി, തേങ്ങ ചട്ണി, ഉള്ളി ചട്ണി, മല്ലി ചട്ണി എന്നിവ അവയിൽ ചിലത് മാത്രം. ഓരോ സ്ഥലത്തും ഇത് പല രീതിയിൽ ഉണ്ടാക്കുന്നു.

ചട്ണി എന്നു കേൾക്കുമ്പോൾ ആദ്യം മനസിലേക്ക് ഓർമ വരിക തേങ്ങ ചട്ണി യാണ് . ഈ കൊറോണ കാലത്ത് തേങ്ങ കിട്ടാനും പ്രയാസമാണ്.തേങ്ങ ചിരവി അരച്ച് അത് ഉണ്ടാക്കാൻ കുറേ സമയം വേണ്ടി വരും. എന്നാൽ രാവിലെ ധൃതിപിടിച്ച് ജോലിക്ക് പോകുന്ന ആൾക്കാർക്കൊക്കെ ഈ ചട്ണി ഉണ്ടാക്കാൻ വളരെ എളുപ്പമാണ്. തികച്ചും വ്യത്യസ്തമായാണ് ഇത് ഉണ്ടാക്കുന്നത്. ഇതിനു വേണ്ട സാധനങ്ങൾ 2 ടേബിൾ സ്പൂൺ വെളിച്ചെണ്ണ ,സൺ ഫ്ലവർ ഓയിൽ, മീഡിയം സൈസിലുള്ള \ സവാള,3 അല്ലി വെളുത്തുള്ളി, ചെറിയ കഷ്ണം ഇഞ്ചി,2 പച്ചമുളക്,1/2 കപ്പ് ഉഴുന്ന് പരിപ്പ്, ചെറിയ കഷണം പുളി,1/2 ടീസ്പൂൺ കടുക്,വറ്റൽ മുളക്, കറിവേപ്പില, ഒരു നുള്ള് കായപ്പൊടി ഉപ്പ് ആവശ്യത്തിന് എന്നിവയാണ്.

ഇനി തയ്യാറാക്കുന്ന വിധം നോക്കാം. ആദ്യം ഒരു പാനെടുത്ത് അതിൽ സൺ ഫ്ലവർ ഓയിൽ അല്ലെങ്കിൽ വെളിച്ചെണ്ണ ഒഴിക്കുക. 1 മീഡിയം സൈസ് സവാള അരിഞ്ഞത് ഇടുക. വെളുത്തുള്ളിയും ഇഞ്ചിയും പച്ചമുളകും കുറുകെ മുറിച്ചതും ) ഇട്ട് ഇളക്കുക. ബ്രൗൺ നിറം ആവാതിരിക്കാൻ ശ്രദ്ധിക്കണം. ഉള്ളി സോഫ്റ്റ് ആകുന്നതു വരെ വഴറ്റുക. തീ കുറച്ച് വച്ച് അതിൽ ഉഴുന്ന് പരിപ്പ് ചേർക്കുക. വീണ്ടും 2 മിനിട്ട് ഇളക്കുക. പിന്നെ ഇതിൽ ചെറിയ കഷണം പുളിയും ഉപ്പും ചേർക്കുക. കുറച്ച് ഇളക്കിയതിനു ശേഷം തീ ഓഫ് ചെയ്യുക. ഈ മിശ്രിതം ചൂടാറിയിൽ നമുക്ക് ഒരു ജാറിൽ അരച്ചെടുക്കണം. പിന്നെ വേറെ ഒരു കാര്യം, കപ്പലണ്ടി ഉണ്ടെങ്കിൽ അത് വറുത്തിട്ട് ഇതിന്റെ കൂടെ അരയ്ക്കാം.

അപ്പോൾ ഇതിന്റെ രുചി കൂടും. ഇനി അരച്ച മിശ്രിതം ഒരു പാത്രത്തിലേക്ക് മാറ്റുക . നമുക്ക് കറി താളിക്കണം. അതിന് വേണ്ടി ഒരു ചെറിയ പാത്രത്തിൽ 1/2 ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുകും വറ്റൽമുളകും കറിവേപ്പിലയും ഇടുക. കുറച്ച് കായപ്പൊടിയും ചേർക്കാം. പിന്നെ നല്ല ജീരകത്തിന്റെ രുചി ഇഷ്ടമുള്ളവർക്ക് അതും ചേർക്കാം. അങ്ങനെ നമ്മുടെ തേങ്ങ അരക്കാത്ത ചട്ണി റെഡി ആയി. നിങ്ങൾക്ക് ഇത് ദോശയുടെ കൂടെയോ ഇഡ്ഡലിയുടെയോ ഉപ്പ്മാവിന്റെ കൂടെയോ ഒക്കെ കഴിക്കാം. നല്ല ടേസ്റ്റാണ്. തീർത്തും ഈസിയായി ഉണ്ടാക്കാൻ പറ്റുന്ന ഒരു കറിയാണ് ഇത്. നിങ്ങൾ എന്തായാലും പരീക്ഷിച്ചു നോക്കണം.

Similar Posts