നല്ല പഞ്ഞി പോലുള്ളൊരു ഗോതമ്പ് നുറുക്ക് പുട്ട് തയ്യാറാക്കാം

ഗോതമ്പു നുറുക്ക് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഹെൽത്തി ആയിട്ടുള്ളൊരു ഭക്ഷണമാണ്. നല്ലൊരു പോഷകാഹാരം കൂടിയാണിത്. ഗോതമ്പ് നുറുക്ക് കൊണ്ട് ഒരുപാട് വിഭവങ്ങൾ നമ്മൾ ഉണ്ടാക്കാറുണ്ട്. ഗോതമ്പു നുറുക്ക് കൊണ്ട് പുട്ട് ഉണ്ടാക്കുന്ന ഒരു റെസിപ്പിയാണ് ഇവിടെ പറയുന്നത്. സാധാരണ നമ്മൾ അരി, തരി, ഗോതമ്പ്,മുത്താറി എന്നിവ കൊണ്ടൊക്കെയാണ് പുട്ട് ഉണ്ടാക്കാറ്. എന്നാൽ തികച്ചും വ്യത്യസ്തമായി ഗോതമ്പു നുറുക്ക് കൊണ്ട് പഞ്ഞിപോലുള്ള ഒരു പുട്ടുണ്ടാക്കുന്നതിനെപ്പറ്റിയാണ് ഇവിടെ പ്രതിപാദിക്കുന്നത്.

ഇതിന് ഗോതമ്പ് നുറുക്കും തേങ്ങയും 1 ഏലക്കായും ഉപ്പും മാത്രമേ ആവശ്യമുള്ളൂ. 250 ml വരുന്ന ഒരു കപ്പ് ഗോതമ്പു നുറുക്ക് ആണ് വേണ്ടത്. ആദ്യം നമ്മൾ ഒരു പാൻ എടുത്ത് അടുപ്പിൽ വെച്ച് ചൂടാക്കുക. ചൂടായാൽ അതിൽ ഗോതമ്പ് നുറുക്ക് ഇടുക. അത് നന്നായി വറുക്കുക. അപ്പോൾ തന്നെ അതിൽ ഒരു ചെറിയ ഏലക്കായുടെ തോട് കളഞ്ഞ് അതിന്റെ കുരു ഇടുക. അത് ചൂടാകുമ്പോൾ തന്നെ നല്ല മണം വരും. നല്ല മണത്തിന് വേണ്ടിയാണ് ചേർക്കുന്നത്. രണ്ടുമിനിറ്റ് വറുത്താൽ മതിയാകും. അപ്പോഴേക്കും വറവിന്റ മണം വരും. ഇനി വേറൊരു പാത്രത്തിലേക്ക് അതിനെ മാറ്റുക . അതിൽ നിന്ന് ചൂട് മാറിക്കോളും. ഇത് ചൂടാറിയാൽ ഒരു ജാറിലിട്ട് പൊടിച്ചെടുക്കാം. നന്നായി പൊടിയേണ്ട ആവശ്യമൊന്നുമില്ല. തരി തരി പോലെയാണ് വേണ്ടത് . അതിന്റെ കുരു ഒക്കെ കടിക്കാൻ കിട്ടണം. എന്നാലേ ടേസ്റ്റുണ്ടാകൂ.

ആ പൊടി ഇനി ഒരു ബൗളിലിട്ട് വെള്ളമൊഴിച്ച് നന്നായി കഴുകുക.രണ്ട് പ്രാവശ്യമെങ്കിലും കഴുകിയെടുക്കണം. രണ്ടാമത് കഴുകുമ്പോൾ ഒന്നര മിനിറ്റ് ആ വെള്ളത്തിൽ തന്നെ അനക്കാതെ വെയ്ക്കുക. അപ്പോൾ ബാക്കി തരികളൊക്കെ അടിയിലേക്ക് പോകും. എന്നിട്ട് ആ വെള്ളം അരിച്ചു കളയുക. എന്നിട്ട് നമ്മുടെ കൈകൊണ്ട് ഒന്നു കൂടി പിഴിഞ്ഞാൽ മതി. ഈ നനവ് തന്നെ മതി പുട്ടാക്കാൻ , വേറെ വെള്ളം ആവശ്യമില്ല. ഇത് ഒരു പാത്രത്തിലേക്ക് മാറ്റുക. ചില ആളുകൾ പഞ്ചസാരയോ തേങ്ങയോ ചേർക്കാറുണ്ട്. ഇനി സാധാരണ പുട്ടുകുറ്റിയിലോ അല്ലെങ്കിൽ ചിരട്ട പുട്ട് ഉണ്ടാക്കുന്ന സ്റ്റീൽ പാത്രത്തിലെ ഉണ്ടാക്കാം. സാധാരണ പുട്ട് ആക്കുന്നത് പോലെ തന്നെ ആദ്യം തേങ്ങയിട്ട് പിന്നെ ഗോതമ്പ് നുറുക്കിന്റെ പൊടിയിട്ട് പിന്നെയും തേങ്ങയിട്ടു ഉണ്ടാക്കിയാൽ മതി. ഇനി നിങ്ങൾ ചിരട്ട പുട്ടിന്റെ പാത്രത്തിലാണ് ഉണ്ടാക്കുന്നതെങ്കിൽ കുക്കറിന്റെ വെയ്റ്റ് വെയ്ക്കാതെ അതിൽ വെള്ളം തിളപ്പിച്ച് ആവി വരുമ്പോൾ അതിൽ ഈ പാത്രം വെച്ചാൽ മതി. ഇത് വേവാൻ 5 മിനിറ്റെങ്കിലും വേണ്ടി വരും. ഗോതമ്പ് നുറുക്കിന് വേവുള്ളതു കൊണ്ടാണ് ഇത്രയും സമയം വെയ്ക്കേണ്ടി വരുന്നത്. മറ്റുള്ള പുട്ട് പോലെ ഇത് നല്ല പൊടിയായിട്ടല്ലാത്തതു കൊണ്ട് കുറച്ചു സമയം എന്തായാലും വേണം. അങ്ങനെ നമ്മുടെ ഗോതമ്പ് നുറുക്ക് പുട്ട് റെഡിയായി കഴിഞ്ഞു. ഇനി ഒരു പ്ലേറ്റിലേക്ക് മാറ്റാം. ഇത് ഒട്ടും പറ്റി പ്പിടിക്കാതെ സോഫ്റ്റായിട്ട് തന്നെ കിട്ടും.

Similar Posts