നല്ല നാടൻ സ്റ്റൈലിൽ ചെമ്മീൻ ചമ്മന്തി, ഇത് മതി ഒരു പറ ചോറുണ്ണാൻ
പേര് പോലെ തന്നെ തനി നാടൻ രുചിയിലാണ് ഈ ചമ്മന്തി തയ്യാറാക്കുന്നത്. ചമ്മന്തി കഴിക്കാതെ മലയാളികൾ ആരും തന്നെ ഉണ്ടാകില്ല. നമ്മൾ പല തരത്തിൽ ചമ്മന്തി ഉണ്ടാക്കാറുണ്ട്. ഇതിലെ പ്രധാന ചേരുവ നമ്മുടെ തേങ്ങ തന്നെയാണ്. അതിൽ ചേർക്കുന്ന ചേരുവകളിലൂടെയാണ് ചമ്മന്തി എപ്പോഴും വ്യത്യസ്തമാകുന്നത്.
നാടൻ തേങ്ങ ചമ്മന്തി, ചെറിയുള്ളി ചമ്മന്തി, വെള്ള ചമ്മന്തി, വെളുത്തു ള്ളി ചമ്മന്തി തുടങ്ങി പലതരത്തിലും നമ്മൾ ചമ്മന്തി ഉണ്ടാക്കാറുണ്ട്. ഇന്ന് നിങ്ങളെ ഇവിടെ പരിചയപ്പെടുത്തുന്നത് നോൺവെജ് ഐറ്റമായ ചെമ്മീൻ കൊണ്ട് ഉണ്ടാക്കുന്ന നല്ല അസ്സൽ ചമ്മന്തി ആണ്. പുതുതലമുറയ്ക്ക് അന്യം നിന്നു പോകുന്ന ഒരു സൈഡ് ഡിഷ് ആണ് ചമ്മന്തി.
ഇനി ഇത് ഉണ്ടാക്കുന്ന വിധം നോക്കാം. ആദ്യം കുറച്ചു ചെറിയ ചെമ്മീൻ എടുത്ത് വൃത്തിയാക്കി ചെറിയ ചട്ടിയിലിട്ട് ചെറുചൂടിൽ ചൂടാക്കിയെടുക്കുക. അതിന്റെ നിറം ചെറുതായി മാറി വന്നാൽ അത് മറ്റൊരു പാത്രത്തിലേക്ക് മാറ്റി നാല് കായ്മുളക് ചൂടാക്കിയെടുക്കുക. ഇനി ഒരു മിക്സിയുടെ ജാറെടുത്ത് ഈ വറ്റൽ മുളകും ചെറിയ കഷണം ഇഞ്ചിയും നാലോ അഞ്ചോ അല്ലി ചെറിയുള്ളിയും ആവശ്യത്തിന് ഉപ്പും ചേർത്ത് അടിച്ചെടുക്കുക. ഇനി അതിലേക്ക് ഒരു കപ്പ് ചിരകിയ തേങ്ങയും നിറമോ എരിവോ കുറവുണ്ടെങ്കിൽ കുറച്ചു മുളകുപൊടിയും ചേർത്ത് ഒന്നുകൂടി ക്രഷ് ചെയ്ത് എടുക്കുക. ഇനി അതിൽ നേരത്തെ തയ്യാറാക്കി വെച്ച ചെമ്മീനും കറിവേപ്പിലയുമിട്ട് ഒന്നുകൂടി അരച്ചെടുക്കുക. നമ്മുടെ നാടൻ ചമ്മന്തി തയ്യാർ.